തിരുവനന്തപുരം: കോവിഡ് മരണത്തിൽ വിവരാവകാശം ചോദിച്ചാലും മറുപടി ഇല്ല. കെപിസിസി സെക്രട്ടറിയായ പ്രാൺകുമാറിന്റെ വിവരാവകാശ ചോദ്യങ്ങൽ ആരോഗ്യ വകുപ്പ് പൂഴ്‌ത്തിയെന്ന് ആരോപണം. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഇടപെടൽ കാരണമാണ് ഇതെന്നാണ് പ്രാൺകുമാർ ആരോപിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രിയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പ്രാൺകുമാർ അറിയിച്ചു. കോവിഡ് മരണങ്ങളിൽ സർക്കാർ എന്തിനാണ് ഒളിച്ചു കളിക്കുന്നതെന്ന ചോദ്യമാണ് പ്രാൺകുമാർ ഉയർത്തുന്നത്.

കോവിഡ് മരണ നിരക്കിലെ അസ്വാഭാവികതകൾ പുറത്തു കൊണ്ടു വന്ന വിവരാവകാശ പ്രവർത്തൻ കൂടിയാണ് കെപിസിസി നേതാവ്. 23480 കോവിഡ് മരണങ്ങൾ ഉണ്ടായെന്ന് ഇൻഫർമേഷൻ കേരളാ മിഷനിൽ നിന്നും വിവരാവകാശ നിയമപ്രകാരം പ്രാൺകുമാറിന് മറുപടി ലഭിച്ചു. എന്നാൽ അതിന് അടുത്ത ദിവസം പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വെളിപ്പെടുത്തിയത് കോവിഡ് മരണസംഖ്യ 16170. പ്രാൺകുമാറിന്റെ ഈ വിവരാവകാശം അതുകൊണ്ട് തന്നെ ഏറെ ചർച്ചയാവുകയും ചെയ്തു. അതിന് ശേഷം ഐകെഎമ്മിലെ ഉദ്യോഗസ്ഥന്റെ പിഴവാണ് ഇതിന് കാരണമെന്നും വാദമെത്തി.

ഈ സാഹചര്യത്തിലാണ് കോവിഡ് കണക്കിൽ വ്യക്തത വരുത്താൻ ആരോഗ്യ വകുപ്പിൽ വിവരാവകാശം നൽകിയത്. ഇതിനാണ് മറുപടി നൽകാത്തതും. ആരോഗ്യ വകുപ്പ് മന്ത്രി നിങ്ങളുടെ വകുപ്പിൽ കൊടുക്കുന്ന വിവരാവകാശത്തിന് എന്തുകൊണ്ടാണ് മറുപടി തരാത്തത്..? 8.9 2021 ന് സെക്രട്ടേറിയേറ്റിലെ ആരോഗ്യവകുപ്പിൽ ഇതു സംബന്ധിച്ച് വിവരാവകാശം ഞാൻ ചോദിച്ചു. ഇതുവരെയും മറുപടി ലഭിച്ചില്ല. വിവരാവകാശനിയമത്തെ അട്ടിമറിക്കുവാനുള്ള സർക്കാർ ശ്രമം അനുവദിക്കില്ലെന്ന് പ്രാൺകുമാർ പറയുന്നു. നാല് ചോദ്യങ്ങളാണ് പ്രാൺകുമാർ ഉന്നയിച്ചത്.

കോവിഡ് മൂലമുണ്ടായ മരണങ്ങൾ കോവിഡ് ഡെത്ത് പോർട്ടലിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബഹു. ആരോഗ്യമന്ത്രിക്ക് പരാതികൾ ലഭിച്ചിരുന്നോ? എത്ര പരാതികൾ ലഭിച്ചിട്ടുണ്ട്? ജില്ല തിരിച്ചുള്ള കണക്ക്? പരാതികൾ പരിശോധിച്ച് എത്ര മരണങ്ങൾ കോവിഡ് ഡെത്ത് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്? ഇവയായിരുന്നു നാലു ചോദ്യങ്ങൾ. മുപ്പതു ദിവസത്തിനുള്ളിൽ വിവരാവകാശത്തിൽ മറുപടി നൽകണമെന്നാണ് നിയമം. എന്നാൽ ഇത് ആരോഗ്യ വകുപ്പ് പാലിച്ചില്ല. ഈ സാഹചര്യത്തിൽ വിവരാവകാശ ചോദ്യങ്ങൾ അടക്കം ഫെയ്‌സ് ബുക്കില് പോസ്റ്റ് ചെയ്ത് ആരോഗ്യ വകുപ്പിനെതിരെ നിയമ പോരാട്ടം പ്രഖ്യാപിക്കുകയാണ് പ്രാൺകുമാർ.

യഥാർത്ഥ കോവിഡ് മരണസംഖ്യ സംസ്ഥാന സർക്കാർ മറച്ചുവയ്ക്കുകയാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. കോവിഡ് ബാധിച്ച് മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും കോവിഡ് നെഗറ്റീവ് ആയവരും മരണമടയുമ്പോൾ സർക്കാർ അത്തരം മരണങ്ങളെ കോവിഡ് മരണപട്ടികയിൽ നിന്ന് ഒഴിവാക്കുകയാണ്. കോവിഡ് മരണം നിശ്ചയിക്കുന്നതിൽ ഐ.സി.എം.ആർ മാനദണ്ഡം സർക്കാർ പാലിക്കുന്നില്ല. ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിക്കാതെ പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു.

കോവിഡ് മരണപട്ടിക പ്രസിദ്ധീകരിക്കണമെന്നും കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രത്യേക ധനസഹായം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മരിച്ചവരുടെ കണക്കോ പ്രായമോ അവരെ കുറിച്ചുള്ള വിശദ വിവരങ്ങളോ ഒന്നും സർക്കാരിന്റെ പക്കലില്ലെന്നും ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് പ്രാൺകുമാറിന്റെ വിവരാവകാശത്തിന് മറുപടി നിഷേധിക്കുന്ന നടപടിയും.