ന്യൂഡൽഹി: ഒടുവിൽ കോവഡിൽ സുപ്രീംകോടതി ഇടപെടലും. കേന്ദ്ര സർക്കാരിന് തിരിച്ചടിയാണ് പരമോന്നത കോടതിയുടെ ഈ നീക്കം. കോവിഡ് പ്രതിസന്ധി പരിഹരിക്കാൻ, ശാസ്ത്രീയതയും വിഷയ വൈദഗ്ധ്യവും പരിഗണിച്ചാണു ദേശീയ സമിതി രൂപീകരിച്ചതെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നത് ഈ സാഹചര്യത്തിലാണ്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന വിലയിരുത്തലിന് അടിവരയിടുന്നതാണ് വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി ദേശീയ കർമ സമിതി (എൻടിഎഫ്) രൂപീകരിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നിലവിൽ ദേശീയ സംവിധാനമുണ്ട്. കർമ സമിതി, ഉന്നതാധികാര സമിതി എന്നിങ്ങനെ പല പേരുകളിൽ കേന്ദ്രത്തിൽ പല സമിതികൾ പ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ, കേന്ദ്രത്തിനു ശാസ്ത്രീയവും യുക്തിഭദ്രവുമായ നിർദേശങ്ങൾ ലഭിക്കുന്നില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. അതിനാലാണ് 10 ഡോക്ടർമാരുൾപ്പെടുന്ന എൻടിഎഫ് രൂപീകരിച്ചിരിക്കുന്നത്. ഈ സമിതിയുടെ നിർദ്ദേശങ്ങളെ ഇനി കേന്ദ്ര സർക്കാരിന് അവഗണിക്കാനാകില്ല. അതായത് കോവിഡ് പ്രതിരോധത്തിൽ നിർണ്ണായക റോളിൽ ഇനി സുപ്രീംകോടതിയുണ്ടാകും. സർക്കാരിനെ തിരുത്തുകയാകും ഈ ഇടപെടലിന്റെ ലക്ഷ്യവും.

ഭാവിയിലേക്ക് ആവശ്യമായി വരുന്ന കാര്യങ്ങൾ മനസ്സിലാക്കി, അനുഭവങ്ങളുടെ കൂടി വെളിച്ചത്തിൽ ഉപയോഗപ്പെടുത്തുകയാണു സുപ്രീംകോടതി തീരുമാനത്തിന്റെ കാതൽ. ഈ ഇടപെടലിനെ കേന്ദ്ര സർക്കാർ എതിർത്തിരുന്നില്ല. തിരിച്ചടിയുടെ അളവ് കുറയ്ക്കാനായിരുന്നു ഇത്. കോവിഡ് മുന്നാം തരംഗത്തെ നേരിടുകയാണ് കർമ്മ സമിതിയുടെ പ്രധാന ലക്ഷ്യം. ഓക്‌സിജൻ, മരുന്ന്, അടിസ്ഥാന സൗകര്യങ്ങൾ, മനുഷ്യവിഭവ ശേഷി, വിഭവങ്ങൾ വിവിധയിടങ്ങളിൽ എത്തിക്കാനുള്ള സൗകര്യം തുടങ്ങിയവയിൽ കണക്കുകൂട്ടലുകളും നിർദേശങ്ങളും സമർപ്പിക്കാൻ കോടതി നിർദേശിക്കുന്നു. അതായത് രാജ്യത്തിന്റെ കോവിഡ് നയം ഇനി ഈ സമിതി നിശ്ചയിക്കും. ഭാവി ഇടപെടലുകളിലും ഈ സമിതിക്ക് നിർണ്ണായക ചുമതലകളുണ്ടാകും.

മെഡിക്കൽ ഓക്‌സിജൻ ആവശ്യകത, ലഭ്യത, വിതരണം എന്നിവ സംബന്ധിച്ചു രാജ്യത്തെ സ്ഥിതി പരിശോധിച്ചു നിർദ്ദേശം നൽകണം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഓക്‌സിജൻ അനുവദിക്കാനുള്ള മാനദണ്ഡം രൂപീകരിക്കണം. കൃത്യമായ ഇടവേളകളിൽ പരിശോധനയും ആവശ്യമായ മാറ്റങ്ങളും നിർദേശിക്കണം. അവശ്യമരുന്നുകളുടെ ലഭ്യത പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുക-അതായത് സർക്കാർ ചെയ്യേണ്ട പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് ഈ സമിതിയുടെ ചുമതലകളിലേക്ക് വരുന്നത്. മോദി സർക്കാരിന് അതുകൊണ്ട് തന്നെ ഇനി കോവിഡ് നയങ്ങളെ സ്വാധീനിക്കാൻ കഴിയുമോ എന്ന ചർച്ചയും സജീവമാണ്.

കോവിഡ് ബാധിച്ച് ആശുപത്രികളിലെത്തിയവരിൽ 180 പേരെങ്കിലും ഓക്‌സിജൻ ലഭിക്കാതെ മരിച്ചെന്നാണ് സംസ്ഥാനങ്ങളിൽനിന്നുള്ള കണക്ക്. ഡൽഹിയിലെ ഓക്‌സിജൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഇടപെടുകയും കേന്ദ്ര സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിക്കു നീങ്ങുകയും ചെയ്തു. അതിനെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു. കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്‌തെങ്കിലും കേന്ദ്രത്തിന്റെ നടപടികൾ തൃപ്തികരമല്ലെന്നാണു സുപ്രീം കോടതി വിലയിരുത്തിയത്. എൻടിഎഫ് രൂപീകരിക്കുന്നതിനുള്ള ഉത്തരവിൽ അതു സൂചിപ്പിക്കുന്നുമുണ്ട്.

ഈ സമിതിക്ക് പ്രധാന ഉത്തരവാദിത്തങ്ങളും കോടതി നൽകി. ഉൾപ്രദേശങ്ങളിൽ ഉൾപ്പെടെ ആരോഗ്യവിദഗ്ധന്റെ പരിചരണവും സേവനവും ലഭ്യമാക്കാൻ സാങ്കേതിക സംവിധാനങ്ങളുടെ ഉപയോഗം ഉറപ്പാക്കുക. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ലഭ്യത വർധിപ്പിക്കുക. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഗവേഷണ രീതികൾ പ്രോത്സാഹിപ്പിക്കുക. കോവിഡ് നിയന്ത്രണത്തിനും ചികിത്സയ്ക്കും ഫലപ്രദമായ മാതൃകകൾ കണ്ടെത്തി പങ്കുവയ്ക്കുക എന്നിവയും സമിതിയുടെ ജോലിയാണ്.

സംസ്ഥാന തലത്തിൽസമിതി നിയോഗിക്കുന്ന ഉപസമിതി ഓഡിറ്റിങ് നടത്തും. സംസ്ഥാന വകുപ്പു സെക്രട്ടറി, കേന്ദ്രത്തിൽ നിന്ന് അഡീഷനൽ/ജോയിന്റ് സെക്രട്ടറി, ഭരണതലത്തിൽ പരിചയമുള്ള 2 ഡോക്ടർമാർ, പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ പ്രതിനിധി എന്നിവർ അംഗങ്ങളാകും.

12 അംഗ സമിതിക്കാണ് മുഖ്യ ചുമതലയെങ്കിലും ഇക്കാര്യത്തിൽ സർക്കാരുമായുള്ള ഏകോപനം ഉറപ്പാക്കാനുള്ള നിർദേശവും സുപ്രീം കോടതി മുന്നോട്ടുവച്ചു. സമിതിക്ക് ആവശ്യമായ കാര്യങ്ങളിൽ ആശയവിനിമയം നടത്താനും വിവരങ്ങൾ ലഭ്യമാക്കാനുമായി കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഉദ്യോഗസ്ഥരെയും സമിതിയിൽ ഉൾപ്പെടുത്താമെന്നാണു സുപ്രീം കോടതി ഉത്തരവിൽ പറയുന്നത്. എങ്കിലും സമിതിയെ പൂർണ്ണമായും നിയന്ത്രിക്കാൻ സർക്കാരിന് കഴിയുകയുമില്ല.

നിതി ആയോഗ് ഉപാധ്യക്ഷൻ നിർദേശിക്കുന്ന നിതി ആയോഗ് അംഗം, വിവിധ മന്ത്രാലയ സെക്രട്ടറിമാർ, ഡൽഹി എയിംസ് ഡയറക്ടർ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് ഡയറക്ടർ ജനറൽ, കേന്ദ്ര സർക്കാരിന്റെ ഹെൽത്ത് സർവീസസ് ഡയറക്ടർ, നാഷനൽ ഇൻഫോമാറ്റിക്‌സ് സെന്റർ ഡയറക്ടർ ജനറൽ, സിഡാക് മേധാവി തുടങ്ങിയവരെയും സമിതിക്ക് ഉപയോഗപ്പെടുത്താം. ഇതിൽ സെക്രട്ടറിമാർക്ക് ആവശ്യമെങ്കിൽ അഡീഷനൽ സെക്രട്ടറിയെയോ ജോയിന്റ് സെക്രട്ടറിയെയോ പകരം നിയോഗിക്കാം. പ്രവർത്തന രീതിയും മറ്റും തീരുമാനിക്കുന്നതു ദേശീയ കർമസമിതിയായിരിക്കുമെന്നു മാത്രം.

കാബിനറ്റ് സെക്രട്ടറിയാണു ദേശീയ കർമസമിതി കൺവീനറെങ്കിലും ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ പകരം ആളെ നിയോഗിക്കാൻ അനുമതിയുണ്ട്. അഡീഷനൽ സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ പകരക്കാരനായി നിർദേശിക്കാമെന്നാണു കോടതി വ്യക്തമാക്കിയിരിക്കുന്നത്.