- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ കോവിഡ് ബാധിതർ നാല് ലക്ഷം കടക്കും; മെയ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഉയർന്ന തോതിലെത്തി കുറയും; തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മെയ് അവസാനം വരെ ഉയർന്നു നിന്നേക്കുമെന്നും പ്രൊജക്ഷൻ റിപ്പോർട്ട്; ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കാൻ അടിയന്തര നടപടിയുമായി സർക്കാർ
തിരുവനന്തപുരം: മെയ് പകുതിയോടെ കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പരമാവധി ഉയരാനിടയുണ്ടെന്ന പ്രൊജക്ഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കാൻ അടിയന്തര നടപടികളുമായി സംസ്ഥാന സർക്കാർ. ഡോക്ടർമാരുടെ കുറവു പരിഹരിക്കാൻ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികളുടെ സേവനം പ്രയോജനപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
മെയ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഏറ്റവും ഉയർന്ന തോതിലെത്തി പിന്നീടു കുറയുമെന്നാണ് പ്രൊജക്ഷൻ റിപ്പോർട്ടിൽ പറയുന്നത്. ആ സമയത്ത് ചികിത്സയിലുള്ളവർ നാലു ലക്ഷത്തോളമാകും. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ എണ്ണം മെയ് അവസാനം വരെ ഉയർന്നു നിൽക്കാനിടയുണ്ട്.
കഴിഞ്ഞ 19നു തയാറാക്കിയ ആദ്യ റിപ്പോർട്ട് പ്രകാരം മെയ് രണ്ടാം വാരം 2.18 ലക്ഷം പേർ വരെ ചികിത്സയിലുണ്ടാകുമെന്നാണു വിലയിരുത്തിയത്. എന്നാൽ, കൂട്ടപ്പരിശോധനയുടെ ഫലങ്ങൾ വന്നതോടെ റിപ്പോർട്ട് പുതുക്കിയിരുന്നു.
ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത കോവിഡ് ബാധിതർ വീടുകളിൽ തന്നെ കഴിയണമെന്നു നിർദേശിക്കും. ഏതൊക്കെ രോഗികൾക്കാണ് ആശുപത്രിയിൽ കിടത്തിച്ചികിത്സ ആവശ്യമെന്നു കണ്ടെത്താൻ പ്രായോഗിക മാനദണ്ഡങ്ങൾ തയാറാക്കാനും മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുമായി ചർച്ച നടത്തി. രോഗവ്യാപനം വർധിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ച് സെർജ് പ്ലാനുകൾ തയാറാക്കാൻ മെഡിക്കൽ കോളജുകളോട് ആവശ്യപ്പെട്ടു.
കൂടുതൽ രോഗബാധിതരുള്ള കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ കിടക്കകളും ഐസിയു കിടക്കകളും വർധിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കാസർകോട്ടെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമുണ്ടെന്ന റിപ്പോർട്ടിലും അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മെയ് പകുതിയോടെ നാലു ലക്ഷം കവിയുമെന്നാണ് ദുരന്ത നിവാരണ അഥോറിറ്റിയുടെ പ്രൊജക്ഷൻ റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകിയിരുന്നത്.
പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം അര ലക്ഷത്തിനു മുകളിലെത്താം. ഇത്തരമൊരു അവസ്ഥയുണ്ടായാൽ നിലവിലെ ആശുപത്രി സൗകര്യങ്ങൾ തികയില്ല. ഈ സാഹചര്യത്തിലാണ് സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വർധിപ്പിക്കുന്നത്.
സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് (റീപ്രൊഡക്ഷൻ റേറ്റ്ആർ) 2.5 ആയി. ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ആർ നിരക്ക് കൂടുതൽ. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇതു കുറവാണ്. പ്രതിവാര വർധന നിരക്ക് ശരാശരി 150 ശതമാനമാണ്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടുത്താഴ്ച മുതൽ നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ നിയന്ത്രണം കർശനമാക്കും. സിനിമ, ടിവി സീരിയൽ ഷൂട്ടിങ് നിർത്തിവെക്കും.
മാർക്കറ്റുകളിൽ കച്ചവടക്കാർ രണ്ടു മീറ്റർ അകലം പാലിക്കണമെന്നും ഇവർ രണ്ടു മാസ്‌ക് ധരിക്കണമെന്നും നിർദേശിച്ചിരുന്നു. വീട്ടു സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകാൻ കച്ചവടക്കാർ മുൻഗണന നൽകണമെന്നും നിർദേശമുണ്ട്.
ദുരന്തനിവാരണ നിയമം ഉപയോഗിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബാങ്കുകൾ സമയക്രമം പാലിക്കണം, അകലം പാലിക്കാൻ പറ്റാത്ത ചടങ്ങുകൾ നിർത്തിവെക്കണം. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കൊണ്ടുപോകുന്ന വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കണം. ഓക്സിജൻ കൊണ്ടുപോകുന്ന വാഹനങ്ങളിലും സ്റ്റിക്കർ പതിക്കണം.
അതേസമയം സംസ്ഥാനത്ത് 38,607 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ്-19 സ്ഥിരീകരിച്ചത്. 2,84,086 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,93,840 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.
ന്യൂസ് ഡെസ്ക്