- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷം; ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജനും കിടക്കകളും ഇല്ല; മരണത്തെ മുഖാമുഖം കണ്ട് ഗുരുതരാവസ്ഥയിലുള്ള രോഗികൾ; ജീവശ്വാസത്തിനായി കേഴുന്നവരോട് ആൽമരത്തിന് ചുവട്ടിൽ ഇരിക്കാൻ നിർദേശിച്ച് യു പി പൊലീസ്
പ്രയാഗ്രാജ്: കോവിഡ് വ്യാപനം രൂക്ഷമായ ഉത്തർപ്രദേശിലെ ആശുപത്രികളിൽ കടുത്ത ഓക്സിജൻ ക്ഷാമം നേരുടന്നതായി റിപ്പോർട്ട്. ആശുപത്രിയിൽ കിടക്കയില്ല, ഭൂരിഭാഗം ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ശ്വാസം ലഭിക്കാതെ റോഡിലും നിരത്തിലും കാത്തുനിൽക്കുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,156 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഗുജറാത്തിലെ വഡോദരയിലെ കെയർ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലുണ്ടായിരുന്ന 22 രോഗികൾ ഓക്സിജനില്ലാതെ മരണത്തെ മുഖാമുഖം കണ്ടു. ഗുരുതരമായി കോവിഡ് ബാധിച്ച രോഗികളായിരുന്നു ഇവർ. രാത്രി 9.30 വരെ രോഗികൾക്ക് നൽകുവാനുള്ള ഓക്സിജൻ മാത്രമായിരുന്നു ഇവിടെ ശേഷിച്ചിരുന്നത്.
ഓക്സിജൻ അടിയന്തിരമായി ആവശ്യമാണെന്ന് അധികാരികളെ അറിയിച്ചുവെങ്കിലും ലഭ്യമാകുന്ന സൂചനകളൊന്നും ഇല്ലാതിരുന്നതോടെ ആശുപത്രി അധികൃതർ അപായ സന്ദേശം നൽകുകയായിരുന്നു. ആശുപത്രിക്ക് ഓക്സിജൻ സ്ഥിരമായി എത്തിച്ചിരുന്ന വിതരണ ഏജൻസിയുടെ ഭാഗത്തുനിന്നും യാതൊരു മറുപടിയും ലഭിക്കാത്തതിനെ തുടർന്നായിരുന്നു ഇത്.
വൈകാതെ ആശുപത്രിയിൽ ഓക്സിജൻ സ്റ്റോക്ക് തീരും എന്ന് ഉറപ്പായതോടെ രോഗികളുടെ ബന്ധുക്കളോട് സ്വന്തം നിലയിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുവാൻ ആവശ്യപ്പെട്ടു. ഇതിനൊപ്പം സമീപത്തെ മറ്റ് സ്വകാര്യആശുപത്രികളിൽ നിന്നും ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള വഴികളും അധികാരികൾ തേടി.
വഡോദര ഓക്സിജൻ കൺട്രോൾ റൂമിലേക്കും മറ്റ് അധികാരികളിലേക്കും, ഏജൻസികളിലേക്കും സഹായത്തിനായി വിളിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.കോവിഡ് രോഗികളെ മരണത്തിന് വിട്ടുകൊടുക്കാതെ സാദ്ധ്യമായ എല്ലാ വഴികളും തേടിയ ആശുപത്രി അധികാരികൾക്ക് ആശ്വാസമായത് പുലർച്ചെ 12.30 ഓടെ ഓക്സിജൻ ടാങ്കർ എത്തിച്ചേർന്നപ്പോഴാണ്.
മറ്റ് ആശുപത്രികളിൽ നിന്നും എത്തിച്ച സിലിണ്ടറിന്റെ സഹായത്തോടെയാണ് അതുവരെ രോഗികളുടെ ജീവൻ പിടിച്ചുനിർത്താനായത്. ഗുജറാത്തിൽ വഡോദരയിൽ മാത്രം പത്ത് സ്വകാര്യ ആശുപത്രികളാണ് ഓക്സിജൻ ലഭിക്കുന്നതിൽ തങ്ങൾ ബുദ്ധിമുട്ടുന്നതായി പ്രതികരിച്ചിട്ടുള്ളത്.
ഓക്സിജൻ തീർന്നുപോകുമോ എന്ന ഭയം മൂലം പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുവാൻ ആശുപത്രികൾ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. സർക്കാർ ആശുപത്രികൾക്ക് മുൻഗണന നൽകാൻ ഓക്സിജൻ ഏജൻസികളോട് അധികാരികൾ ആവശ്യപ്പെട്ടുവെന്നും ആരോപണമുണ്ട്.
അതേ സമയം ഓക്സിജൻ തേടി പ്ലാന്റുകളിലും ആശുപത്രികളിലും എത്തുന്നവരോട് രോഗികളെയും കൊണ്ട് ആൽമരത്തിന്റെ ചുവട്ടിൽ ഇരിക്കാനാണ് സുരക്ഷാ ചുമതലയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതെന്ന് രോഗികൾ പരാതിപ്പെടുന്നു. ദേശീയമാധ്യമത്തോടാണ് നിരവധി പേർ സമാനമായ പരാതിയുമായി രംഗത്തെത്തിയത്.
രോഗിയായ അമ്മയ്ക്കായി ഓക്സീജൻ തേടിയെത്തിപ്പോൾ സമാനമായ മറുപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു പ്രയാഗ്രാജ് സ്വദേശി പരാതിപ്പെടുന്നു. ഉറ്റവരുടെ ജീവൻ നിലനിർത്താനായി ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകളിലും പരക്കം പായുന്നവർ പൊലീസിന്റെ നിർദ്ദേശം കേട്ട് അമ്പരന്നു. അപ്രകാരം ചെയ്യുന്നതു രോഗികളുടെ ശരീരത്തിലെ ഓക്സിജൻ ലെവൽ ഉയർത്തുമെന്നാണ് പൊലീസിന്റെ അവകാശ വാദം.
ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത പ്രമുഖ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകളിലും ജീവശ്വാസത്തിനു വേണ്ടി പരക്കം പായുന്നവരുടെ എണ്ണം വളരെയധികമാണെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രയാഗ്രാജ് എംഎൽഎ ഹർഷ വർധന്റെ ഉടമസ്ഥതയിലുള്ള വാജ്പേയ് ഓക്സിജൻ പ്ലാന്റിനു മുന്നിൽ ജനങ്ങളുടെ വൻ തിരക്കാണ്. ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ സർക്കാർ പ്ലാന്റ് ഏറ്റെടുത്തു. വ്യവസായിക ആവശ്യങ്ങൾക്ക് ഓക്സിജൻ നൽകുന്നത് നിർത്തി, ആശുപത്രികൾക്ക് മാത്രമാണ് ഓക്സിജൻ നൽകുന്നത്, കനത്ത പൊലീസ് കാവലിലാണ് ഓക്സിജൻ പ്ലാന്റ് പ്രവർത്തിക്കുന്നത്.
ആളുകൾ ആശുപത്രിയിലേക്ക് കോവിഡ് ബാധിതരുമായി തള്ളിക്കയറുന്നതാണ് കോവിഡ് പ്രതിരോധങ്ങളുടെ താളം തെറ്റിക്കുന്നതെന്നാണ് അധികൃതർ പറയുന്നു. എന്നാൽ രോഗികൾ വീട്ടിൽ കഴിഞ്ഞാലും അവർക്ക് ജീവൻ നിലനിർത്താൻ ഓക്സിജൻ വേണം. വീടുകളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ഓക്സിജൻ ഇല്ലെന്നു രോഗികൾ പരാതിപ്പെടുന്നു.
കനത്ത കാവലിലാണ് പ്ലാന്റുകളുടെ പ്രവർത്തനം. ഞങ്ങൾ എവിടെ പോയാലും അവർ ഞങ്ങളെ തിരിച്ചു വിടുന്നു. എല്ലാ ആശുപത്രിയിലും ഓക്സിജൻ പ്ലാന്റുകളിലും ഓക്സിജൻ ലഭ്യതയില്ലെന്ന ബോർഡുകൾ ഉയർന്നു കഴിഞ്ഞു. ഞങ്ങളോട് സംസാരിക്കാൻ ആരുമില്ല. ഉത്തരവാദിത്തപ്പെട്ട ആരുടെങ്കിലും സംസാരിക്കണമെന്ന ഞങ്ങളുടെ ആവശ്യംപോലും പൊലീസ് അനുവദിക്കുന്നില്ലെന്നും രോഗികളുടെ ബന്ധുക്കൾ പരാതിപ്പെടുന്നു.