തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കാനും നിയമ ലംഘനങ്ങൾ തടയാനും ജില്ലയിൽ 67 സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. പഞ്ചായത്തുകളിൽ 34-ഉം മുനിസിപ്പാലിറ്റികളിൽ നാലും കോർപ്പറേഷനിൽ 10ഉം സെക്ടറൽ മജിസ്‌ട്രേറ്റുമാരെയാണു നിയമിച്ചിട്ടുള്ളത്. ഇതിനുപുറമേ തിരക്കു കൂടാൻ സാധ്യതയുള്ള നഗര മേഖലകളിൽ 17 സെക്ടറിൽ മജിസ്‌ട്രേറ്റുമാരെക്കൂടി നിയമിച്ചു.

നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കും. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന നിർദേശങ്ങൾ കർശനമായി നടപ്പാക്കും. ഓരോ വാർഡിലെയും കൗൺസിലർമാർ, പൊതു സംഘടനകൾ, റാപ്പിഡ് റെസ്‌പോൺസ് ടീം തുടങ്ങിയവരുടെ സേവനം സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനത്തിനു പ്രയോജനപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.