തിരുവനന്തപുരം: ബിവറേജസിന് മുമ്പിൽ എന്തുമാകാം... പക്ഷേ ബാങ്കിന് മുമ്പിൽ പണം എടുക്കാൻ മാസ്‌ക് ധരിച്ചു നിന്നാൽ ചോദ്യം ചെയ്യും. പിഴ അടയ്ക്കണം. പശുവിന് പുല്ലു പറിക്കാൻ പോയാലും പിഴ. ചടയമംഗലത്ത് സിങ്കക്കുട്ടി പൊലീസിന് നേരെ കൈചൂണ്ടി. പൊലീസിനെ വിറപ്പിച്ച ഗൗരി നന്ദനയ്ക്ക് എതിരെ കേസെടുത്താണ് പ്രതികാരം പൊലീസ് തീർത്തത്. കോവിഡ് നിയന്ത്രണം എല്ലാം പാളി. പൊലീസ് കൈവിട്ടും കളിക്കുന്നു. ഇതോടെ പെറ്റി അടിക്കലിൽ പ്രതിഷേധം ശക്തമാകുകയാണ്.

രോഗവ്യാപനത്തിന് ശമനമില്ലാതെ നിയന്ത്രണങ്ങൾ അനിശ്ചിതമായി തുടരുന്നതിൽ അതൃപ്തിയും ഉയരുന്നുണ്ട്. മാർച്ച് 23-ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞത്, 2020 മാർച്ച് 25 മുതൽ 2021 ജൂലായ് 22 വരെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 5,75,839 കേസാണ് പൊലീസ് രജിസ്റ്റർ ചെയ്തതെന്നാണ്. 5,19,862 പേരെ അറസ്റ്റു ചെയ്തു. 3,42,832 വാഹനങ്ങൾ പിടിച്ചെടുത്തു.

പത്രസമ്മേളനം നടത്തിയതിന്റെ തലേദിവസത്തെ 24 മണിക്കൂറിൽമാത്രം പിഴയായി 40,21,450 രൂപയാണ് ഈടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അതായത്, ദിവസം 40 ലക്ഷത്തോളം രൂപയാണ് പിഴയായി പിരിക്കുന്നത്. പരമാവധി പിരിവെടുക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനെതിരെയാണ് ചടയമംഗലത്ത് ഗൗരിനന്ദ പൊട്ടിത്തെറിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി. എന്നിട്ടും പിരിവ് കുറയുന്നില്ല.

വ്യാഴാഴ്ച കൊല്ലം കല്ലുവാതുക്കലിൽ പാമ്പുറം ഇ.എസ്‌ഐ. ജങ്ഷനുസമീപം അഞ്ചുതെങ്ങ് സ്വദേശിനിയായ വയോധിക വിൽക്കാൻ പാത്രങ്ങളിൽ നിറച്ചുവെച്ചിരുന്ന മീൻ പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന ആരോപണമുണ്ട്. മീൻ നിലത്തുകിടക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്തു. എന്നാൽ, മീൻ നിലത്ത് തട്ടിയെന്ന ആരോപണം പൊലീസ് നിഷേധിച്ചിട്ടുണ്ട്.

ഭാര്യ കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് പശുവിന് പുല്ലരിയാനും കടകളിലേക്കും പോയ ക്ഷീരകർഷകൻ കാസർകോട് അട്ടേങ്ങാനം പാറക്കല്ലിലെ നാരായണന് അമ്പലത്തറ പൊലീസ് ചുമത്തിയ പിഴ 2000 രൂപയെന്നതും ഞെട്ടലോടെയാണ് മലയാളി കേട്ടത്. നാരായണന്റെ കൈയിൽ പണമില്ലാത്തതിനാൽ നാട്ടുകാർ പിരിച്ചുനൽകിയ തുക ഉപയോഗിച്ചാണ് പിഴയച്ചെത്. ആരോഗ്യ വകുപ്പ് അധികൃതർ പരാതി അറിയിച്ചാണ് പൊലീസെത്തി പിഴ ചുമത്തിയത്.

കോഴിക്കോട് മിഠായിത്തെരുവിനോടു ചേർന്നുള്ള കോർട്ട് റോഡിലെ ഒരു ചെരിപ്പുകട കഴിഞ്ഞ വെള്ളിയാഴ്ച അടയ്ക്കാൻ അഞ്ചു മിനിറ്റ് വൈകിയതിന് പൊലീസ് 2500 രൂപയാണ് പിഴ ഈടാക്കിയത്. എട്ടുമണിക്ക് കടയടയ്ക്കണമെന്നാണ് നിബന്ധന. ഷട്ടർ പാതി താഴ്‌ത്തിയിരുന്നു. ഇങ്ങനെ പിഴ ഈടാക്കുമ്പോഴും രോഗം മാത്രം കുറയുന്നില്ല. അങ്ങനെ പരാതികൾ ഉയരുകയാണ്.

കച്ചവടക്കാർ, ടാക്‌സിത്തൊഴിലാളികൾ എന്നിവർക്കാണ് കൂടുതൽ പരാതി. ജൂൺ 26 മുതൽ ജൂലായ് 26 വരെ 3351 പേർക്ക് പൊലീസ് പിഴയിട്ടു. തെന്നല പഞ്ചായത്തിൽ 23-ന് ജുമുഅ നമസ്‌കാരത്തിന് കൂടുതൽ ആളുകൾ പങ്കെടുത്തെന്നു കാണിച്ച് പള്ളിക്കമ്മിറ്റി ഭാരവാഹികളുടെപേരിൽ പൊലീസ് കേസെടുത്തിരുന്നു. രണ്ട് പള്ളിക്കമ്മിറ്റികൾ പതിനായിരം രൂപവീതം പിഴ അടയ്ക്കുകയും ചെയ്തു. രണ്ട് പള്ളിക്കമ്മിറ്റികൾ പിഴ അടച്ചിട്ടില്ല. ഇവർ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

പെറ്റി എഴുതി നൽകിയതെല്ലാം ഈടാക്കിയാൽ അഞ്ചരക്കോടിയോളം രൂപ ലഭിക്കും. ഏറ്റവും കൂടുതൽ കേസുകൾ എടുക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. റൂറൽ പരിധിയിൽ ശരാശരി 4500-നും 5500-നും ഇടയിൽ കേസ് എടുക്കുന്നുണ്ട്. തിരുവല്ലം, കാട്ടാക്കട എന്നിവിടങ്ങളിൽ പൊലീസിനുനേരെ അക്രമം ഉണ്ടായിട്ടുണ്ട്. എറണാകുളം റൂറലിൽ ഒരാഴ്ചയിൽ 2159 കേസാണ് രജിസ്റ്റർ ചെയ്തത്.