- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ഭയമില്ലാതെ മലയാളികൾ; പിഴ ഇനത്തിൽ കോടികൾ ഖജനാവിലേയ്ക്ക്; കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കേരളം; തടവുശിക്ഷ നടപ്പാക്കണമെന്ന് പൊലീസ്
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പ്രോട്ടോകോൾ അനുസരിച്ചുള്ള നിയമം പാലിക്കാൻ മലയാളിക്ക് വിമുഖത. പൊലീസിനെ കാണുമ്പോൾ മാത്രം ഹെലിമറ്റ് വച്ച് ശീലിച്ച മലയാളി ഇപ്പോൾ മാസ്ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതുമെല്ലാം പൊലീസിനെ ബോധിപ്പിക്കാൻ മാത്രമാണ്. പിഴ അടയ്ക്കേണ്ടി വന്നാലും വിവാഹം പോലുള്ള ആഘോഷങ്ങളിൽ മാനദണ്ഡങ്ങളെക്കാൾ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് പഷമാവധി ആഡംബരമാക്കാനാണ് ആളുകളുടെ ശ്രമം. ഇത്തരം നിയന്ത്രണങ്ങൾ എന്തിനുവേണ്ടിയാണെന്ന് പോലും ബോധ്യമില്ലാതെയാണ് ഈ സമൂഹം മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഭീമമായ തുകയാണ് ഈ ദിവസങ്ങളിൽ പിഴയായി ഖജനാവിലെത്തുന്നത്.
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയ കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ മാത്രം 1.25 കോടി രൂപയാണ് നിയമലംഘനത്തിനുള്ള പിഴയായി ജനം നൽകിയത്. മുഖാവരണം ശരിയായി ധരിക്കാത്തതു മുതൽ സാമൂഹിക അകലം പാലിക്കാത്തതുവരെ വിവിധ രീതികളിലാണ് നിയമലംഘനം. റോഡിൽ തുപ്പുന്നത് കോവിഡ് നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നത് അറിയാതെയും ജനം പെരുമാറുന്നതായി പൊലീസ് പറഞ്ഞു.
പിഴയോട് നിസംഗമനോഭാവമാണ് മലയാളികൾക്ക്. പിഴയ്ക്കു പുറമേ കേരള എപിഡെമിക് ഡിസീസ് ആക്ടിൽ പറയുന്ന തടവുശിക്ഷ നടപ്പാക്കിയാലേ ജനങ്ങൾ നിയമത്തെ കൂടുതൽ ഭയത്തോടെ കാണുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.
എറണാകുളം സിറ്റിയിൽനിന്നു മാത്രം രണ്ടുദിവസം കൊണ്ട് 10 ലക്ഷത്തിലേറെ രൂപയാണ് പിഴ ഈടാക്കിയത്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലും ഇതിനടുത്ത തുക പിഴയായി ഈടാക്കി.
അതെസമയം വയനാട് ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇതുവരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 7,868 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ അറിയിച്ചു. 1802 പേരെ അറസ്റ്റ് ചെയ്തു. 3,988 വാഹനങ്ങൾ പിടിച്ചെടുത്തു. ഇതിൽ 148 കേസുകൾ ക്വാറന്റീൻ ലംഘിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതാണ്. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിന് 27,803 പേരിൽനിന്നും സാമൂഹിക അകലം പാലിക്കാത്തതിന് 6044 പേരിൽനിന്നും പിഴ ഈടാക്കി. 1,33,700ഓളം ആളുകളെ താക്കീത് നൽകി വിട്ടയച്ചതായും പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു.
കോവിഡ് പ്രോട്ടോകോൾനിയമവും പിഴയും
* കോവിഡ് ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ കൂട്ടംചേരലുകളോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാൽ 5000 രൂപ പിഴ
* ക്വാറന്റീൻ ലംഘിച്ചാൽ 2000 രൂപ
* അടയ്ക്കാനുള്ള നിർദ്ദേശം ലംഘിച്ച് സ്കൂൾ, ഓഫീസ്, ഷോപ്പ്, മാളുകൾ പ്രവർത്തിച്ചാൽ 2000 രൂപ
* മറുനാടൻ തൊഴിലാളികൾക്കുള്ള നിയന്ത്രണങ്ങൾ ലംഘിച്ചാൽ 500 രൂപ
* പൊതുസ്ഥലങ്ങളിൽ മുഖാവരണം ധരിക്കാതിരുന്നാൽ 500 രൂപ
* പൊതുസ്ഥലത്ത് ആറടി സാമൂഹിക അകലം പാലിക്കാതിരുന്നാൽ 500 രൂപ
* മരണാനന്തരച്ചടങ്ങുകൾക്ക് ഒരു സമയം 20 പേരിൽ കൂടുതൽ പേർ പങ്കെടുക്കുകയോ കോവിഡ് രോഗം സംശയിക്കപ്പെട്ട വ്യക്തിയുടെ ശവസംസ്കാരച്ചടങ്ങിനുള്ള ചട്ടങ്ങൾ ലംഘിക്കുകയോ ചെയ്താൽ 2000 രൂപ
* എഴുതി നൽകിയ അനുമതിയില്ലാതെ ഒത്തുചേരലുകൾ, ധർണകൾ, പ്രതിഷേധങ്ങൾ, പ്രകടനങ്ങൾ, മറ്റ് തരത്തിലുള്ള കൂട്ടംചേരലുകൾ എന്നിവ നടത്തിയാൽ 3000 രൂപ
* സാനിറ്റൈസറും സന്ദർശക രജിസ്റ്ററും ഇല്ലാതെ കടകളോ സ്ഥാപനങ്ങളോ തുറന്ന് പ്രവർത്തിക്കുക, അനുവദനീയമായ സമയത്തിനുശേഷവും കടകളോ സ്ഥാപനങ്ങളോ തുറന്ന് പ്രവർത്തിക്കുക എന്നിവയ്ക്ക് 500 രൂപ
* പൊതുസ്ഥലങ്ങളിലോ റോഡിലോ നടപ്പാതയിലോ തുപ്പിയാൽ 500 രൂപ
മറുനാടന് മലയാളി ബ്യൂറോ