ആലപ്പുഴ: കോവിഡ് ബാധിച്ച് ക്വാറന്റീനിൽ കഴിയുന്നതിനിടെ പ്രാഥമിക ആവശ്യം നിർവഹിക്കാൻ പോലും വെള്ളമില്ലാതെയായതോടെ പ്രതിസന്ധിയിലായ കുടുംബത്തിന് സഹായഹസ്തവുമായി വനിതാ സിവിൽ പൊലീസ് ഓഫീസർ.

വള്ളികുന്നം വാർഡ് 17 ൽ ലക്ഷം വീട് ഭാഗത്ത് കോവിഡ് 19 ബാധിച്ച് ക്വാറന്റയിനിലായ കുടുംബത്തിന് കിണറ്റിൽ നിന്നും വെള്ളമടിക്കുന്ന പമ്പ് തകരാറിലായതോടെ വീട്ടിൽ ഒരുതുള്ളി വെള്ളമില്ലാതെയായി. സഹായത്തിന് പലരേയും വിളിച്ചെങ്കിലും കോവിഡ് ഭീതിയാൽ ആരും സഹായിക്കാൻ തയ്യാറായില്ല.

രോഗം ബാധിച്ച് അവശരായ വീട്ടുകാർക്ക് പുറത്തെ കിണറ്റിൽ നിന്നും വെള്ളം കോരാനും വയ്യാതെ വിഷമിക്കുന്നതിനിടെയാണ് വിവരം കേട്ടറിഞ്ഞ വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ജയന്തിയെത്തിയത്.

കുടുംബത്തിന്റെ നിസ്സഹായത മനസിലാക്കി മോട്ടോറിന്റെ തകരാർ പരിഹാരിക്കാൻ ശ്രമം തുടരുന്നതിനിടെ വീട്ടിൽ നേരിട്ടെത്തി അത്യാവശ്യത്തിനുള്ള വെള്ളം കിണറ്റിൽ നി്ന്നും പാത്രങ്ങളിൽ കോരി നിറച്ചുകൊടുക്കാനും ജയന്തി തയ്യാറായി.

ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസറുടെ സേവനതത്പരതയുടെ കഥ എന്ന തലക്കെട്ടോടെ നാട്ടുകാരനായ ഒരാൾ പങ്കുവച്ച കുറിപ്പിലൂടെയാണ് പുറംലോകം ഇക്കാര്യം അറിഞ്ഞത്.

മറ്റാരെങ്കിലുമായിരുന്നെങ്കിൽ ദൃശ്യമാധ്യമങ്ങളിൽ കൊടുത്ത് ആഘോഷമാക്കുമായിരുന്ന കാര്യം പൊലീസുകാരി ആയതിനാൽ ആരും ഏറ്റെടുത്തില്ലെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നു.

ഫേസ്‌ബുക്ക് കുറിന്റെ പൂർണരൂപം: 

ആരും പറയാത്ത ഒരു കഥ പറയാം
മറ്റുള്ളവർക്ക് പറയാൻ താത്പര്യമില്ലാത്തൊരു കഥ
മറ്റാരെങ്കിലുമായിരുന്നെങ്കിൽ ദൃശ്യമാധ്യമങ്ങളിൽ കൊടുത്ത് ആഘോഷമാക്കുമായി രുന്ന ഒരു കഥ
ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസറുടെ സേവനതത്പരതയുടെ കഥ
വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീമതി ജയന്തി ജി.യുടെ ഉത്തരവാദിത്യ പൂർണ്ണമായ സേവനത്തിന്റെ
ഇനി കഥയിലേക്ക്
23 - 5 - 2021 ന് വള്ളികുന്നം വാർഡ് 17 ൽ ലക്ഷം വീട് ഭാഗത്ത്
കോ വിഡ് 19 ബാധിച്ച് ക്വേറന്റയിനിലായ ഒരു കുടുംബത്തിലെ കിണറ്റിൽ നിന്നും വെള്ളമടിക്കുന്ന പമ്പ് തകരാറിലായി
തീരെ അവശരായ വീട്ടുകാർക്ക് പുറത്തെ കിണറ്റിൽ നിന്നും വെള്ളം കോരാനും വയ്യ പ്രാഥമിക കൃത്യം പോലും നിർവ്വഹിക്കാൻ വെള്ളമില്ല
അവർ പലരേയും ഫോണിലൂടെ ബന്ധപ്പെട്ടു എല്ലാവരും നിസ്സഹായത പ്രകടിപ്പിച്ചു ഒരു ഇലക്ടിഷ്യനേയോ പ്‌ളംമ്പറേയോ കിട്ടാനില്ല
ഇല്ലാഞ്ഞിട്ടല്ല
കോ വിഡ് പോസിറ്റീവായ വീട്ടിലേക്ക് അവർ വരില്ല വൈകിട്ട് 6 മണിയോടു കൂടി ഈ വിവരം വനിതാപ്പൊലീസ് ശ്രീമതി ജയന്തിയുടെ ചെവിയിലെത്തി
ഒട്ടും സമയം കളയാതെ അവരുമായി സംസാരിച്ച് സമാധാനപ്പെടുത്തി അവർക്ക് ഉറപ്പുകൊടുത്തു
'ഉടൻ ശരിയാക്കിത്തരാം'
പല ഇലക്ട്രിഷ്യന്മാരേയും സമീപിച്ചു
അവസാനം മണ്ണടിശ്ശേരിൽ സുരേഷ്
ആ ദൗത്യം ഏറ്റെടുത്തു
വീട്ടുകാരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കി  DP switch മാറിവച്ചാൽ ശരിയാകും എന്നു പറയുന്നു
ലോക്ഡൗണാണ് കടകൾ തുറക്കില്ല
പെട്ടന്ന്
മണക്കാട്ടുകുറ്റിയിൽ ബെന്നി അച്ചായനെ സമീപിച്ച് കാര്യം പറഞ്ഞു ' ഒരു  DP switch വേണം' അത്യാവശ്യമാണ്
കടതുറക്കാൻ ലോക് ഡൗൺ നിയമം അനുവദിക്കുന്നില്ല
എനിക്ക് കേസ്സിൽപ്പെടാൻ താത്പര്യമില്ലന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി
അച്ചായൻ
വനിതാപ്പൊലീസ്
വീണ്ടും ഉണർന്ന് പ്രവർത്തിച്ചു
വള്ളികുന്നം സ്റ്റേഷനുമായി ബന്ധപ്പെട്ടു
കട തുറക്കുന്നതിനുള്ള പെർമിഷൻ വാങ്ങിച്ച് അച്ചായനെയും കൂട്ടി ചൂ നാട്ടുവന്ന് കട തുറന്ന് സാധനം വാങ്ങിച്ചിട്ട് ഇലക്ട്രീഷ്യൻ സുരേഷിനെ വിളിച്ച് വിവരം പറയുന്നു
അപ്പോഴേക്ക് നേരം നല്ലവണ്ണം ഇരുട്ടിക്കഴിഞ്ഞു
വീട്ടുകാരുടെ വിളി വരുന്നു ഞങ്ങൾക്ക്
പ്രാഥമിക ആവശ്യം പോലും നിർവ്വഹിക്കാൻ വെള്ളമില്ല ഞങ്ങളെ സഹായിക്കണം
സുരേഷിനോട് നിർദ്ദിഷ്ട സ്ഥലത്തേക്ക് വരാൻ പറഞ്ഞിട്ട് നേരേ ലക്ഷം വീട് ജംഗ്ഷനിലുള്ള ആ വീട്ടിൽ ചെന്ന് പുറത്തു നിന്ന് അവരെ വിളിച്ചിട്ട് നിങ്ങളുടെ വീട്ടിലെ വെള്ളമെടുക്കുന്നപാത്രങ്ങൾ എല്ലാം എടുത്ത് മുറ്റത്ത് വയ്ക്കാൻ പറഞ്ഞിട്ട് എല്ലാ പാത്രങ്ങളിലും കിണറ്റിൽ നിന്നും വെള്ളം കോരി നിറച്ചു കൊടുത്തു 'ഇനി ഇലക്ട്രീഷ്യൻ ഇന്ന് വന്നില്ലങ്കിലും ഇവർ ബുദ്ധിമുട്ടരുതല്ലോ '
അല്പം കഴിഞ്ഞ് സുരേഷിന്റെ സഹപ്രവർത്തകനായ ഒരു ഇലക്ട്രിഷ്യൻ വരുന്നു സ്വിച്ച് മാറുന്നു
എല്ലാം ശരിയായി
അപ്പോഴേക്കും രാത്രിയായിരുന്നു
വീട്ടുകാർ
നന്ദിപുർവ്വം കൈകുപ്പി
ജയന്തിപ്പൊലീസ്
കൃതജ്ഞതയോടെ
മടങ്ങി
ഇനി ചെന്നിട്ടു വേണം
മീൻ വെട്ടി
കറിവെയ്ക്കാൻ