- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ തരംഗത്തിൽ ഇരട്ടിയാകാൻ എടുത്തത് 14 ദിവസം; രണ്ടാം വരവിൽ അയ്യായിരത്തിൽ നിന്ന് പതിനായിരത്തിലേക്ക് എത്തിയത് ഏഴ് ദിവസം കൊണ്ട്; ഒരാഴ്ചയ്ക്കുള്ളിൽ രോഗികൾ പ്രതിദിനം 20,000 ആകുമെന്ന് ആശങ്ക; വൈറസിനെ പിടിച്ചു കെട്ടാനായില്ലെങ്കിൽ കേരളത്തിൽ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രതിസന്ധി
തിരുവനന്തപുരം: ഇനി കണ്ടൈന്മെന്റ് സോണിലെല്ലാം നിരോധനാജ്ഞയ്ക്ക് സാധ്യത. സംസ്ഥാനത്തു പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 2 ആഴ്ചയ്ക്കകം 20,000 വരെ എത്തുമെന്നാണ് സർക്കാർ തന്നെ പ്രതീക്ഷിക്കുന്നത്. ഏറെ കാലം കോവിഡ് വ്യാപന തോത് കുറയാതെ നിന്നാൽ കോവിഡ് പ്രതിസന്ധി അതിരൂക്ഷമാകും. അതുകൊണ്ട് തന്നെ രാത്രികാല കർഫ്യൂ അടക്കം സർക്കാർ പരിഗണിക്കുന്നുണ്ട്. വീണ്ടും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ കോവിഡ് ബാധിച്ച തരത്തിലാണ് കോവിഡിന്റെ യാത്ര.
സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ 5,000 കടന്നത് കഴിഞ്ഞ സെപ്റ്റംബർ 23നാണ്. 14 ദിവസത്തിനു ശേഷം ഒക്ടോബർ ഏഴിനു 10,000 കടന്നു. രണ്ടാം വ്യാപനത്തിൽ ഈമാസം ഒൻപതിനാണു കേസുകൾ 5000 കടന്നത്. 7 ദിവസം കൊണ്ടു കേസുകൾ ഇരട്ടിയായി. ഇപ്പോഴുള്ള വ്യാപനത്തിന്റെ തീവ്രത അതി തീവ്രമാണ്. ഇത് സംസ്ഥാന സർക്കാരിനേയും ആശങ്കയിലാക്കുന്നുണ്ട്.
കോവിഡ് ബാധിതർ 20,000 വരെ എത്തിയാലും ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ ലഭ്യമാക്കാനാവും. ഈ തോത് ഒരാഴ്ചയ്ക്കകം കുറഞ്ഞുവന്നില്ലെങ്കിൽ ചികിത്സാ സംവിധാനങ്ങൾ അവതാളത്തിലാകും. ഈ സാഹചര്യത്തിൽ ഇതര രോഗങ്ങൾ ബാധിച്ചവരുടെ ചികിത്സ കൂടി മുടങ്ങാൻ സാധ്യതയുണ്ടാകും. ആദ്യഘട്ടത്തിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ കേരളം രാജ്യത്തു രണ്ടാമത് എത്തിയെങ്കിലും മരണനിരക്കു ഉയരാതെ നിർത്താനായത് ആശ്വാസമായിരുന്നു. ഇത്തവണ എന്തും സംഭവിക്കാമെന്നതാണ് വിലിയുരത്തൽ.
കോവിഡ് ബാധിതരുടെ പ്രതിദിന കണക്ക് 15,000 ൽ എത്തുന്നതു മറികടക്കാനാണു 2 ദിവസം കൊണ്ടു 2.50 ലക്ഷം പേരെ പരിശോധിക്കാൻ തീരുമാനിച്ചത്. ഒറ്റയടിക്ക് ഒട്ടേറെപ്പേരെ പരിശോധിച്ചു വൈറസ് ബാധിതരെ ക്വാറന്റീനിൽ പാർപ്പിച്ചാൽ വ്യാപനം കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ. എന്നാൽ പുതുതായി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ (സിഎഫ്എൽടിസി) ആരംഭിക്കില്ല. പകരം എല്ലാ ജില്ലകളിലും കൂടുതൽ സർക്കാർ ആശുപത്രികളെ കോവിഡ് ആശുപത്രികളാക്കി മാറ്റും. സിഎഫ്എൽടിസികളിൽ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ചു ചികിത്സ നടത്തുക അസാധ്യമാണെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ 2714 ഐസിയുകളിൽ 1405 ലും രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 458 പേർ കോവിഡ് ബാധിതരും 947 പേർ ഇതരരോഗ ബാധിതരുമാണ്. വെന്റിലേറ്ററുകൾ 1423. ഇതിൽ 162 ൽ കോവിഡ് ബാധിതരെയും 215 ൽ ഇതര രോഗങ്ങളുള്ളവരെയും പ്രവേശിപ്പിച്ചിരിക്കുന്നു. 1046 എണ്ണം ഒഴിഞ്ഞു കിടക്കുന്നു. രോഗ വ്യാപനം കൂടിയാൽ ഇതെല്ലാം നിറയും. ഇതോടെ പ്രതിസന്ധിയും അതിരൂക്ഷമാണ്.
സ്വകാര്യ ആശുപത്രികളിലെ 6213 ഐസിയുകളിൽ 286 എണ്ണത്തിൽ മാത്രമേ കോവിഡ് ബാധിതരുള്ളൂ. ഈ മേഖലയിലെ 1579 വെന്റിലേറ്ററുകളിൽ ചികിത്സയിലുള്ളത് 59 കോവിഡ് ബാധിതർ. പ്രതിസന്ധി രൂക്ഷമായാൽ സ്വകാര്യ ആശുപത്രികളേയും സർക്കാർ ആശ്രയിക്കും. ഇതിന് വേണ്ടിയുള്ള ഏകോപനം ഒരുക്കാനും പ്രത്യേക സംവിധാനമൊരുക്കും.
മെഡിക്കൽ ഓക്‌സിജനും വില കൂട്ടകയാണ്. 11.50 രൂപയ്ക്കു ലഭിച്ചിരുന്ന ഒരു ക്യുബിക് മീറ്റർ ഓക്‌സിജന്റെ വില 17 രൂപയാകും. സംസ്ഥാനത്തെ ഏക ലിക്വിഡ് ഓക്‌സിജൻ ഉൽപാദകരായ പാലക്കാട് കഞ്ചിക്കോട് പ്ലാന്റിന്റെ ഉടമകൾ വില കൂട്ടുന്ന വിവരം സംസ്ഥാനത്തെ വിതരണക്കാരെ വാക്കാൽ അറിയിച്ചു.
ഓക്‌സിജൻ നിർമ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കൾ വെള്ളവും വൈദ്യുതിയുമാണ്. കഞ്ചിക്കോട് പ്ലാന്റിന് ആവശ്യമുള്ള വെള്ളം മലമ്പുഴ അണക്കെട്ടിൽനിന്നു കിൻഫ്ര മുഖേനയാണു നൽകുന്നത്. വൈദ്യുതി കെഎസ്ഇബിയും.
നിലവിൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും നിരക്കിൽ വർധന ഉണ്ടായിട്ടില്ലെന്നിരിക്കെ ഓക്‌സിജനു വില കൂട്ടുന്നതു ന്യായീകരിക്കാനാവില്ലെന്നും വർധിച്ച ഉപയോഗം മുൻകൂട്ടിക്കണ്ടു കൊള്ളലാഭം കൊയ്യാനുള്ള തന്ത്രമാണിതെന്നും വിതരണക്കാർ ചൂണ്ടിക്കാട്ടി. അയൽ സംസ്ഥാനങ്ങളിൽ കോവിഡ് ഉയർന്നതോടെ അവിടെയുള്ള സ്വകാര്യ പ്ലാന്റുകളിൽനിന്നു കേരളത്തിലേക്കുള്ള ഓക്‌സിജൻ വരവു നിലച്ച മട്ടാണ്. അതിനാൽ സംസ്ഥാനത്തെ ഓക്‌സിജൻ വിതരണത്തിന്റെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നതു കഞ്ചിക്കോട്ടെ പ്ലാന്റ് ആണ്.
സംസ്ഥാനത്തു കോവിഡ് രണ്ടാം തരംഗത്തിൽ ആദ്യമായി പ്രതിദിന കേസുകൾ ഇന്നലെ 10,000 കടന്നു- 10,031 പേർ. 67,775 സാംപിളുകൾ പരിശോധിച്ചപ്പോൾ പോസിറ്റിവിറ്റി നിരക്ക് 14.8 %. കോഴിക്കോട്ട് 1560, എറണാകുളത്ത് 1391 വീതമാണു കേസുകൾ. സംസ്ഥാനത്തെ മൊത്തം കേസുകൾ 12 ലക്ഷം കടക്കുകയും ചെയ്തു- 12,07,332. ആകെ മരണം 4877 ആയി. സംസ്ഥാനത്ത് ഒക്ടോബർ 7 നാണ് ആദ്യമായി 10,000 കേസുകൾ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ ഒക്ടോബർ 10ന് ആയിരുന്നു - 11,755. അന്നു പക്ഷേ, 7570 പേർ കോവിഡ് മുക്തരായിരുന്നെങ്കിൽ ഇന്നലെ 3792 മാത്രം. അന്നു മരണം 23; ഇന്നലെ 21.
സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത് 69,868 പേർ. കോവിഡ് ബാധിതരുടെ മറ്റു ജില്ലകളിലെ കണക്ക്: മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂർ 737, കണ്ണൂർ 673, കാസർകോട് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261.
മറുനാടന് മലയാളി ബ്യൂറോ