- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിസന്ധി: നിത്യചെലവുകൾക്കായി പായസ ചലഞ്ചുമായി വട്ടംകുളം കാലഞ്ചാടി അഭയ നരസിംഹമൂർത്തി ക്ഷേത്രം; പുതിയ ആശയത്തിലേക്ക് നയിച്ചത് വരവ് കുറഞ്ഞപ്പോഴും ചെലവ് പതിവുപോലെ തുടർന്നത്
എടപ്പാൾ: ഭക്തർക്കെല്ലാം പ്രസാദമായി പായസം നൽകിയിരുന്നതൊക്കെ ഇനി പഴങ്കഥ. ക്ഷേത്രത്തിലെ പായസങ്ങൾക്കിപ്പോൾ പ്രസാദം എന്നതിനപ്പുറം ജീവനക്കാരുടെ വരുമാനമാർഗ്ഗമെന്ന ഒരു തലം കൂടി വന്നിരിക്കുന്നു.കോവിഡ് പ്രതിസന്ധിയോടെ മിക്കക്ഷേത്രങ്ങളിലും വരവ് കുറഞ്ഞതും എന്നാൽ വഴിപാടുകളും നിവേദ്യവുമുൾപ്പടെ നിത്യചെലവ് പതിവുപോലെ തുടർന്നതുമാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിച്ചത്.
നിലനിൽപ്പിനുവേണ്ടിയുള്ള നെട്ടോട്ടത്തിൽ പായസം വിറ്റ് വരുമാനം കണ്ടെത്താൻ ശ്രമിക്കുകയാണ് ഒരു ക്ഷേത്രകമ്മിറ്റി. നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നു കരുതുന്ന വട്ടംകുളം കാലഞ്ചാടി അഭയ നരസിംഹമൂർത്തി ക്ഷേത്രക്കമ്മിറ്റിയാണ് നിത്യച്ചെലവുകൾ കണ്ടെത്താൻ 'പായസചലഞ്ച് ' നടത്തിയത്.
മേൽശാന്തി, കീഴ്ശാന്തി, കഴകം, ഓഫീസ് ജീവനക്കാർ എന്നിങ്ങനെ അഞ്ചു ജീവനക്കാർക്കുള്ള വേതനവും മറ്റു ചെലവുകൾക്കുംകൂടി മാസം 50000-ത്തിലേറെ രൂപ വേണം ക്ഷേത്രത്തിന്. എന്നാൽ ആദ്യ കോവിഡ് തരംഗം മുതലുണ്ടായ സാമ്പത്തികപ്രതിസന്ധി ഇതെല്ലാം മുടങ്ങുന്ന അവസ്ഥയുണ്ടാക്കി. കടംവാങ്ങിയും മറ്റും ഇതുവരെ പിടിച്ചുനിന്നു. ക്ഷേത്രം പൂർണമായി അടച്ചിടേണ്ടി വരുമെന്നായതോടെയാണ് കമ്മിറ്റി ഇത്തരമൊരു സംരംഭത്തിനിറങ്ങിയത്.
പായസചലഞ്ചിൽ ലിറ്ററിന് 200 രൂപ നിരക്കിൽ 800 ലിറ്റർ പായസം വിൽക്കാനായി. ഒരു ലക്ഷത്തോളം രൂപ ഇതിനു ചെലവായതായി പ്രസിഡന്റും പാചക വിദഗ്ധനുമായ കെ.വി. രാജൻ പറഞ്ഞു. താത്കാലികാശ്വാസമെന്ന നിലയിലാണ് പരിപാടി നടത്തിയത്. കോവിഡ് വന്നതോടെ വഴിപാടുകളും ഭണ്ഡാരവരവുമെല്ലാം നിലച്ചെങ്കിലും ചെലവുകൾക്ക് ഒരു കുറവുമുണ്ടായുമില്ല. ഇതാണ് ഇത്രയുംവലിയ പ്രതിസന്ധിയിലേക്കു കാര്യങ്ങളെത്തിച്ചതെന്നു ഭാരവാഹികളായ മനേഷ്, സന്ദീപ്, രഞ്ജിത് എന്നിവർ പറയുന്നു
മറുനാടന് മലയാളി ബ്യൂറോ