- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിതർക്കും ലക്ഷണമുള്ളവർക്കും വാക്‌സിൻ നൽകില്ല; കുട്ടികൾക്കും കുത്തിവയ്പ്പിൽ; കാൻസർ അടക്കമുള്ള ഗുരുതര രോഗമുള്ളവർക്കും ഡോസ് കൊടുക്കും; വാക്‌സിൻ സൂക്ഷിക്കാനുള്ള കോൾഡ് ബോക്സുകളും സുസജ്ജം; രജിസ്ട്രേഷൻ നടപടികളിൽ ഉടൻ വ്യക്തത വരുത്തും; കൊറോണയെ തുരത്താൻ കേരളവും
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്‌സിൻ വിതരണത്തിനുള്ള നടപടികളെല്ലാം അന്തിമ ഘട്ടത്തിൽ. വാക്‌സീൻ സ്വീകരിക്കേണ്ട ആരോഗ്യപ്രവർത്തകരുടെയും കോവിഡ് പോരാളികളുടെയും റജിസ്‌ട്രേഷൻ അതതു സ്ഥാപനങ്ങൾ വഴിയായിരിക്കും. മുൻഗണനാ വിഭാഗത്തിലുള്ളവരെ കണ്ടെത്തി റജിസ്‌ട്രേഷൻ നടത്തുന്നതിനും ആരോഗ്യവകുപ്പ് നടപടിയുണ്ടാകും. ഈ നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ ഉടൻ പ്രഖ്യാപിക്കും.
കോവിഡ് ബാധിതനായിരിക്കുമ്പോഴോ ലക്ഷണങ്ങൾ ഉള്ളപ്പോഴോ വാക്‌സീൻ പാടില്ലെന്നു നിർദേശമുണ്ട്. വൈറസ് മുക്തനായി രണ്ടാഴ്ചയ്ക്കു ശേഷം സ്വീകരിക്കാം. ഗുരുതര രോഗമുള്ളവർക്കും വാക്‌സിൻ നൽകും. കാൻസർ, പ്രമേഹം, രക്താതിമർദം തുടങ്ങിയ രോഗങ്ങൾക്കു മരുന്നു കഴിക്കുന്നവർ വാക്‌സീനെടുക്കാൻ മടിക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തൽക്കാലം കുട്ടികൾക്ക് വാക്‌സിൻ നൽകില്ല. 18 വയസ്സിനു മുകളിലുള്ളവർക്കു മാത്രമാകും കുത്തിവയ്‌പ്പ്. കുട്ടികളിൽ വാക്‌സീൻ പരീക്ഷണവും നടന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇത്.
കേരളം എല്ലാ അർത്ഥത്തിലും സജ്ജമാണ്. വിമാനത്തിൽ വലിയ കോൾഡ് ബോക്‌സുകളിൽ വാക്‌സീൻ എത്തിക്കും. 48 മണിക്കൂറിനകം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രധാന സംഭരണ കേന്ദ്രങ്ങളിൽ സൂക്ഷിക്കും. അവിടെ നിന്ന് ഇൻസുലേറ്റഡ് വാനുകളിൽ ജില്ല വാക്‌സീൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോകും. അവിടെ വാക് ഇൻ കൂളർ, ഐസ് ലൈൻ റഫ്രിജറേറ്റർ എന്നിവയിൽ സൂക്ഷിക്കും.
ഇവിടെ നിന്നു ആശുപത്രികളിലേക്കു കൊണ്ടുപോകും. അവിടെയും ഐസ് ലൈൻ റഫ്രിജറേറ്റർ ഉണ്ടാകും. വാക്‌സീൻ കാരിയറിലാണു വിതരണ സ്ഥലത്ത് എത്തിക്കുക. ഉൽപാദന കേന്ദ്രം മുതൽ കുത്തിവയ്ക്കുന്നതുവരെ വാക്‌സീന്റെ താപനില 2 മുതൽ 8 ഡിഗ്രി വരെയായിരിക്കണം. വാക്‌സീൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്തവർക്ക് മൊബൈലിൽ സന്ദേശം നൽകും. വാക്‌സീൻ കേന്ദ്രം, ദിവസം, സമയം എന്നിവയാണു സന്ദേശത്തിലുള്ളത്. സർക്കാർ അംഗീകൃത രേഖ ഹാജരാക്കണമെന്നും ഓർമിപ്പിക്കും.
വാക്‌സീൻ എടുക്കാൻ വരുന്നവർ സാമൂഹിക അകലം പാലിക്കുന്നതിനു വേണ്ടി ആറടി അകലത്തിൽ വരച്ചിട്ടുള്ള വൃത്തത്തിനുള്ളിൽ നിൽക്കണം. വാക്‌സീൻ എടുക്കേണ്ടവരുടെ മൊബൈൽ ഫോണിലെ സന്ദേശം നോക്കിയശേഷം രജിസ്റ്ററുമായി ഒത്തുനോക്കും. തിരിച്ചറിയൽ രേഖ പരിശോധിക്കും. അതിന് ശേഷമാകും കുത്തിവയ്‌പ്പ്.
വാക്‌സീൻ എടുത്തവർ പ്രത്യേക മുറിയിൽ 30 മിനിറ്റ് ഇരിക്കണം. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടോയെന്നു കണ്ടെത്താൻ വേണ്ടിയാണ് ഇത്. ഇവിടെ സാമൂഹിക അകലം നിർബന്ധമാക്കും.
മറുനാടന് മലയാളി ബ്യൂറോ