- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
1000 പേരിൽ എത്ര പേർക്ക് രോഗം എന്നതനുസരിച്ച് നിയന്ത്രണം; ആരാധനാലയങ്ങളിൽ പരമാവധി 40 പേർ; വിവാഹങ്ങളിലും മരണ ചടങ്ങിനും 20 പേർ; സ്വാതന്ത്ര്യ ദിനത്തിനും ഓണത്തിനും ലോക്ക്ഡൗൺ ഇല്ല; കടകൾ 9 മണി വരെ; നയിക്കാൻ വീണ്ടും ആരോഗ്യമന്ത്രി; ടിപിആർ നയം മാറ്റി പിണറായി

തിരുവനന്തപുരം: ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. ടിപിആർ അടിസ്ഥാനത്തിലുള്ള ലോക്ഡൗൺ പ്രഖ്യാപനമാണ് മാറ്റുന്നത്. ഇനി ശനിയാഴ്ച സമ്പൂർണ്ണ ലോക്ഡൗൺ ഉണ്ടാകില്ല. ഞായറാഴ്ച മാത്രമാകും അടച്ചിടൽ. നിയമസഭയിൽ ആരോഗ്യമന്ത്രി വീണാ ജോർജാണ് പ്രഖ്യാപനങ്ങൾ നടത്തിയത്.
കോവിഡ് ആദ്യ റിപ്പോർട്ടു ചെയ്തപ്പോൾ ആരോഗ്യമന്ത്രി ശൈലജ ടീച്ചറാണ് പ്രഖ്യാപനങ്ങളും ഇടപെടലും പ്രത്യക്ഷത്തിൽ നടത്തിയത്. ഇത് പിന്നീട് മുഖ്യമന്ത്രി ഏറ്റെടുത്തു. കോവിഡ് വിശദീകരണവും വിലയിരുത്തലുകളുമായി മുഖ്യമന്ത്രി നിറഞ്ഞു. ഈ ഘട്ടത്തിൽ എല്ലാം കോവിഡിൽ കേരളത്തിന് നല്ല പേരായിരുന്നു. ഇന്ന് ഇതെല്ലാം മാറി. ഇതോടെ പ്രഖ്യാപനങ്ങൾക്കുള്ള അവസരം ആരോഗ്യമന്ത്രിക്ക് തന്നെ നൽകുകയാണ് മുഖ്യമന്ത്രി. അതുകൊണ്ടാണ് രണ്ടാം പിണറായി സർക്കാരിന്റെ കോവിഡിലെ നിർണ്ണായക പ്രഖ്യാപനം വീണാ ജോർജ് സഭയിൽ നടത്തിയത്.
ആരോഗ്യമന്ത്രിയെ കൂടുതൽ വിശ്വാസത്തിൽ എടുക്കാനാണ് തീരുമാനം. ടിപിആർ നിരക്കിലെ തീരുമാനങ്ങൾ മാറ്റും. സംസ്ഥാനത്തെ ലോക്ക്ഡൗൺ ചട്ടങ്ങൾ മാറുകയാണ്. ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകുക. കടകൾക്ക് ആറ് ദിവസം തുറക്കാം. ഓണത്തിനും സ്വാതന്ത്ര്യദിനത്തിലും ഞായറാഴ്ച ലോക്ക്ഡൗണുണ്ടാകില്ല.
ആരോഗ്യമന്ത്രി പറഞ്ഞ നിർണായക ചട്ടങ്ങൾ:
- 1000 പേരിൽ എത്ര പേർക്ക് രോഗം നിർണയിക്കപ്പെടുന്നു എന്നതനുസരിച്ച് ഇനി നിയന്ത്രണം
- ആൾക്കൂട്ട നിരോധനം തുടരും
- വലിയ വിസ്തീർണമുള്ള ആരാധനാലയങ്ങളിൽ പരമാവധി 40 പേർ
- വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേർ
- 1000 പേരിൽ 10 പേരിൽ കൂടുതൽ ഒരാഴ്ച ഉണ്ടായാൽ ട്രിപ്പിൾ ലോക്ക്
- മറ്റിടങ്ങളിൽ ആഴ്ചയിൽ ആറ് ദിവസം കടകൾ തുറക്കാം
- സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും ലോക്ക്ഡൗൺ ഉണ്ടാകില്ല
- കടകളുടെ പ്രവർത്തനസമയം 9 മണി വരെ നീട്ടി
ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സർക്കാരിന് മുന്നിൽ ഉയർന്നുവന്ന നിർദ്ദേശം. ഈ സാഹചര്യത്തിലാണ് ജനസംഖ്യയിൽ ആയിരം പേരിൽ എത്രപേർക്ക് രോഗം വരുന്നുവെന്നത് പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിന് ആൾക്കൂട്ടം തടയുക എന്നത് ഏറ്റവും പ്രധാനമാണ്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മകൾ ഉൾപ്പടെ ജനങ്ങൾ കൂടുന്ന സംവിധാനം ഒഴിവാക്കുന്ന രീതി പൊതുവിൽ തുടരേണ്ടതുണ്ട്. ആരാധനാലയങ്ങളിൽ വിസ്തീർണ്ണം കണക്കാക്കി വേണം ആളുകളെ ഉൾക്കൊള്ളിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
ഒരു പ്രദേശത്തെ ജനസംഖ്യയുടെ ആയിരം പേരിൽ പത്തിൽ കൂടുതൽ പേർക്ക് ഒരാഴ്ച രോഗമുണ്ടായാൽ അവിടെ ട്രിപ്പിൽ ലോക്ക്ഡൗണാകും. മറ്റുള്ള ഇടങ്ങളിൽ ആഴ്ചയിൽ ആറ് ദിവസം വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. സ്വാതന്ത്ര്യം ദിനം പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൗണിൽ ഇളവ്. ഓണത്തിന്റെ തിരക്ക് കണക്കിലെടുത്ത് 22-ാം തിയതി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കും. സാമൂഹിക അകലം പാലിക്കുന്നത് വ്യാപാര സ്ഥാപനങ്ങൾ ഉറപ്പാക്കണം.


