തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2067 പേർ രോഗമുക്തരായി. 10 പേർക്ക് കൂടി കോവിഡ് മൂലമുള്ള മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം-352
കോഴിക്കോട്-238
കാസർകോട്-231
മലപ്പുറം-230
പാലക്കാട്-195
കോട്ടയം-189
കൊല്ലം-176
ആലപ്പുഴ-172
പത്തനംതിട്ട-167
തൃശൂർ-162
എറണാകുളം-140
കണ്ണൂർ-102
ഇടുക്കി-27
വയനാട്-25

10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 24ന് മരണമടഞ്ഞ തിരുവനന്തപുരം മലയം സ്വദേശി ഷാജഹാൻ (67), തിരുവനന്തപുരം വെൺപകൽ സ്വദേശി മഹേശ്വരൻ ആശാരി (76), തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനി വിമലാമ്മ (83), കണ്ണൂർ പാനൂർ സ്വദേശി മുഹമ്മദ് സഹീർ (47), ഓഗസ്റ്റ് 19ന് മരണമടഞ്ഞ കോഴിക്കോട് മണിപുരം സ്വദേശി മാമ്മി (70), ഓഗസ്റ്റ് 20ന് മരണമടഞ്ഞ കണ്ണൂർ കുഴുമ്മൽ സ്വദേശി സത്യൻ (53), തിരുവനന്തപുരം വലിയതുറ സ്വദേശി സേവിയർ (50), ഓഗസ്റ്റ് 23ന് മരണമടഞ്ഞ തൃശൂർ വലപ്പാട് സ്വദേശി ദിവാകരൻ (65), ആലപ്പുഴ പഴവീട് സ്വദേശിനി ഫമിനാ ഷെറീഫ് (40), കണ്ണൂർ പടിയൂർ സ്വദേശിനി ഏലിക്കുട്ടി (64) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 267 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 121 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2175 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 193 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 331 പേർക്കും, കോഴിക്കോട് 225 ജില്ലയിൽ നിന്നുള്ള പേർക്കും, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 217 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള 182 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 151 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 164 പേർക്കും, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്നുള്ള 146 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 141 പേർക്കും, എറണാകുളം ജില്ലകളിൽ നിന്നുള്ള 125 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 87 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 22 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 21 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

47 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 13, തൃശൂർ ജില്ലയിലെ 8, എറണാകുളം, കാസർഗോഡ് ജില്ലകളിലെ 6 വീതവും, മലപ്പുറം ജില്ലയിലെ 5, ആലപ്പുഴ ജില്ലയിലെ 3, ഇടുക്കി, കണ്ണൂർ ജില്ലകളിലെ 2 വീതവും, പാലക്കാട്, വയനാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 4 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 623 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 59 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 37 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 130 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 74 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 28 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 90 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 95 പേരുടെയും, പലക്കാട് ജില്ലയിൽ നിന്നുള്ള 56 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 538 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 90 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 44 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 119 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 84 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 22,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,761 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,925 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,75,513 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 18,412 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2465 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,873 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 15,64,783 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,71,641 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ മാറാടി (കണ്ടൈന്മെന്റ് സോൺ വാർഡ് 8), ആലങ്ങാട് (18), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (11), ചമ്പക്കുളം (1), ചെറുതന (സബ് വാർഡ് 5), വെൺമണി (2), തൈക്കാട്ടുശേരി (സബ് വാർഡ് 3, 4), കാടുകുറ്റി (10), കാട്ടൂർ (സബ് വാർഡ് 9), കോലാഴി (6), വയനാട് ജില്ലയിലെ തരിയോട് (സബ് വാർഡ് 5, 6), കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ് (3, 6, 10, 17), പെരളശേരി (4, 5, 7, 8, 9, 16, 18) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഏറാമല (സബ് വാർഡ് 9), ചേന്ദമംഗലം (വാർഡ് 10), ശ്രീമൂലനഗരം (12), കാലടി (14), ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി (7), തൃശൂർ ജില്ലയിലെ മേലൂർ (8), ചേർപ്പ് (സബ് വാർഡ് 4) കട്ടക്കാമ്പൽ (സബ് വാർഡ് 11), കൊല്ലം ജില്ലയിലെ ഇളമ്പൂർ (12), മലപ്പുറം ജില്ലയിലെ അരീക്കോട് (12, 13, 14, 16), എടപ്പാൾ (1, 8, 9, 10, 11, 12, 16, 17, 18, 19), വട്ടംകുളം (12, 13, 14 (സബ് വാർഡ്), മാറാക്കര (1, 20 (സബ് വാർഡ്), മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി (1, 2, 3, 4, 7, 8, 11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 604 ഹോട്ട് സ്പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ

അതിനിർണായക ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സ്ഥിതി അപ്രതീക്ഷിതമല്ല. ലോകത്തിൽ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ. അത് കണക്കിലെടുത്താൽ മറ്റിടങ്ങളെ അപേക്ഷിച്ച് രോഗത്തെ ഉച്ഛസ്ഥായിലെത്താതെ പിടിച്ചുനിർത്താനായി. രാജ്യം ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ്. 75,995 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 47,828 കേസുകളുമായി ബ്രസീൽ രണ്ടാമതാണ്. നമ്മുടെ രാജ്യത്തിലെ സ്ഥിതി ഗുരുതരം. മരണം ഒരു ദിവസം ആയിരത്തിൽ കൂടുതലാണ്. ഇന്നലെ 1017 പേരാണ് രാജ്യത്ത് മരിച്ചത്. ദക്ഷിണേന്ത്യയിലും രോഗവ്യാപനം രൂക്ഷമാണ്. കർണാടകയിൽ മൂന്ന് ലക്ഷം കേസുകളായി. 5107 പേർ മരിച്ചു. തമിഴ്‌നാട്ടിൽ നാല് ലക്ഷം കേസായി. ഏഴായിരം പേർ മരിച്ചു.

കർണാടകത്തിൽ പത്ത് ലക്ഷത്തിൽ 82 പേരും തമിഴ്‌നാട്ടിൽ പത്ത് ലക്ഷത്തിൽ 93 പേരും മരിക്കുന്നു. കേരളത്തിലിത് എട്ട് പേരാണ്. കർണാടകയിലെയോ തമിഴ്‌നാട്ടിലെയും സ്ഥിതിയായിരുന്നുവെങ്കിൽ ആയിരക്കണക്കിന് മരണം സംസ്ഥാനത്തുണ്ടായേനെയെന്ന് മുഖ്യമന്തി.

അയൽ സംസ്ഥാനങ്ങളേക്കാൾ കൂടിയ ജനസാന്ദ്രതയും വയോജനങ്ങളുടെ എണ്ണവും പ്രമേഹവും ഹൃദ്രോഗവും എല്ലാം കേരളത്തിലുണ്ട്. രോഗവ്യാപനവും മരണനിരക്കും പിടിച്ചുനിർത്താനായത് കേരളത്തിലെ ജനങ്ങളുടെ സഹകരണം കൊണ്ടാണ്. സർക്കാർ സംവിധാനങ്ങളുടെ മികച്ച പ്രവർത്തനവും മുഖ്യ പങ്ക് വഹിച്ചു.

ആരോഗ്യ സംവിധാനങ്ങളുടെ ശാക്തീകരണവും ജനപങ്കാളിത്തത്തോടെ ബ്രേക് ദി ചെയിൻ ഫലപ്രദമാക്കലും പരിഗണിക്കുന്നു. രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിച്ചു. ആരോഗ്യമേഖലയെ ശക്തിപ്പെടുത്താൻ അവസരം ലഭിച്ചു. എഫ്എൽടിസി, ലാബുകൾ, കോവിഡ് ആശുപത്രികൾ, പരിശോധനാ സൗകര്യം, ആരോഗ്യപ്രവർത്തകർ, കോവിഡ് ബ്രിഗേഡ് എന്നിങ്ങനെ രോഗം തടയാൻ വേണ്ട സൗകര്യം കൃത്യമായി സജ്ജമാക്കി. എട്ട് മടങ്ങ് രോഗികൾ വർധിച്ചാൽ വരെ ചികിത്സ നൽകാൻ കേരളത്തിനാവും.

ലോക്ക്ഡൗൺ പിൻവലിച്ച് ജീവൻ സംരക്ഷിക്കുന്നതിനൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ട സാഹചര്യം അനിവാര്യമായി. ഇളവുകൾ ഇതിന്റെ ഭാഗമായി നൽകി. ബ്രേക് ദി ചെയിൻ പ്രവർത്തനവും ജാഗ്രതയും ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. ജീവന്റെ വിലയുള്ള ജാഗ്രത മുന്നോട്ട് വെക്കുന്ന സന്ദേശം അതാണ്. ശുചീകരണം, മാസ്‌ക് ധരിക്കൽ എന്നിവയിൽ വിട്ടുവീഴ്ച പാടില്ല. ഓരോ പേരും അവരവരുടെ ചുറ്റും സുരക്ഷാ വലയം തീർക്കണം.

കോവിഡ് നിരുപദ്രവകാരിയല്ലെന്നും മരണനിരക്ക് ഒരു ശതമാനമാണെന്നും രോഗം വന്നാൽ കുഴപ്പമില്ലെന്നും പ്രചാരണം നടക്കുന്നുണ്ട്. ഈ ധാരണ പ്രബലമായാൽ വലിയ അപകടം ഉണ്ടാവും. മൂന്നര കോടി ജനസംഖ്യയുള്ള കേരളത്തിൽ ഒരു ശതമാനം മൂന്നര ലക്ഷമാണ്. അതിന്റെ പകുതിയാണെങ്കിലും വരുന്ന സംഖ്യ എത്രയെന്ന് ചിന്തിക്കണം. അതുപോലെയൊരു സാഹചര്യം അനുവദിക്കാനാവുമോ എന്ന് പ്രചാരണം നടത്തുന്നവർ ആലോചിക്കണം. മരണ നിരക്ക് ചെറുതാണെങ്കിലും രോഗികളുടെ എണ്ണം വർധിക്കുമ്പോൾ മരണവും ആനുപാതികമായി വർധിച്ചേക്കാം.

ചിലർ സ്വീഡനെ മാതൃകയാക്കാൻ പറയുന്നു. അവിടെ പത്ത് ലക്ഷത്തിൽ 575 പേരെന്ന നിലയിലാണ് മരണമുണ്ടായത്. കേരളത്തിന്റെ 100 ഇരട്ടി മരണം ഉണ്ടായി. മരണം ഒഴിവാക്കാനാണ് ശ്രമം. ഓരോരുത്തരുടെയും ജീവൻ വിലപ്പെട്ടതാണ്. ലോകത്ത് തന്നെ കുറവ് മരണനിരക്കുള്ള പ്രദേശമായി കേരളത്തെ നിലനിർത്തണം. അതിന് എല്ലാവരും ദൃഢനിശ്ചയം ചെയ്യണം. ജാഗ്രത കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ട് പോകണം.