തിരുവനന്തപുരം: കോവിഡ് വാക്‌സിന് വേണ്ടി ആരും പണം നൽകേണ്ടി വരില്ല. വാക്‌സീൻ സൗജന്യമായിരിക്കാനാണു സാധ്യത. കമ്പനികളിൽ നിന്നു വാക്‌സീൻ വാങ്ങുന്ന ചെലവ് കേന്ദ്രസംസ്ഥാന സർക്കാരുകൾ വഹിക്കേണ്ടിവരും. കമ്പനികളുമായുള്ള ചർച്ചയ്ക്കു ശേഷമാകും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം. കേന്ദ്ര സർക്കാർ ഇതിന് പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന.

നിലവിൽ സർക്കാർ സംവിധാനത്തിലൂടെ മാത്രമായിരിക്കും വാക്‌സീൻ വിതരണം. ഏപ്രിലോടെ സ്വകാര്യ വിപണിയിലെത്തിക്കാൻ കഴിഞ്ഞേക്കുമെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. ഇതിനു സർക്കാരിന്റെ പ്രത്യേക അനുമതി വേണം. ഈ അനുമതി ഇനിയും നൽകിയിട്ടില്ല. അതുകൊണ്ട് കൂടിയാണ് വാക്‌സിൻ വിതരണം ഈ ഘട്ടത്തിൽ സൗജന്യമായിരിക്കുമെന്ന വിലയിരുത്തൽ എത്തുന്നത്. മുൻകൂർ രജിസ്റ്റർ ചെയ്യാത്തവർക്കു ലഭിക്കില്ല. 2 ഡോസും സ്വീകരിച്ചു കഴിഞ്ഞാൽ ക്യൂആർ കോഡ് സർട്ടിഫിക്കറ്റ് ലഭിക്കും.

വാക്‌സീനെടുക്കാൻ ആരെയും നിർബന്ധിക്കില്ല. എന്നാൽ, വാക്‌സീൻ തന്നെയാണ് നല്ല പ്രതിരോധമെന്നു സർക്കാർ ഓർമിപ്പിക്കുന്നു കോവിഡ് വന്നു പോയവരും വാക്‌സീൻ സ്വീകരിക്കണമെന്നു കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായുള്ള പ്രചരണ പ്രവർത്തനവും നടത്തും. വാക്‌സിന്റെ എടുക്കുമ്പോൾ ചിലർക്കു പനി, തടിപ്പ്, ശരീരവേദന തുടങ്ങിയ നേരിയ വിപരീതഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് കണക്കു കൂട്ടുന്നു. വാക്‌സീൻ വിതരണ കേന്ദ്രത്തിൽ തന്നെ പ്രത്യേക നിരീക്ഷണ സംവിധാനമുണ്ട്. അടിയന്തര സാഹചര്യത്തിൽ 1075, 104 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാനും സൗകര്യമുണ്ടാകും.

രേഖകളിലൊന്നിന്റെ അടിസ്ഥാനത്തിലാകും വാക്‌സീൻ റജിസ്‌ട്രേഷനും വിതരണവും. പ്രായം പരിഗണിക്കുന്നത് നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലും. റജിസ്‌ട്രേഷൻ സമയത്തു നൽകുന്ന അതേ തിരിച്ചറിയൽ കാർഡ് വാക്‌സീനെടുക്കാൻ പോകുമ്പോഴും ഹാജരാക്കണം. അല്ലാത്തപക്ഷം വാക്‌സീൻ നൽകില്ല. അനർഹർ മുൻഗണനാ പട്ടികയിൽ കടന്നു കൂടുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇത്.

ഡ്രൈവിങ് ലൈസൻസ്, തൊഴിൽ മന്ത്രാലയം നൽകിയ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, പാൻ കാർഡ്, ബാങ്ക്, തപാൽ പാസ്ബുക്കുകൾ, പാസ്‌പോർട്ട്, വോട്ടർമാർക്കുള്ള തിരിച്ചറിയൽ കാർഡ്, പെൻഷൻ രേഖ, തൊഴിലുറപ്പു പദ്ധതി കാർഡ്, എംപിമാർക്കും എംഎൽഎമാർക്കും നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെയോ പൊതുമേഖലാ സ്ഥാപനങ്ങളിലെയോ തിരിച്ചറിയൽ കാർഡ്-വാക്‌സിൻ സ്വീകരിക്കുന്നതിന് നിർബന്ധമാകും.

രാജ്യത്ത് കോവിഡ് വാക്സിൻ വിതരണത്തിന്റെ ഭാഗമായുള്ള മോക് ഡ്രിൽ ഇന്ന് നടക്കും. മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡിനെതിരായ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കോവിഷീൽഡിന് അനുമതി നൽകണമെന്ന് ഉന്നതധികാര സമിതി സർക്കാരിനോട് ശിപാർശ ചെയ്തു. കോവിഡ് വാക്‌സിൻ വിതരണ സംവിധാനം, വിവരങ്ങൾ അപ്‌ലോഡ് ചെയ്യൽ, വാക്‌സിനുകൾ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ, വാക്‌സിൻ കുത്തി വെക്കുന്നതിനുള്ള പരിശീലനം, ബ്ലോക്ക്-ജില്ല-സംസ്ഥാനതല യോഗങ്ങളിലെ റിപ്പോർട്ടിങ്, അവലോകനം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മോക്ഡ്രില്ലിൽ നടക്കുക. മോക്ഡ്രിൽ പൂർത്തിയാകുന്നതോടെ വാക്സിൻ വിതരണത്തിന് രാജ്യം ഒരുങ്ങും.

അതേസമയം കോവാക്സിൻ ഇന്ത്യയിൽ അടിയന്തിരമായി ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ ശുപാർശ ചെയ്തു. ഇക്കാര്യം പരിഗണിച്ചു ഔദ്യോഗിക പ്രഖ്യാപനം സർക്കാർ നടത്തിയേക്കും. ഓസ്ഫർഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രാ സെനക്കയും ചേർന്നു വികസിപ്പിച്ച കോവി ഷീൽഡ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയിൽ ഉത്പാദനം നടത്തുന്നത്. സാധാരണ ഫ്രിഡ്ജിന്റെ അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കാവുന്ന വാക്സിൻ ആണ് കോവിഷീൽഡ് എന്നത് ഇന്ത്യയെ സംബന്ധിച്ച് സംഭരിക്കാൻ എളുപ്പമാകും. മറ്റ് വാക്സിനുകളെ അപേക്ഷിച്ചു വിലയും കുറവാണ്. ഇത് പരിഗണിച്ചാണ് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെ ശുപാർശ.

അതിനിടെ ഫൈസർ-- ബയോൺടെക് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ലോകാരോഗ്യ സംഘടനയും രംഗത്തു വന്നു. ഔഷധ നിയന്ത്രണ സംവിധാനമുള്ള രാജ്യങ്ങൾ വാക്‌സിൻ ഉപയോഗത്തിന് പ്രത്യേക അനുമതി നൽകണം. ബ്രിട്ടൻ, അമേരിക്ക, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തുടങ്ങിയവ ഇതിനകം അനുമതി നൽകിക്കഴിഞ്ഞു. എന്നാൽ, സ്വന്തം നിയന്ത്രണ സംവിധാനമില്ലാത്ത രാജ്യങ്ങൾ വാക്സിൻ ഉപയോഗത്തിന് ഡബ്ല്യുഎച്ച്ഒ അനുമതിയെയാണ് ആശ്രയിക്കുന്നത്.

തങ്ങളുടെ പരിശോധനയിൽ വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമായി തെളിഞ്ഞെന്ന് വ്യാഴാഴ്ച വൈകി നടത്തിയ പ്രഖ്യാപനത്തിൽ ഡബ്ല്യുഎച്ച്ഒ പറഞ്ഞു. വളരെ താഴ്ന്ന താപനിലയിൽ സൂക്ഷിക്കണമെന്നത് വികസ്വര രാജ്യങ്ങൾക്ക് വെല്ലുവിളിയായേക്കും. പരിഹരിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.