തിരുവനന്തപുരം: കേരളം കോവിഡ് ഭീതിയിൽ തന്നെ. ലോക്ഡൗൺ പിൻവലിച്ച് എല്ലാം തുറന്നു കൊടുത്തതു പോലെയാണ് സംസ്ഥാനത്ത്. ഇത് രോഗവ്യാപനം കൂട്ടുമോ എന്ന ആശങ്ക സജീവമാണ്. അതിനിടെ ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതർ വർധിക്കുന്നതു രോഗം തിരിച്ചറിയാതെ കൂടുതൽ പേരിലേക്കു പകരാനിടയാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നു.

കോവിഡ് ബാധിച്ചവരിൽ 74% പേർക്കും രോഗലക്ഷണമില്ലായിരുന്നു. പുതിയ കോവിഡ് ബാധിതരിൽ ഭൂരിഭാഗവും 18-40 പ്രായത്തിലുള്ളവരാണ്. ആകെ കോവിഡ് ബാധിതരിൽ 49% ഒരു ഡോസ് വാക്‌സീൻ പോലും എടുക്കാത്തവരാണെന്നും മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിൽ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെയാണ് സ്‌കൂളുകൾ തുറക്കാനുള്ള ചർച്ചകൾ. യുപിയിലും ഡൽഹിയിലും സ്‌കൂൾ തുറന്നതാണ് കേരളത്തേയും അതിന് പ്രേരിപ്പിക്കുന്നത്. എന്നാൽ ഡൽഹിയിലും യുപിയിലും കോവിഡ് കേസുകൾ തീരെ കുറഞ്ഞിട്ടുണ്ട്.

ഇന്നലെ ഡൽഹിയിൽ 28 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. യുപിയിൽ 26ഉം. കോവിഡ് പ്രതിദിന രോഗികൾ 100ൽ താഴെ എത്തിയ ശേഷമാണ് ഇവിടെ സ്‌കൂളുകളും മറ്റും തുറന്നത്. രണ്ട് മാസമായി കേസുകൾ ഇവിടെ ക്രമാതീതമായി ഉയരുന്നില്ല. പരിശോധനകളും മറ്റും കൂട്ടുന്നുണ്ട് ഇപ്പോഴും ഇവിടെ. എന്നാൽ കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണത്തിന് ആനുപാതികമായി പരിശോധന നടക്കുന്നില്ല. പ്രതിദിന രോഗികൾ ഇന്നലെ 19653 പേരും. ഇതിനൊപ്പമാണ് ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതർ വർധിക്കുന്നു എന്ന വിലയിരുത്തൽ.

ചികിത്സ തേടാതിരിക്കുന്നതു പിന്നീടു രോഗാവസ്ഥ വഷളാകാൻ വഴിയൊരുക്കാം. രോഗബാധ സംശയിക്കുന്നവർ മറ്റുള്ളവരുമായുള്ള ഇടപെടലുകൾ കുറയ്ക്കണമെന്നും വിദഗ്ദ്ധർ നിർദേശിക്കുന്നു. നിലവിൽ കോവിഡ് ബാധിതരിൽ ഭൂരിഭാഗവും വാക്‌സീൻ എടുക്കാത്തവരാണ്. സ്‌കൂളുകൾ തുറക്കുമ്പോൾ സാമൂഹിക വ്യാപനത്തിന് സാധ്യത കൂടും. എന്നാൽ രോഗവ്യാപനം കൂടി നിൽക്കുമ്പോഴും സ്‌കൂളുകൾ തുറക്കുന്നതിലെ തീരുമാനം എന്തിനെന്ന ചോദ്യം ബാക്കി.

കോവിഡ് ബാധിതരിൽ 30% പേർ ഒരു ഡോസ് വാക്‌സീൻ എടുത്തവരും 20% പേർ രണ്ടു ഡോസ് വാക്‌സീൻ എടുത്തവരുമാണ്. വാക്‌സീൻ എടുക്കാതെ കൂടുതൽ പേർ പോസിറ്റീവ് ആയതു മലപ്പുറം ജില്ലയിലാണ്. ആദ്യ ഡോസ് എടുത്തവരിൽ കോവിഡ് ബാധിച്ചവർ കൂടുതൽ പത്തനംതിട്ടയിലും. രണ്ടു ഡോസും എടുത്ത ശേഷം കൂടുതൽ പേർ പോസിറ്റീവ് ആയത് കാസർകോട് ജില്ലയിലാണ്. ഈ കണക്കുകളെല്ലാം കേരളത്തിന് ആശങ്കയാണ്.

കേരളത്തിൽ ഇന്നലെ 19,653 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 2810, തൃശൂർ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂർ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസർഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ണകജഞ) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,12,854 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,87,587 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 25,267 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1906 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 1,73,631 കോവിഡ് കേസുകളിൽ, 13.3 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,591 ആയി.

സെപ്റ്റംബർ 19 വരെ വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 89 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,37,96,983), 36.7 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (98,27,104) നൽകി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,41,865). 45 വയസിൽ കൂടുതൽ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകൾക്ക് ഒറ്റ ഡോസും 55 ശതമാനം പേർക്ക് രണ്ട് ഡോസും വാക്സിനേഷൻ സംസ്ഥാനം നൽകിയിട്ടുണ്ട്. ന്മ സെപ്റ്റംബർ 12 മുതൽ 18 വരെ കാലയളവിൽ, ശരാശരി 1,96,657 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ 2 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും ഒരു ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവിൽ, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ ഏകദേശം 40,432 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 23 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്.