തിരുവനന്തപുരം: കോവിഡ് കേസുകൾ ഉയർന്നാൽ സംസ്ഥാനത്തും ലോക്ഡൗൺ വേണ്ടി വരുമെന്ന നിഗമനത്തിലേക്ക് സർക്കാർ. എന്നാൽ അടിയന്തര സാഹചര്യം ഉണ്ടായാൽ മാത്രമേ ലോക്ഡൗൺ പ്രഖ്യാപിക്കൂ. രാത്രികാല കർഫ്യൂവും പരിഗണനയിലുണ്ട്. അതിനിടെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ഉയരുന്ന തദ്ദേശ സ്ഥാപന മേഖലയിൽ കലക്ടർമാർക്കു 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഈ മേഖലയിൽ നടപ്പാക്കും.

വിഷു ആഘോഷങ്ങൾ കഴിയുന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കും. തെരഞ്ഞെടുപ്പ് പ്രചരണമാണ് കേരളത്തിൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. കോവിഡിന്റെ കണക്കിൽ ഇന്ത്യയും ലോകരാജ്യങ്ങളെ ഞെട്ടിച്ച് മുന്നോട്ട് പോവുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം ഒന്നരലക്ഷം വരെയായി. ഈ സാഹചര്യത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാരും കാണുന്നത്. അതിശക്തമായ നടപടികൾ വേണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ദുരന്തനിവാരണ വകുപ്പ് ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ് ഈ അനുമതി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ വിശദാംശങ്ങളും ഉത്തരവിലുണ്ട്. ഈ മാസം 30 വരെയാണ് നിയന്ത്രണങ്ങൾ. നിലവിലെ രോഗ വ്യാപനത്തിന്റെ തോത് പിടിച്ചു നിർത്താനായില്ലെങ്കിൽ അടുത്ത മാസത്തോടെ കർശന നിയന്ത്രണങ്ങൾ നടപ്പാക്കേണ്ടി വരും. മെയ്‌ രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനമാണ്. വിജയാഹ്ലാദങ്ങൾ ജനകൂട്ടമായി മാറിയാൽ ആശങ്ക കൂടും. ഇതൊഴിവാക്കാനുള്ള നിർദ്ദേശവും രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പിൽ വയ്ക്കും. പ്രതിദിന കേസുകൾ പതിനായിരം കടക്കുമോ എന്ന ആശങ്ക ശക്തമാണ്.

ഈ മാസം അവസാനം വരെ കർശന നിയന്ത്രണം തുടരും. അടച്ചിട്ട ഹാളുകളിൽ നടക്കുന്ന വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിലും പരിപാടികളിലും പരമാവധി 100 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. തുറസ്സായ സ്ഥലങ്ങളിലാണെങ്കിൽ 200 പേർ വരെയാകാം. നിശ്ചിത പരിധിയിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കണമെങ്കിൽ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. വാക്‌സീൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് ഉള്ളവർക്കും അധികമായി പങ്കെടുക്കാം. വിവാഹം, മരണാനന്തര ചടങ്ങ്, സാംസ്‌കാരിക പരിപാടി, കായിക പരിപാടി, ഉത്സവങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം ഇതു ബാധകമായിരിക്കും. ഏതുതരം ചടങ്ങുകളും പരിപാടികളും 2 മണിക്കൂറിനകം അവസാനിപ്പിക്കണം. പരിപാടികളിൽ കഴിവതും ഭക്ഷണം വിളമ്പൽ ഒഴിവാക്കണം; പാഴ്സലോ ടേക്ക് എവേ രീതിയോ സ്വീകരിക്കണം.

പരിശോധന വർധിപ്പിച്ചതിനെ തുടർന്നു കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി (ടിപിആർ) നിരക്കിൽ നേരിയ കുറവുണ്ടായി. 10.53% ആണ് ഇന്നലെയുള്ള കണക്ക്. 73,441 സാംപിളുകൾ പരിശോധിച്ചപ്പോൾ 7515 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച 45,417 സാംപിളുകൾ പരിശോധിച്ചപ്പോൾ ടിപിആർ 12.53% ആയിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ആയിരത്തിലേറെ പോസിറ്റീവുമായി കോഴിക്കോട് ജില്ലയായിരുന്നു ഒന്നാമത്. ഇന്നലെ ആയിരം കടന്ന് ഒന്നാമത് എറണാകുളം ജില്ലയാണ് (1162). രണ്ടാമത് കോഴിക്കോട്; 867.

കോവിഡ് ബാധിച്ചു ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമാണെന്നു മെഡിക്കൽ ബോർഡ് അറിയിച്ചു. ലക്ഷണങ്ങളൊന്നും ഇതുവരെയില്ല. മുഖ്യമന്ത്രിക്കു നാളെ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തും. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. കോവിഡിനൊപ്പം അദ്ദേഹത്തിനു ന്യൂമോണിയ ബാധിച്ചിരുന്നു. ഇന്നു മുറിയിലേക്കു മാറ്റാനാകുമെന്നു സൂപ്രണ്ട് എം.എസ്.ഷർമദ് പറഞ്ഞു.