- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രയലിൽ വൊളന്റിയർമാരിൽ ആർക്കും രാജ്യത്ത് ഗുരുതര പാർശ്വഫലങ്ങളുണ്ടാക്കിയിട്ടില്ല; ഫലപ്രാപ്തി കിട്ടാൻ രണ്ട് ഡോസും നിർബന്ധം; സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കു വാക്‌സീൻ വിതരണം 133 കേന്ദ്രങ്ങളിൽ; വാക്സിനേഷന് കേരളം പൂർണ്ണ സജ്ജം; തീയതി നാളെ അറിയാമെന്ന് പ്രതീക്ഷ
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വാക്‌സിൻ കുത്തി വയ്‌പ്പിൽ നാളെ തീരുമാനം ഉണ്ടാകും. വാക്‌സീൻ എപ്പോൾ കേരളത്തിലെത്തുമെന്ന് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ അറിയാനാകുമെന്നാണ് പ്രതീക്ഷ. അതിവഗം വാക്‌സിൻ വിതരണത്തിന് കേരളം സജ്ജമായി കഴിഞ്ഞു. സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കു വാക്‌സീൻ വിതരണം 133 കേന്ദ്രങ്ങളിൽ. എറണാകുളത്തു പന്ത്രണ്ടും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 വീതവും മറ്റു ജില്ലകളിൽ 9 വീതവും കേന്ദ്രങ്ങളുണ്ടാകും.
തുടർന്ന് 50 വയസിന് മുകളിലുള്ളവർക്കും 50 വയസിന് താഴെ രോഗാവസ്ഥയുള്ളവർക്കുമാണ് രണ്ടാം ഘട്ടത്തിൽ നൽകുന്നത്. ഏതാണ്ട് 27 കോടിയോളം പേർക്കാണ് ഇത്തരത്തിൽ വാക്‌സിൻ നൽകുകയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ അംഗീകരിച്ചിരിക്കുന്ന വാക്‌സീനുകളുടെ ട്രയൽ, വൊളന്റിയർമാരിൽ ആർക്കും ഗുരുതര പാർശ്വഫലങ്ങളുണ്ടാക്കിയിട്ടില്ല.
അതുകൊണ്ടുതന്നെ ഇന്ത്യയിൽ നിലവിൽ അടിയന്തരാനുമതി നൽകിയിരിക്കുന്ന വാക്‌സീനുകൾ (കോവിഷീൽഡും കോവാക്‌സീനും) സ്വീകരിക്കാൻ ആരും മടിക്കേണ്ടതില്ലെന്ന വ്യക്തമായ സൂചന സർക്കാർ നൽകുന്നു. കുത്തിവയ്പുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടായാൽത്തന്നെ നേരിടാൻ കേന്ദ്രസർക്കാർ പ്രത്യേക മാർഗനിർദേശവും പുറത്തിറക്കിയിട്ടുണ്ട്.
ഇതെല്ലാം പാലിച്ചാകും കേരളത്തിലും വാക്‌സിൻ വിതരണം. ഒരു കേന്ദ്രത്തിൽ 100 പേർ എന്ന ക്രമത്തിൽ ദിവസവും 13,300 പേർക്കു വാക്‌സീൻ നൽകും. സമയം രാവിലെ 9 മുതൽ 5 വരെ. സർക്കാർ മേഖലയിലെ അലോപ്പതി, ആയുഷ് ആരോഗ്യ കേന്ദ്രങ്ങളും സ്വകാര്യ ആശുപത്രികളുമാണ് കുത്തിവയ്‌പ്പു കേന്ദ്രങ്ങൾ. കേരളത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 3,54,897 ആരോഗ്യപ്രവർത്തകർ സർക്കാർ ആശുപത്രികളിലെ 1,67,751 പേരും സ്വകാര്യ ആശുപത്രികളിലെ 1,87,146 പേരും. ആശ പ്രവർത്തകർ, ആംബുലൻസ് ജീവനക്കാർ, വയോമിത്രം പദ്ധതി ജീവനക്കാർ, അങ്കണവാടി ജീവനക്കാർ എന്നിവരുടെ റജിസ്‌ട്രേഷനും മുമ്പാട്ടു പോകുകയാണ്.
വാക്‌സിനേഷൻ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാർക്കായി ഇന്ന് ഓൺലൈൻ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചതായി മന്ത്രി അറിയിച്ചു. എല്ലാ ഉദ്യോഗസ്ഥർക്കും വാക്‌സിനേഷൻ ഏത് രീതിയിലാണ് നടപ്പിലാക്കുന്നതെന്നും, എന്തൊക്കെ നിർദേശങ്ങളാണ് ജീവനക്കാർക്ക് നൽകേണ്ടത് എന്നും വിശദീകരിക്കുകയാണ് വർക്ക്‌ഷോപ്പിലെ പ്രധാന ഉദ്ദേശം. വാക്‌സിൻ സൂക്ഷിക്കാൻ തയ്യാറാക്കിയിട്ടുള്ള കോൾഡ് സ്റ്റോറേജ് പ്രവർത്തനങ്ങൾ, വാക്‌സിനേഷൻ എടുക്കുമ്പോൾ ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ശിൽപ്പശാലയിൽ വിശദീകരിച്ചു.
ആരോഗ്യ വകുപ്പിന്റെ ഏകോപനത്തിൽ ആരോഗ്യകേരളം, ജില്ല ഭരണകൂടം, ആശുപത്രികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തോടെ മാത്രമേ വാക്‌സിനേഷൻ മികച്ചരീതിയിൽ പൂർത്തിയാക്കാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം വാക്സിൻ കുത്തിവെപ്പിനുള്ള ഡ്രൈ റൺ (മോക് ഡ്രിൽ) വിജയകരമായി പൂർത്തിയാക്കിയിരുന്നു. എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റൺ നടന്നത്.
കേന്ദ്രസർക്കാരിന്റെ മാർഗനിർദേശ പ്രകാരം വിവിധ ഘട്ടങ്ങളായാണു വാക്‌സിനേഷൻ നടക്കുക. ആദ്യഘട്ടത്തിൽ 30 കോടിയാളുകൾക്കാണ് വാക്‌സീൻ നൽകുക. ഇവരിൽ ഒരു കോടി ആരോഗ്യപ്രവർത്തകരും 2 കോടി കോവിഡ് മുന്നണിപ്പോരാളികളും കഴിഞ്ഞാൽ 27 കോടിയും മുതിർന്ന പൗരന്മാരും 50 വയസ്സിൽ താഴെയുള്ള പ്രമേഹം, ഹൃദ്രോഗം, അർബുദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരുമാണ്. കോവാക്‌സീന്റെ മൂന്നാംഘട്ട പരീക്ഷണത്തിൽ ആരോഗ്യപ്രവർത്തകരോടൊപ്പം ഈ 'ഹൈ റിസ്‌ക്' വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിയിരുന്നു. പരീക്ഷണഫലവും വെവ്വേറെ വിഭാഗങ്ങളായി തിരിച്ചു പഠനവിധേയമാക്കിയിരുന്നു.
രണ്ടു ഡോസും എടുത്തെങ്കിലേ വാക്‌സീനു ഫലപ്രാപ്തിയുണ്ടാകൂ. രണ്ടാമത്തെ ഡോസ് എടുത്തു 14 ദിവസത്തിനു ശേഷമേ സുരക്ഷ കൈവരൂ. വാക്‌സീനുകൾ ഒന്നും 100% ഫലപ്രദമല്ലാത്തതിനാൽ വാക്‌സീൻ എടുത്തതിനു ശേഷമുള്ള മാർഗനിർദേശങ്ങൾ പിന്തുടരുകയും വേണം. ഭാരത് ബയോടെക് പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോർട്ട് പ്രകാരം പരീക്ഷണത്തിൽ പങ്കെടുത്തവരിൽ 10% പേരിൽ മാത്രമാണ് നിസ്സാര പാർശ്വഫലങ്ങൾ കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ