മുംബൈ: മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ ഫലം കാണുന്നു. ഇരു സംസ്ഥാനങ്ങളിലും പ്രതിദിന കോവിഡ് നിരക്ക് കുറഞ്ഞുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇരു സംസ്ഥാനങ്ങളിലും ഇന്ന് മുപ്പതിനായിരത്തിൽ താഴെ ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളേക്കാൾ രോഗ മുക്തരുടെ എണ്ണം ഇന്നും ഉയർന്നു നിൽക്കുന്നു.

അതേ സമയം ഡൽഹിയിൽ രോഗവ്യാപനം കുറയുമ്പോഴും ആശങ്കയായി മരണം തുടരുന്നു. തീവ്രപരിചരണ വിഭാഗങ്ങളിലുള്ള നിരവധി പേർ ഇപ്പോഴും കോവിഡ് ബാധിതരായിതുടരുന്നതാണ് മരണം വർധിപ്പിക്കുന്നത്.

മഹാരാഷ്ട്രയിൽ ഇന്ന് 29,911 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 738 പേർ മരിച്ചു. 47,371 പേർക്കാണ് രോഗ മുക്തി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 54,97,448. ആകെ രോഗ മുക്തി 50,26,308. ആകെ മരണം 85,355. നിലവിൽ 3,83,253 പേർ ചികിത്സയിൽ.

കർണാടകയിൽ ഇന്ന് 28,869 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 52,257 പേർക്കാണ് രോഗ മുക്തി. 548 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികൾ 23,35,524 ആയി. ആകെ രോഗ മുക്തി 17,76,524. ഇതുവരെയായി 23,854 പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടമായത്. നിലവിൽ 5,34,954 പേരാണ് ചികിത്സയിലുള്ളത്.

ഡൽഹിയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ കോവിഡ് കേസുകളുകളൽ 75 ശതമാനം കുറവുണ്ടായി. എന്നാൽ മരണ നിരക്കിൽ 27 ശതമാനം മാത്രമാണ് കുറവുണ്ടായത്. മെയ് പത്തിന് ഡൽഹിയിൽ 12651 കേസുകളും 319 മരണവും റിപ്പോർട്ട് ചെയ്തിരുന്നു. പത്ത് ദിവസത്തിന് ശേഷം ഇന്ന് കോവിഡ് കേസുകൾ 3231 ആയി കുറഞ്ഞെങ്കിലും 233 മരണം ഇന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡൽഹിയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായ മാക്സ് ആശുപത്രിയിൽ ഏപ്രിൽ ആദ്യ ആഴ്ച മുതൽ 30000 ത്തിലധികം പേരെ കോവിഡ് ബാധിതരായി പ്രവേശിപ്പിച്ചു. 'ഒന്നാം തരംഗത്തിൽ നിന്നും വളരെ വ്യത്യസ്തമാണ് രണ്ടാം തരംഗം. ആദ്യ തരംഗത്തിൽ പ്രതിമാസ കോവിഡ് മരണ നിരക്ക് ആറ് ശതമാനമായിരുന്നു. ഇപ്പോഴത് 7.6 ശതമാനമായി. 45 വയസ്സിന് താഴെയുള്ളവർ ആശുപത്രിയിൽ പ്രവേശിക്കുന്നത് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും സമാനമാണ്, 28 ശതമാനം. എന്നാൽ അവരുടെ മരണ നിരക്ക് രണ്ടു മുതൽ നാല് ശതമാനം വരെ ഉയർന്നു' ഡോ.സന്ദീപ് ബുധിരാജ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മുംബൈയിൽ കഴിഞ്ഞ പത്ത് ദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളിൽ 25 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. മരണനിരക്കിൽ 23 ശതമാനത്തിന്റെ കുറവുണ്ടായി. 1794 കേസുകളും 74 മരണവുമായിരുന്നു മെയ് പത്തിന് മുംബൈ നഗരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ഇന്ന് 1425 കേസുകളും 59 മരണവുമാണ് സ്ഥിരീകരിച്ചത്.

രോഗം ഗുരുതരമായി ബാധിച്ചവർക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഐസിയു കിടക്കകളുടെ എണ്ണവും മെഡിക്കൽ ഓക്സിജൻ ഉൽപാദനവും വർദ്ധിപ്പിച്ചുവരുന്നുണ്ട്. എന്നാൽ ഈ നടപടികളുടെ വ്യക്തമായ സ്വാധീനം മരണനിരക്കിൽ കാണാൻ കുറച്ച് ദിവസങ്ങളോ ആഴ്ചയോ എടുക്കുമെന്നാണ് റിപ്പോർട്ട്.