- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ അന്തിമഘട്ടത്തിൽ; ആർക്കൊക്കെ ആദ്യം വാക്സിൻ നൽകുമെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവർത്തകരുടെ രജിസ്ട്രേഷൻ അന്തിമഘട്ടത്തിലായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സർക്കാർ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേയും (4064) സ്വകാര്യ മേഖലയിലെ 81 ശതമാനം സ്ഥാപനങ്ങളിലേയും (4557) ജീവനക്കാരുടെ ജില്ലാതല രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലേയും ജീവനക്കാർ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ആരോഗ്യ പ്രവർത്തകരും എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യ ഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കുമാണ് വാക്സിൻ ലഭ്യമാക്കുക. മോഡേൺ മെഡിസിൻ, ആയുഷ്, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേയും സ്ഥിരവും താത്ക്കാലികവുമായി നിലവിൽ ജോലി ചെയ്യുന്ന എല്ലാവരേയും ഉൾക്കൊള്ളിക്കുന്നതാണ്. 27,000ത്തോളം ആശ വർക്കർമാരേയും ഉൾപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ, ദന്തൽ, നഴ്സിങ്, പാരാമെഡിക്കൽ തുടങ്ങിയ എല്ലാ ആരോഗ്യ വിഭാഗം വിദ്യാർത്ഥികളേയും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകരെ കൂടാതെ ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാരേയും ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥരേയും ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ രജിസ്ട്രേഷനും പൂർത്തിയായിട്ടുണ്ട്. സംസ്ഥാനത്തെ 33,000ത്തോളം അങ്കണവാടികളിലെ ജീവനക്കാരെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം വാക്സിൻ വിതരണത്തിന് സംസ്ഥാന തലത്തിൽ ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാക്സിൻ വിതരണത്തിനായി വലിയ മുന്നൊരുക്കമാണ് ആരോഗ്യ വകുപ്പ് നടത്തിയിട്ടുള്ളത്. ഇതിനായി സംസ്ഥാന തലത്തിൽ സ്റ്റേറ്റ് നോഡൽ ഓഫീസറേയും സ്റ്റേറ്റ് അഡ്‌മിനേയും ചുമതലപ്പെടുത്തി. സ്റ്റേറ്റ് നോഡൽ ഓഫീസറുടെ കീഴിൽ എല്ലാ ജില്ലകളിലും ജില്ലാ നോഡൽ അഥോറിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ ആയുഷ്, ഹോമിയോ, വിഭാഗങ്ങളിൽ പ്രത്യേക നോഡൽ ഓഫീസർമാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഏകോപനത്തോടെയാണ് എല്ലാ വിഭാഗങ്ങളുടേയും വിവരങ്ങൾ ശേഖരിക്കുന്നത്. രജിസ്ട്രേഷനായി ഒരു സ്റ്റാന്റേർഡ് ഡേറ്റ ഷീറ്റ് തയ്യാറാക്കി എല്ലാ ജില്ലകൾക്കും നൽകിയിട്ടുണ്ട്. അവരാണ് സർക്കാർ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഇത് അയച്ച് കൊടുക്കുന്നത്. അവർ പൂരിപ്പിച്ച ഡേറ്റ ഷീറ്റ് തിരികെ ജില്ലാ നോഡൽ അഥോറിറ്റിക്ക് അയച്ച് കൊടുക്കുന്നു. ജില്ല നോഡൽ അഥോറിറ്റി നേരിട്ട് കേന്ദ്ര സർക്കാരിന്റെ സൈറ്റിലേക്ക് അപ് ലോഡ് ചെയ്യുന്നു. വാക്സിൻ വരുന്ന മുറയ്ക്ക് ആദ്യം ലഭ്യമാക്കുക ഈ വിഭാഗത്തിനായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ