ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന് നേരിയ ശമനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

കഴിഞ്ഞയാഴ്ച 21.9 ശതമാനമായിരുന്ന രാജ്യത്തിന്റെ പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 19.8 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള 11 സംസ്ഥാനങ്ങളുണ്ടെന്നും 17 സംസ്ഥാനങ്ങളിൽ സജീവ കേസുകൾ 50,000 ൽ കുറവാണെന്നും അഗർവാൾ പറഞ്ഞു. മഹാരാഷ്ട്ര, യുപി, ഗുജറാത്ത്, ഛത്തീസ്‌ഗഢ് എന്നിവങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി. പക്ഷേ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തമിഴ്‌നാട്ടിൽ സജീവമായ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായത് ആശങ്കയുണർത്തുന്നു.

പ്രതിമാസം 1.5 കോടി ഡോസ് കോവാക്സിൻ നിലവിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും ഉത്പാദനം പ്രതിമാസം 10 കോടി ഡോസായി ഉയർത്താൻ സർക്കാർ ഒരുങ്ങുന്നുവെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോൾ പറഞ്ഞു. ആരോഗ്യ പ്രവർത്തകരിൽ 89 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിൻ നൽകിയെന്നും മുൻനിര പ്രവർത്തകർക്ക് 82 ശതമാനം പേർക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രവർത്തകർക്കിടയിൽ ഒരു ഡോസ് വാക്സിനേഷൻ കവറേജ് രാജസ്ഥാനിൽ 95 ശതമാനവും മധ്യപ്രദേശിൽ 96 ശതമാനവും ഛത്തീസ്‌ഗഢിൽ 99 ശതമാനവുമാണ്. ഡൽഹിയിൽ ഇത് 78 ശതമാനമാണെന്നും ഇത് ദേശീയ ശരാശരിയേക്കാൾ 11 ശതമാനം കുറവാണെന്നും അദ്ദേഹം പറഞ്ഞു.

മുൻനിര പ്രവർത്തകരിൽ ഒരു ഡോസ് വാക്സിനേഷൻ കവറേജ് ഗുജറാത്തിൽ 93 ശതമാനവും രാജസ്ഥാനിൽ 91 ശതമാനവും മധ്യപ്രദേശിൽ 90 ശതമാനവുമാണ്. ഡൽഹിയിൽ ഇത് 80 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.