- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വ്യാപനം രൂക്ഷം; കോട്ടയത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു; എല്ലാ ചടങ്ങുകൾക്കും 20 പേർ മാത്രം, 35 വാർഡുകളിൽ നിരോധനാജ്ഞ

കോട്ടയം: കോവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നതോടെ കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗങ്ങളുടെ തീരുമാനപ്രകാരമാണ് നടപടിയെന്ന് ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു.
ജില്ലയിൽ പൊതുവിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനൊപ്പം രോഗവ്യാപനം രൂക്ഷമായ നാല് പഞ്ചായത്തുകളിലും 35 തദ്ദേശഭരണ സ്ഥാപന വാർഡുകളിലും നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളുമുണ്ട്.
നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിനും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും പൊലീസിനെയും വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയതായി കളക്ടർ പറഞ്ഞു.
ജില്ലയിൽ അധിക നിയന്ത്രണങ്ങൾ
ചടങ്ങുകൾക്കും യോഗങ്ങൾക്കും പരമാവധി 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. കെട്ടിടങ്ങൾക്കുള്ളിൽ നടക്കുന്ന ചടങ്ങുകളിൽ 75 പേരെയും പുറത്ത് നടക്കുന്നവയിൽ 150 പേരെയും പങ്കെടുപ്പിക്കുന്നതിന് ഇനിമുതൽ അനുമതിയുണ്ടാവില്ല.
കുടുംബ ചടങ്ങുകൾ നടത്തുന്നതിന് എന്ന പോർട്ടലിൽ ഈവന്റ് രജിസ്‌ട്രേഷൻ എന്ന ഓപ്ഷനിൽ രജിസ്റ്റർ ചെയ്യണം. പൊതു ചടങ്ങുകൾക്കും യോഗങ്ങൾക്കും തഹസിൽദാരുടെയോ അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെയോ മുൻകൂർ അനുമതി വാങ്ങണം.
ജിംനേഷ്യങ്ങൾ, നീന്തൽകുളങ്ങൾ എന്നിവ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിക്കാൻ പാടില്ല.
സമ്മർ ക്യാമ്പുകൾ, ഫിസിക്കൽ എജ്യുക്കേഷൻ ട്രെയിനിങ് സെന്ററുകൾ എന്നിവയും പ്രവർത്തിക്കാൻ പാടില്ല.
നിരോധനാജ്ഞ
കൂരോപ്പട, പാമ്പാടി, ആർപ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിൽ പൂർണമായും 23 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 35 വാർഡുകളിലുമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. ഈ മേഖലകളിൽ നാലിൽ അധികം പേർ കൂട്ടം ചേരുന്നതിന് നിരോധനമുണ്ട്.
ഏപ്രിൽ 24ന് അർധരാത്രി മുതൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് 144 നിലനിൽക്കുക. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗത്തിന്റെ തീരുമാനപ്രകാരമുള്ള പ്രത്യേക നിയന്ത്രണങ്ങളും ഈ മേഖലകളിലുണ്ടാകും.
നിരോധനാജ്ഞയും അധിക നിയന്ത്രണങ്ങളുമുള്ള തദ്ദേശ സ്ഥാപന വാർഡുകൾ: അകലക്കുന്നം-11, ചങ്ങനാശേരി-10, ചെമ്പ്-14, എലിക്കുളം-10,11, എരുമേലി-15,16, കടുത്തുരുത്തി-6,12,14, കാണക്കാരി-9, കറുകച്ചാൽ-7, കിടങ്ങൂർ-5, കോട്ടയം-9,19, കുമരകം-7, മണർകാട്-16, മാഞ്ഞൂർ-13,14, മുണ്ടക്കയം-3,6,8, പള്ളിക്കത്തോട്-4, രാമപുരം-3, തിരുവാർപ്പ്- 7,11,13, തൃക്കൊടിത്താനം-4, ഉദയനാപുരം-12,13, ഉഴവൂർ-6, വാകത്താനം-9, വാഴപ്പള്ളി-2, വിജയപുരം-3,17
നിയന്ത്രണങ്ങൾ
റേഷൻ കടകൾ ഉൾപ്പെടെ അവശ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കു മാത്രമാണ് പ്രവർത്തനാനുമതി. പ്രവർത്തന സമയം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയായിരിക്കും.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഫോൺ നമ്പർ ഉപഭോക്താക്കളെ അറിയിക്കണം. ആവശ്യക്കാർക്ക് ഈ നമ്പരുകളിൽ വിളിച്ചോ വാട്‌സപ് മുഖേനയോ മുൻകൂറായി വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തണം. ഇങ്ങനെ അറിയിക്കുന്നതനുസരിച്ച് പാക്കറ്റുകളിലാക്കി കടകളിൽ എടുത്തു വയ്ക്കുന്ന സാധനങ്ങൾ കടയുടമകൾ അറിയിക്കുന്ന സമയത്ത് ശേഖരിക്കുകയോ ഹോം ഡെലിവറി നടത്തുകയോ ചെയ്യാം. ഈ സംവിധാനത്തിന്റെ ഏകോപനം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കണം.
ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകുന്നതിന് അനുമതിയില്ല. രാവിലെ ഏഴു മുതൽ വൈകുന്നേരം 7.30 വരെ വരെ പാഴ്‌സൽ സർവീസോ ഹോം ഡെലിവറിയോ നടത്താം.
രാത്രി ഒൻപതു മുതൽ രാവിലെ ഏഴു വരെ അനാവശ്യ യാത്രകൾ അനുവദിക്കില്ല. ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമുള്ള യാത്രകൾക്ക് ഇളവുണ്ട്.
മരണാനന്തര ചടങ്ങുകൾ ഒഴികെ മറ്റൊരു ചടങ്ങുകൾക്കും ഈ മേഖലകളിൽ അനുമതിയില്ല. ചടങ്ങു നടത്തുന്നതിനു മുൻപ് കോവിഡ് 19 ജാഗ്രത പോർട്ടലിൽ ഈവന്റ് രജിസ്‌ട്രേഷൻ എന്ന ഓപ്ഷനിൽ രജിസ്റ്റർ ചെയ്യണം.
ആശുപത്രികൾക്കും മെഡിക്കൽ ഷോപ്പുകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമല്ല.
ജില്ലയിൽ പൊതുവായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഈ മേഖലകളിൽ ബാധകമാണ്.
നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ അനിവാര്യത ജനങ്ങളെ അറിയിക്കുന്നതിന് പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അനൗൺസ്‌മെന്റ് നടത്തും.
ഇൻസിഡന്റ് കമാൻഡർമാർ, സെക്ടർ മജിസ്‌ട്രേറ്റുമാർ, ചുമതലയുള്ള മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നിരീക്ഷണം ഈ സ്ഥലങ്ങളിലുണ്ടാകും.


