- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചാഴ്ച്ചത്തേക്ക് അടച്ചുപൂട്ടി നെതർലാൻഡ്സ്; ലോക്ക്ഡൗൺ ഔദ്യോഗികമാക്കി ജർമ്മനി; അടുത്ത നിയന്ത്രണങ്ങളോടെ ഇറ്റലി; ലോകം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്
ബെർലിൻ: യൂറോപ്യൻ ഭൂഖണ്ഡത്തെയാകെ വിഴുങ്ങാൻ കൊറോണ വീണ്ടുമെത്തുമ്പോൾ രാഷ്ട്രങ്ങൾ ഓരോന്നായി അടച്ചുപൂട്ടുകയാണ്. ഇതിൽ ഏറ്റവും അവസാനത്തേതാണ് നെതർലാൻഡ്സ്. അഞ്ചാഴ്ച്ചക്കാലത്തേക്ക് സ്കൂളുകളും കടകളും എല്ലാം അടച്ചുപൂട്ടിക്കൊണ്ട് നെതർലാൻഡ്സിൽ രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇന്നലെ പ്രധാനമന്ത്രി മാർക്ക് റൂട്ടെയാണ് ഇത് പ്രഖ്യാപിച്ചത്. ക്രിസ്ത്മസ്സ് ആഘോഷങ്ങളുടെ പ്രാധാന്യം അറിയാമെങ്കിലും, ഇത് ഒഴിവാക്കാൻ കഴിയാത്തത്ര സ്ഥിതിവിശേഷം ഗുരുതരമായിക്കഴിഞ്ഞു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
തികച്ചും അസാധാരണമായ ഒരു ലൈവ് ടെലെകാസ്റ്റിലൂടെയാണ് അദേഹം ഈ വിവരം പ്രഖ്യാപിച്ചത്. പുതിയ നിയമമനുസരിച്ച് ഒരാൾക്ക് പരമാവധി രണ്ട് അതിഥികളെ മാത്രമേ ഒരു ദിവസം സ്വീകരിക്കാൻ കഴിയൂ. എന്നാൽ, ഇതിൽ 13 വയസ്സിൽ താഴെയുള്ള കുട്ടികളെ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, ക്രിസ്ത്മസ്സിനോടനുബന്ധിച്ചുള്ള മൂന്നു ദിവസങ്ങളിൽ അതിഥികളുടെ എണ്ണം മൂന്ന് വരെയാകാം. മാത്രമല്ല, ജനങ്ങളോട് പരമാവധി സമയം വീടുകൾക്കുള്ളിൽ തന്നെ കഴിയുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജോലിക്ക് പോകുന്നതുൾപ്പടെയുള്ള യാത്രകൾ ഒഴിവാക്കുവാനും മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതുപോലെ, അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ മാർച്ച് 15 വരെ ഒഴിവാക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കർശനമായ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവർ മനസ്സിലാക്കാത്തത് നമ്മൾ പൊരുതുന്നത് നിഷ്കളങ്കമായഫ്ളൂവിനോടല്ലെന്നതാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഈ മാരക വൈറസ്, ആരിലും ഏതുസമയത്തും എത്താം. ചൊവ്വാഴ്ച്ച മുതൽ ഡേകെയർ സെന്ററുകൾ, ജിം, മ്യുസിയം, മൃഗശാല, സിനിമാ ഹോളുകൾ, ഹെയർഡസ്സിങ് സലൂണുകൾ, ബ്യുട്ടി സലൂണുകൾ തുടങ്ങി എല്ലാ പൊതുസ്ഥലങ്ങളും അടച്ചിടും. ജനുവരി 19 വരെയാണ് ലോക്ക്ഡൗൺ.
അതേസമയം സൂപ്പർമാർക്കറ്റുകൾ, ബാങ്കുകൾ, ഫാർമസികൾ എന്നിവ തുറന്ന് പ്രവർത്തിക്കും. ബാറുകളും റെസ്റ്റോറന്റുകളും ഒക്ടോബർ മദ്ധ്യത്തോടെ തന്നെ അടച്ചു പൂട്ടിയിരുന്നു. എന്നാൽ പല റെസ്റ്റോറന്റുകളും ടേക്ക് എവേ സൗകര്യം നൽകുന്നുണ്ട്. ഇത്തരത്തിലുള്ള ഭാഗിക ലോക്ക്ഡൗൺ രോഗവ്യാപന തോത് കുറയ്ക്കുന്നതിൽ ഒരു പരിധിവരെ വിജയിച്ചെങ്കിലും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗവ്യാപനം ശക്തിപ്പെടുകയാണ്.
എന്നാൽ, ഈ ഇരുണ്ടഗുഹയുടെ, പ്രകാശം വഴിയുന്ന ഗുഹാമുഖമായി അടുത്ത വർഷം എത്തുമെന്നും, വർഷാരംഭത്തിൽ വാക്സിൻ നൽകാൻ ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്ത് ഇതുവരെ 6,10,000 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. പതിനായിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങൾ നിലവിൽ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ രണ്ട് ആഴ്ച്ചകളിൽ നെതർലാൻഡ്സിലെ തെരുവുകളിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു. സെയിന്റ് നിക്കോളാസിന്റെ ജന്മദിനമായ ഡിസംബർ 5 ലെ സമ്മാനം നൽകൽ ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകളായിരുന്നു കാരണം.
വർദ്ധിക്കുന്ന മരണനിരക്കുമായി ജർമ്മനിയും റഷ്യയും ഉക്രെയ്നും
ഔദ്യോഗിക ലോക്ക്ഡൗൺ പ്രഖ്യാപിച്ച ജർമ്മനിയിൽ മരണനിരക്ക് ഉയരുന്നതായി സൂചന. ഒന്നാം വരവിനെ കാര്യക്ഷമമായി നേരിട്ട ജർമ്മനി പക്ഷെ, രണ്ടാം വരവിൽ പതറിയിരിക്കുകയാണ്. നേരത്തേ ഭാഗിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ഫലപ്രദമല്ലെന്ന് കണ്ടതോടെ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. ഒന്നാം വരവിൽ, മരണ നിരക്ക് കാര്യമായി തടയാൻ കഴിഞ്ഞ ജർമ്മനിക്ക് അവിടെയും ഇത്തവണ അടവു പിഴച്ചു. ഇന്നലെ മാത്രം ജർമ്മനിയിൽ രേഖപ്പെടുത്തിയത് 481 മരണങ്ങളാണ്.
അതുപോലെ കൊറോണ മരണതാണ്ഡവം തുടരുന്ന മറ്റു രണ്ട് രാജ്യങ്ങളാണ് റഷ്യയും ഉക്രെയ്നും. ഇ രാജ്യങ്ങളിലും മരണനിരക്ക് അതിവേഗം ഉയരുകയാണ്. റഷ്യയിൽ ഇന്നലെ 450 പേരാണ് കോവിഡിന് കീഴടങ്ങി മരണം വരിച്ചത്. ഇതോടെ കോവിഡിനു കീഴടങ്ങി റഷ്യയിൽ മരണമടഞ്ഞവരുടെ എണ്ണം 47,893 ആയി ഉയർന്നു. കഴിഞ്ഞയാഴ്ച്ച മുതൽ സ്പുടനിക് വാക്സിൻ ഡോക്ടർമാർ, അദ്ധ്യാപകർ, സാമൂഹ്യ പ്രവർത്തകർ എന്നിവർക്ക് നൽകാൻ ആരംഭിച്ചു. കൊറോണക്കെതിരെ 95 % ഫലപ്രദമാണ് ഈ വാക്സിൻ എന്നാണ് റഷ്യ അവകാശപ്പെടുന്നത്.
കോവിഡ് പരിശോധന വ്യാപകമാക്കി ഫ്രാൻസ്
ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നതിനു മുൻപായി സ്ഥിതിവിശേഷം വിശകലനം ചെയ്യുന്നതിനായി കോവിഡ് പരിശോധന കൂടുതൽ വ്യാപകമാക്കുകയാണ് ഫ്രാൻസ്. ലേ, ഹാവിർ, നോർമാൻഡി കോസ്റ്റ്, ചാർലിവില്ലെ തുടങ്ങിയ നഗരങ്ങളിൽ വിപുലമായ രീതിയിലാണ് പരിശോധനകൾ നടക്കുന്നത്. ഫ്രാൻസിലെ ലോക്ക്ഡൗൺ അവസാനഘട്ടത്തിൽ എത്തുകയും അവധിദിനങ്ങൾ അടുത്തുവരികയും ചെയ്യുന്ന സാഹചര്യത്തിൽ രോഗവ്യാപനം ശക്തിപ്പെടുന്നത് തടയാൻ കൂടി ഉദ്ദേശിച്ചാണ് പരിശോധനകൾ വ്യാപകമാക്കുന്നത്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും, സർക്കാർ ഉദ്ദേശിച്ച രീതിയിൽ രോഗവ്യാപനത്തെ തടയുവാൻ സാധിച്ചിട്ടില്ല. ഇന്നലെ മുതൽ ആരംഭിച്ച വ്യാപക പരിശോധനാ പരിപാടി ഈ ആഴ്ച്ച മുഴുവൻ നീണ്ടുനിൽക്കും. ലേ ഹാർവേയിൽ മാത്രം 3 ലക്ഷത്തോളം പേരെ പരിശോധനക്ക് വിധേയരാക്കും. ഒരാഴ്ച്ചകൊണ്ട് രാജ്യത്തെ പകുതി ജനങ്ങളെയെങ്കിലും പരിശോധനക്ക് വിധേയരാക്കുവാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മറുനാടന് ഡെസ്ക്