- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്സിൻ മറികടക്കുന്ന വകഭേദം കണ്ടെത്തിയതും യൂറോപ്പിൽ മൂന്നാം ഘട്ട വ്യാപനം തുടങ്ങിയതും ആശങ്കയുയർത്തുന്നു; വിദേശത്തേക്കുള്ള അവധി ആഘോഷിക്കാൻ ബുക്ക് ചെയ്യുന്നവർക്ക് പണികിട്ടിയേക്കും; യൂറോപ്പിൽ നിന്നും നാട്ടിലെത്താൻ വെമ്പുന്ന പ്രവാസികൾ കരുതലെടുക്കുക
ലണ്ടൻ: രോഗവ്യാപനവും മരണങ്ങളും കുറയുമ്പോഴും, വാക്സിൻ പദ്ധതി പ്രതീക്ഷിച്ചതിലും വേഗത്തിൽ പുരോഗമിക്കുമ്പോഴും, കോവിഡിൽ നിന്നും സമ്പൂർണ്ണ സുരക്ഷ ഉടനെയൊന്നും പ്രതീക്ഷിക്കേണ്ട എന്നാണ് പല വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. വേനലവധിക്ക് വിദേശങ്ങളിലേക്ക് യാത്രപോകുവാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് അപക്വമായ ഒരു തീരുമാനമാണെന്നും അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്നുമാണ് സർക്കാർ പറയുന്നത്. ബ്രിട്ടന് വെളിയിൽ എന്താണ് സംഭവിക്കുന്നതെന്നറിയാതെ കണ്ണും കാതും അടച്ചിരിക്കാൻ സർക്കാരിന് കഴിയില്ലെന്ന ഡിഫൻസ് സെക്രട്ടറിയുടെ ഇന്നലത്തെ പ്രസ്താവന, വേനൽക്കാല യാത്രകൾ അസാദ്ധ്യമാകുമെന്ന വികാരം ശക്തമാക്കിയിട്ടുണ്ട്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലൂടെ നേടിയ പുരോഗതി വീണ്ടുവിചാരമില്ലാത്ത നടപടികൾ കൊണ്ട് ഇല്ലാതെയാക്കാൻ അനുവദിക്കുകയില്ലെന്നും ഡിഫൻസ് സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. വിദേശങ്ങളിൽ നിന്നും കൂടുതൽ വൈറസുകളെ ഇറക്കുമതി ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിന്റെ പല ഭാഗങ്ങളിലും കോവിഡിന്റെ മൂന്നാം വരവ് കനക്കാൻ തുടങ്ങിയതോടെ യാത്രാനിരോധനം പ്രതീക്ഷിച്ചതിലും കൂടുതൽ കാലത്തേക്ക് നീട്ടേണ്ടി വന്നേക്കാം എന്ന് ചില വൈറ്റ്ഹാൾ വൃത്തങ്ങൾ സംശയം പ്രകടിപ്പിച്ചു. അത്യാവശ്യമല്ലാത്തകാര്യങ്ങൾക്കായി, ചില രാജ്യങ്ങളിലേക്ക് മാത്രം യാത്രചെയ്യാൻ ഉതകും വിധത്തിൽ പുതിയൊരു ട്രാഫിക് ലൈറ്റ് സമ്പ്രദായം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതായുള്ള ചില സൂചനകളും പുറത്തുവന്നിട്ടുണ്ട്.
രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളെ റെഡ് ലിസ്റ്റിലും വാക്സിൻ നിരക്ക് കൂടുതലുള്ള രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിലും ഉൾപ്പെടുത്തിയുള്ളതായിരിക്കും പുതിയ രീതി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ, ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങൾ സന്ദർശിച്ച് തിരികെയെത്തുമ്പോൾ ക്വാറന്റൈൻ ആവശ്യമായി വരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിലെ നിയമത്തിൽ അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്കുള്ള വിദേശയാത്രകൾ പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് ഇത് നീക്കം ചെയ്യുവാനുള്ള നിർദ്ദേശങ്ങൾ ടാസ്ക് ഫോഴ്സ് ഏപ്രിൽ 12 ന്, അന്ന് നിലവിലുള്ള സ്ഥിതിഗതികൾ വിലയിരുത്തി സമർപ്പിക്കും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. അതിനുശേഷം സർക്കർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും, ബോറിസ് ജോൺസൺ സമർപ്പിച്ച, ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള മർഗ്ഗരേഖകളിൽ പറയുന്നുണ്ട്.
എന്നിരുന്നാലും മെയ് 17-ന് മുൻപായി ഇത് നടപ്പിലാകും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, വാക്സിൻ പദ്ധതി പ്രതീക്ഷിച്ചതിലും വേഗത്തിലാവുകയും, രോഗവ്യാപനം കുറയുകയും ചെയ്ത സാഹചര്യത്തിൽ വിദേശയാത്രകൾക്ക് മേലുള്ള നിയന്ത്രണം പറഞ്ഞതിലും നേരത്തേ നീക്കുമെന്നൊരു പ്രതീക്ഷ ഉയർന്നിരുന്നു. ഇതാണ് ഇപ്പോൾ ഇല്ലാതെയായിരിക്കുന്നത്. ഇതോടെ വരുന്ന വേനലവധിയും ബ്രിട്ടീഷുകാർക്ക് രാജ്യത്തിനകത്തു തന്നെ ആഘോഷിച്ചു തീർക്കേണ്ടതായി വന്നേക്കാം.
മറുനാടന് ഡെസ്ക്