തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലാണെന്ന അവസ്ഥ വന്നതോടെ സർക്കാർ എല്ലാം കൈയൊഴിയുന്ന മട്ടിലാണ്. കോവിഡ് രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിൽനിന്ന് പൊലീസ് പിന്മാറുന്നുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന വാർത്ത. കോവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീത വർധനയില്ലാത്ത സാഹചര്യത്തിലാണ് പിന്മാറ്റമെന്നാണ് പറയുന്നത്.

ആരോഗ്യവകുപ്പുമായി ചർച്ചചെയ്താകും ഘട്ടംഘട്ടമായുള്ള പിന്മാറ്റം. ഇതുസംബന്ധിച്ച് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാർക്കു നിർദ്ദേശം നൽകി. ചുമതലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷൻ ഡ്യൂട്ടിയിലേക്കു മാറ്റാനും നിർദേശിച്ചു. കോവിഡ് വ്യാപനനിരക്ക് വർധിച്ച ഘട്ടത്തിലാണ് രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന ചുമതല പൊലീസിലേക്കെത്തിയത്. ഇതിനെതിരേ ആരോഗ്യവകുപ്പിൽനിന്നുൾപ്പെടെ പ്രതിഷേധമുയർന്നു. വീടുകളിൽ ക്വാറന്റീനിലുള്ളവരുടെ നിരീക്ഷണത്തിനും പൊലീസിനെ ചുമതലപ്പെടുത്തിയിരുന്നു.

കോവിഡ് രോഗികളുടെ എണ്ണം കൂടിയിരുന്നപ്പോൾ സമ്പർക്കപ്പട്ടിക തയ്യാറാക്കിയിരുന്നത് കഠിനപ്രയത്‌നമായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഒരുവിഭാഗം പൊലീസുകാരെ ഇതിനായി മാറ്റിയപ്പോൾ ക്രമസമാധാനപാലന പ്രവർത്തനങ്ങളെ ബാധിക്കുന്ന അവസ്ഥയുമുണ്ടായി.

അതേസമയം ഇപ്പോൾ കേരളത്തിൽ എല്ലാം തുറക്കുന്ന അവസ്ഥയിലാണ്. സ്‌കൂളുകളും തീയറ്ററുകളും തുറക്കുന്നു. ഈ ഘട്ടത്തിലാണ് പൊലീസിന്റെ പിന്മാറ്റം. ഇനി ട്രാക്കിങ് എളുപ്പം സാധിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതസമയം പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്ക് (ടെസ്റ്റ് പോസിറ്റിവിറ്റി) ഇന്ത്യ 2.2% ആയിരിക്കുമ്പോൾ കേരളത്തിൽ ഇത് പത്ത് ശതമാനത്തിന് മുകളിലാണ്.

പ്രതിദിന കോവിഡ് ബാധിതരുടെ കണക്കിൽ കേരളം അയ്യായിരത്തിനു മുകളിൽ നിൽക്കുമ്പോൾ, തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയിൽ ശരാശരി 3000 ആണ്. ഛത്തീസ്‌ഗഡിൽ 1000 കേസുകളും. തമിഴ്‌നാട്ടിലെ പ്രതിദിന കണക്ക് ആയിരത്തിൽ താഴെയായിട്ടുണ്ട്. കോവിഡ് പരിശോധനയിൽ കൃത്യത കൂടുതലുള്ള ആർടിപിസിആർ പരിശോധന മാത്രമേ തമിഴ്‌നാട് സർക്കാർ നടത്തുന്നുള്ളൂ. ഇതിനകം 1.25 കോടി ആർടിപിസിആർ പരിശോധനകളാണ് അവിടെ നടത്തിയത്.