- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും; ഓമിക്രോൺ വ്യാപനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം; വാക്സിനേഷൻ വേഗത്തിലാക്കാൻ നിർദ്ദേശം
ന്യൂഡൽഹി: രാജ്യത്ത് കോവിഡിനൊപ്പം ഓമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. ഓമിക്രോൺ കേസുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പ്രധാനമന്ത്രി കോവിഡ് അവലോകനയ യോഗത്തിൽ നിർദേശിച്ചു.
ജില്ലാതലത്തിൽ ആവശ്യമായ ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കണം. കൗമാരക്കാരുടെ വാക്സിനേഷൻ ത്വരിതപ്പെടുത്തണം. ജനിതക ശ്രേണികരണത്തിലും പരിശോധന, വാക്സീൻ എന്നിവയിലും തുടർച്ചയായ ഗവേഷണം വേണം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അതീവ ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് എത്രവരെ കേസുകൾ കൂടാം എന്നതിന്റെ കണക്കുകൾ അവലോകന യോഗത്തിൽ അവതരിപ്പിച്ചു.
രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, ക്യാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവരും ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. രോഗവ്യാപനത്തിന് പുറമേ കൗമാരക്കാർക്കുള്ള വാക്സിൻ വിതരണം, മുൻകരുതൽ ഡോസ് വിതരണം എന്നിവയും യോഗം വിലയിരുത്തി.
രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ആറ് ലക്ഷത്തിനടുത്തെത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാൻ പ്രാപ്തമായിരിക്കണമെന്നും ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തണമെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
1,59,632 പേർക്കാണ് ഇന്നലെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം ഇതോടെ 5,90,611 ആയി ഉയർന്നു. ഇതിൽ 3623 കേസുകളും ഓമിക്രോൺ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാം തരംഗത്തിൽ റിപ്പോർട്ട് ചെയ്ത പ്രതിദിന കേസുകളേക്കാൾ ഇരട്ടി മൂന്നാം തരംഗത്തിലുണ്ടാകുമെന്ന് കാൺപൂർ ഐഐടി പ്രൊഫസർ മനിന്ദ്ര ആഗർവാൾ അഭിപ്രായപ്പെട്ടു.
കോവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോണും അതിവേഗത്തിൽ വ്യാപിക്കുകയാണ്. രാജ്യത്തെ ആകെ ഓമിക്രോൺ കേസുകളുടെ എണ്ണം 3600 കടന്നു. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്കും മുന്നണി പോരാളികൾക്കും 60 വയസ്സ് കഴിഞ്ഞവർക്കും തിങ്കളാഴ്ച മുതൽ കരുതൽ ഡോസ് വാക്സിൻ നൽകിത്തുടങ്ങും. ഇതിനുള്ള ഓൺലൈൻ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ ബുക്കിങ് ഇല്ലാതെ വാക്സിൻ കേന്ദ്രത്തിൽ നേരിട്ടെത്തിയും കരുതൽ ഡോസ് സ്വീകരിക്കാം.
ഇപ്പോഴത്തെ കണക്കുകൾ അനുസരിച്ച് മൂന്നാം തരംഗത്തിലെ ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ ഉണ്ടാകാൻ പോകുന്നത് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ആകാം. ഡൽഹിയിലും മുംബൈയിലും ഈ മാസം പകുതിയോടെ തന്നെ കേസുകൾ ഏറ്റവും ഉയർന്ന നിരക്കിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ ലോക്ഡൗൺ ഒഴിവാക്കാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു
പ്രതിരോധ നടപടികളെത്തുടർന്നു രാജ്യത്ത് രോഗബാധിതരുടെ എണ്ണം എൺപതിനായിരത്തിലും താഴെ എത്തിയിരുന്നു. എന്നാൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ ആശങ്കയേറി. ആരോഗ്യ പ്രവർത്തകർക്കും വ്യാപകമായി രോഗം പിടിപെടുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചതോടെ കൂടുതൽ കരുതൽ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ.
ന്യൂസ് ഡെസ്ക്