- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ച് രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കി കേന്ദ്രസർക്കാർ; ഒരോ കുട്ടിക്കും പിഎം കെയേഴ്സ് ഫണ്ടിലൂടെ 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകും; സൗജന്യ വിദ്യാഭ്യാസം അടക്കമുള്ള പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ഉപരിപഠനത്തിന് വിദ്യാഭ്യാസ വായ്പ എടുത്താൽ പലിശ പിഎം കെയറിൽനിന്ന്; അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരോ കുട്ടിക്കും പിഎം കെയേഴ്സ് ഫണ്ടിലൂടെ 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അടക്കം നൽകുന്ന ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്.
കുട്ടിക്ക് 18 വയസാകുന്നത് വരെ 10 ലക്ഷം രൂപ അവരുടെ പേരിൽ സ്ഥിര നിക്ഷേമായി ബാങ്കിൽ നിക്ഷേപിക്കും. ഈ തുക ഉപയോഗിച്ച് 18 വയസ്സ് മുതൽ 23 വയസ്സ് വരെ മാസം തോറും കുട്ടിക്ക് സ്റ്റൈപൻഡ് നൽകും
ഇത് ഉന്നത വിദ്യാഭ്യാസത്തിനും വ്യക്തിപരമായ ആവശ്യത്തിനും ചെലവഴിക്കാം. ബാക്കി തുക 23 വയസ്സ് പൂർത്തിയാവുമ്പോൾ നൽകും. കുട്ടികളുടെ വിദ്യാഭ്യാസം പൂർണമായും സൗജന്യമായിരിക്കും. കൂടാതെ 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതിയിലും ഉൾപ്പെടുത്തും.
കുട്ടിയുടെ പേരിൽ 10 ലക്ഷം രൂപ നിക്ഷേപിക്കും. ഈ തുകയിൽനിന്നായിരിക്കും ഉപരിപഠനത്തിനിടെയുള്ള വ്യക്തിഗത ആവശ്യങ്ങൾക്കായി സ്റ്റൈപൻഡ് ലഭ്യമാക്കുന്നത്.
10 വയസ്സിൽ താഴെയുള്ള കുട്ടിയാണെങ്കിൽ അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്കൂളിലോ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഫീസും യൂണിഫോമിന്റേയും പുസ്തകങ്ങളുടേയും ചെലവ് പി.എം കെയേഴ്സ് ഫണ്ടിൽ നിന്ന് നൽകും.
10 വയസ്സിന് മുകളിലുള്ള കുട്ടിയാണെങ്കിൽ സൈനിക് സ്കൂൾ, നവോദയ തുടങ്ങിയ റെസിഡൻഷ്യൽ സ്കൂളുകളിൽ പഠിപ്പിക്കും. മറ്റേതെങ്കുിലും രക്ഷിതാവുണ്ടെങ്കിൽ അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്കൂളിലോ ചേർന്ന് പഠിക്കാം. ചെലവ് സർക്കാർ വഹിക്കും.
ഇത്തരം കുട്ടികളുടെ ഇന്ത്യയ്ക്കുള്ളിൽ തന്നെയുള്ള ഉന്നത വിദ്യാഭ്യാസത്തിനായി ബാങ്ക് വായ്പ ലഭ്യമാക്കാൻ സഹായിക്കും. പലിശ പി.എം കെയേഴ്സ് ഫണ്ടിൽ നിന്ന് നൽകും. ട്യൂഷൻ ഫീസിനായി സ്കോളർഷിപ്പുകൾ ലഭ്യമാക്കും.
ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കീഴിൽ 18 വയസ്സ് വരെ കുട്ടികൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും ഏർപ്പെടുത്തും. കുട്ടികൾ രാജ്യത്തിന്റെ ഭാവിയാണ്. അവരെ സംരക്ഷിക്കാനായി ആവശ്യമുള്ളതെല്ലാം ചെയ്യും. സമൂഹമെന്ന നിലയ്ക്ക് അത് നമ്മുടെ കടമയാണെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.