തിരുവനന്തപുരം: കേരളം അടുത്ത അഞ്ചു കൊല്ലം ആരു ഭരിക്കുമെന്ന് മെയ്‌ രണ്ടിന് വ്യക്തമാകും. ആരു ഭരിച്ചാലും അവർക്ക് മുമ്പിൽ ആദ്യ ഭീഷണി കോവിഡ് തന്നെയാകും. കോവിഡിനെ പിടിച്ചു കെട്ടാൻ കടുത്ത നടപടികൾ തന്നെ അടുത്ത മാസം വേണ്ടി വരും. അതിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സ്‌കൂളുകൾ പോലും ജൂണിൽ തുറക്കാൻ കഴിയാത്ത സ്ഥിതി. ഇങ്ങനെ കാര്യങ്ങൾ പോയാൽ സമ്പൂർണ്ണ ലോക്ഡൗൺ പോലും ചിന്തിക്കേണ്ടി വരും. വാക്‌സിനേഷൻ എത്തിയിട്ടും ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും രോഗമെത്തുന്നുവെന്നതും ആശങ്ക കൂട്ടുന്നു.

പലയിടത്തും കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുന്നതിന്റെ സൂചനകളുമായി ക്ലസ്റ്ററുകൾ രൂപപ്പെട്ടുതുടങ്ങി. സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ഇൻസ്റ്റിറ്റിയൂഷനൽ ക്ലസ്റ്ററുകളാണു രൂപപ്പെട്ടു തുടങ്ങിയത്. ഇതോടെ ആരോഗ്യവകുപ്പ് നടപടികൾ കടുപ്പിച്ചു. കൂടുതൽ പേർക്കു കോവിഡ് സ്ഥിരീകരിക്കുന്ന മേഖലകൾ കണ്ടെയ്ന്മെന്റ് സോണാക്കി നിയന്ത്രണങ്ങൾ കർശനമാക്കും. ഇപ്പോൾ അനുവദിക്കുന്ന ഇളവുകൾ നിയന്ത്രിക്കും. ഇനിയുള്ള ആഴ്ചകളിൽ രോഗ വ്യാപനം കൂടുമെന്നാണ് ആശങ്ക.

കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. കടകളും ഹോട്ടലുകളും രാത്രി 9 മണിക്കകം അടയ്ക്കണം. തുറന്ന വേദികളിലെ പരിപാടികളിൽ പരമാവധി 200 പേർ മാത്രമേ പങ്കെടുക്കാവൂ. പൊതുപരിപാടികൾക്കു പരമാവധി സമയം 2 മണിക്കൂർ. കല്യാണം ഉൾപ്പെടെ ഹാളുകളിലെ പരിപാടിക്ക് 100 പേർക്കു മാത്രം അനുമതി. കൂടുതൽ പേരെ പങ്കെടുപ്പിക്കണമെങ്കിൽ ആർടിപിസിആർ പരിശോധനാ റിപ്പോർട്ട് വേണം. 2 ഡോസ് വാക്‌സീനും എടുത്തവർക്കു പരിപാടികളിൽ പങ്കെടുക്കാൻ നിയന്ത്രണമുണ്ടാകില്ല.

ഹോട്ടലുകളിൽ പകുതി സീറ്റുകളിൽ മാത്രം പ്രവേശനം. ഷോപ്പിങ് ഫെസ്റ്റിവലുകൾ നിരോധിച്ചു. പൊതുപരിപാടികളിൽ ഭക്ഷണം വിളമ്പാൻ അനുവദിക്കില്ല. പകരം ഫുഡ് പായ്ക്കറ്റ് നൽകാം. കല്യാണങ്ങൾക്കു നിയന്ത്രണങ്ങളോടെ സദ്യ നടത്താം. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഉത്തരവ് ഇന്നിറങ്ങും. ഇതൊന്നും കോവിഡിനെ പിടിച്ചു കെട്ടിയില്ലെങ്കിൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ വേണ്ടി വരും.

വിൽപനശാലകളിൽ സാമൂഹിക അകലം നിർബന്ധമാക്കി. ലംഘിക്കുന്നവർക്കെതിരെ കൂടുതൽ നടപടി ഉണ്ടാകും. വസ്ത്രവിൽപന ശാല, ജൂവലറി, ഭക്ഷണശാലകൾ, മാളുകൾ, മാർക്കറ്റ് എന്നിവിടങ്ങളിലെല്ലാം നിയന്ത്രണം ബാധകമാണ്. മാസ്‌ക് ധരിക്കാത്തവർക്കെതിരെയും താഴ്‌ത്തി വയ്ക്കുന്നവർക്കെതിരെയും കർശന നടപടി ഉണ്ടാകും. സൗജന്യ കോവിഡ് പരിശോധനയ്ക്കായി മൊബൈൽ ടെസ്റ്റിങ് യൂണിറ്റുകൾ സജ്ജമാക്കും. സാംപിൾ ശേഖരിച്ച് 24 മണിക്കൂറിനുള്ളിൽ ഫലം അറിയാനാകും. വ്യവസായ കേന്ദ്രങ്ങളിൽ എല്ലാം പരിശോധന ശക്തമാക്കും.

കേരളത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 12.53% ആയി ഉയർന്നു. ഞായറാഴ്ച അവധി ദിനമായതിനാൽ പരിശോധനകളുടെ എണ്ണം 45,417 ആയി കുറഞ്ഞിട്ടും 5692 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 മരണം കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4794 ആയി. ഇന്നലെയും ഏറ്റവുമധികം പേർ പോസിറ്റീവായത് കോഴിക്കോട് ജില്ലയിലാണ് 1010 പേർ. കോഴിക്കോട് സ്ഥിതി നിയന്ത്രണാതീതമാണ്. അതുകൊണ്ട് തന്നെ ഇവിടെ നിയന്ത്രണങ്ങൾ വിഷുവിന് ശേഷം കർശനമാക്കും.

കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ജൂണിൽ സ്‌കൂൾ തുറക്കുന്നത് അനിശ്ചിതത്വത്തിൽ. മെയ്‌ പകുതിയോടെ അന്തിമ തീരുമാനം എടുക്കുമെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.