കാഞ്ഞങ്ങാട്: വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് സർക്കാർ. ജില്ലാ തലത്തിലാണ് നിയന്ത്രണങ്ങൾ. എല്ലാ അതിർത്തിയിലും നിരീക്ഷണം കർശനമാക്കും. പാലക്കാടും കാസർഗോട്ടും കൊല്ലത്തും ഇടുക്കിയിലും തിരുവനന്തപുരത്തും സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കും.

ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കു വരുന്ന യാത്രക്കാർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നു നിർദ്ദേശം. കോവിഡിനെ പിടിച്ചു കെട്ടാൻ വീണ്ടും കരുതലുകളിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് ഇത്.

കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ ടൗണുകളിൽ ആളുകൾ പ്രവേശിക്കാൻ ജില്ലാഭരണകൂടം നിയന്ത്രണമേർപ്പെടുത്തി. കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിലേക്ക് പ്രവേശിക്കാൻ കോവിഡില്ലെന്ന സർട്ടിഫിക്കറ്റോ രണ്ടുവട്ടം പ്രതിരോധ കുത്തിവെപ്പ് നടത്തിയതിന്റെ രേഖയോ വേണം. ശനിയാഴ്ചമുതൽ ഇത് നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബു അറിയിച്ചു.

വ്യാപാരകേന്ദ്രങ്ങളിൽ ആളുകൾ കൂടാതിരിക്കാനാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നതെന്ന് കളക്ടർ വ്യക്തമാക്കി. ടൗൺ അതിർത്തികളിൽ പൊലീസ് പരിശോധനാകേന്ദ്രങ്ങളുണ്ടാകും. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റുകൾ ഇല്ലെങ്കിൽ ആളുകളെ മടക്കി അയയ്ക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥരും അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കു വരുന്ന യാത്രക്കാർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നു നിർദ്ദേശം. https://covid19jagratha.kerala.nic.in വെബ്‌സൈറ്റിൽ Citizen ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന Visitor's entry ഓപ്ഷനിൽ നിന്ന് Domestic entry തിരഞ്ഞെടുക്കുക

New registration in covid 19 jagratha portal ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ നൽകി വെരിഫൈ ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യണം. സ്്ക്രീനിൽ വരുന്ന കാപ്ച കോഡ് കൂടി എന്റർ ചെയ്തു കഴിയുമ്പോൾ മൊബൈൽ നമ്പറിലേക്ക് ഒടിപി വരും. ഒടിപി എന്റർ ചെയ്ത ശേഷം വെരിഫൈ ചെയ്യുക. വെരിഫിക്കേഷനു ശേഷം പേര്, ജനനത്തീയതി, ഐഡി നമ്പർ ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകുക. ഇതു സേവ് ചെയ്യുന്നതോടെ റജിസ്‌ട്രേഷൻ പൂർത്തിയാവും. മൊബൈൽ നമ്പറിലേക്ക് റജിസ്‌ട്രേഷൻ വിവരങ്ങൾ മെസേജായി വരും. രജിസ്റ്റർ ചെയ്യാത്തവർക്ക് കേരളത്തിലേക്ക് എത്താൻ കഴിയില്ല.

ഇടുക്കിയിൽ തമിഴ്‌നാട്ടിൽ നിന്ന് അതിർത്തി കടന്നെത്തുന്നവരിൽ സംശയമുള്ളവരുടെ ആന്റിജൻ പരിശോധന നടത്തും. രോഗം സ്ഥിരീകരിച്ചാൽ ബന്ധപ്പെട്ട പ്രദേശത്തെ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് വിവരം കൈമാറും. കുമളി ചെക്‌പോസ്റ്റിനു സമീപമാണു പരിശോധനാ കേന്ദ്രം പ്രവർത്തിക്കുന്നത്. കോവിഡ് ക്ലസ്റ്ററുകളിൽ കൂടുതൽ ടെസ്റ്റുകൾ നടത്തും. കോവിഡ് വ്യാപനത്തെത്തുടർന്ന് ഇത്തവണയും മംഗളാദേവി ചിത്ര പൗർണമി ഉത്സവം ഉണ്ടായിരിക്കില്ല. കോവിഡ് രണ്ടാംഘട്ടം വ്യാപനം തടയാൻ മറയൂർ ചിന്നാർ അതിർത്തിയിൽ പരിശോധന ശക്തമാക്കി.

കേരള-തമിഴ്‌നാട് അതിർത്തിയിൽ കോവിഡ് പരിശോധന തമിഴ്‌നാടും കർശനമാക്കി. കേരള-തമിഴ്‌നാട് അതിർത്തി പങ്കിടുന്ന കളിയിക്കാവിള, ചുഴാൽ ചെക്?പോസ്?റ്റുകളിലാണ് തമിഴ്‌നാട് പൊലീസ് പരിശോധനകൾ കർശനമാക്കിയത്. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്നവരിൽ ആർ.ടി.പി.സി.ആർ പരിശോധനഫലമോ കോവിഡ് വാക്‌സിൻ എടുത്തതി?ന്റെ രേഖകളോ ഇല്ലാത്തവരെ തമിഴ്‌നാട്ടിലേക്ക് കടക്കാൻ അനുവദിക്കുന്നില്ല. കേരളത്തിൽ നിന്നും കച്ചവടത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ദിവസവും നൂറ് കണക്കിന് പേരാണ് അതിർത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് പോയി വരുന്നത്. ഇതോടെ ഇവരുടെ കാര്യങ്ങൾ കൂടുതൽ അവതാളത്തിലായി.

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ തമിഴ്‌നാട് പൊലീസും ആരോഗ്യ വകുപ്പും പരിശോധന കർശനമാക്കി. ഇ-പാസ് ഉള്ളവർക്ക് മാത്രമാണ് കേരളത്തിൽനിന്നും തമിഴ്‌നാട്ടിലേക്ക് പ്രവേശനം അനുവദിക്കുന്നത്. യാത്രാ ബസുകളും ചരക്ക് വാഹനങ്ങളും ഇപ്പോൾ തടയുന്നില്ല. ഇവയെ ബാധിക്കാത്ത രീതിയിലാണ് പരിശോധന നടക്കുന്നത്. ഒരു മാസം മുമ്പ് ആരംഭിച്ച പരിശോധന ഇടക്ക് നിർത്തിവെച്ചിരുന്നു. പാസില്ലാതെ എത്തുന്നവർക്ക് മൊബൈലിൽ ഇ-പാസിന് അപേക്ഷിച്ചാൽ ഉടൻ ലഭ്യമാകും. ചെക്ക് പോസ്റ്റിൽ ഇതിനായി തമിഴ്‌നാട് സഹായ കേന്ദ്രമുണ്ട്.