- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും കുറഞ്ഞ വില എന്ന് പ്രഖ്യാപനം; രാവിലെ മുതൽ ഇടിച്ചുതള്ളി ജനം; സാമൂഹിക അകലം പാലിക്കാതെ കച്ചവടം; കൃത്യമായി സൂക്ഷിക്കാത്ത സന്ദർശക രജിസ്റ്ററും; പൊലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശിച്ചിട്ടും പാലിച്ചില്ല; കോവിഡ് പ്രോട്ടോക്കോൾ ലംഘനം: തിരുവനന്തപുരം നഗരത്തിലെ പോത്തീസ് അടപ്പിച്ചു; സ്ഥാപനത്തിനെതിരെ കേസും
തിരുവനന്തപുരം: ഗുരുതരമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനമുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനമായ പോത്തീസ് ജില്ലാ ഭരണകൂടം ഇടപെട്ട് പൂട്ടിച്ചു. പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും കുറഞ്ഞ വില പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ മുതൽതന്നെ അനിയന്ത്രിതമായ തിരക്കാണ് പോത്തീസിൽ ഉണ്ടായത്. ഒരുവിധത്തിലുള്ള സാമൂഹിക അകലവും ഇവിടെയുണ്ടായിരുന്നില്ല. സന്ദർശക രജിസ്റ്ററും കൃത്യമായി സൂക്ഷിച്ചിരുന്നില്ല. പൊലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശം നൽകിയിട്ടും ഇത് പാലിക്കാത്തിനെ തുടർന്നാണ് നടപടി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഇ.എം സഫീർ, തിരുവനന്തപുരം തഹസിൽദാർ ഹരിശ്ചന്ദ്രൻ നായർ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ നേരിട്ടെത്തിയാണ് പൂട്ടിച്ചത്. സ്ഥാപനത്തിനെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജൂലൈയിലും കോവിഡ് ചട്ടം ലംഘിച്ചതിന് പോത്തീസ് അടച്ചുപൂട്ടിയിരുന്നു. പോത്തീസ്, രാമചന്ദ്രൻ എന്നീ സ്ഥാപനങ്ങളുടെ ലൈസൻസാണ്് നഗരസഭ അന്ന് റദ്ദ് ചെയ്തത്. കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പലഘട്ടങ്ങളിലും പാലിക്കാതെ തുറന്ന് പ്രവർത്തിച്ച ഈ രണ്ട് സ്ഥാപനങ്ങൾക്കും നഗരസഭ നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കാതെ ഈ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുകയായിരുന്നു.
മാർച്ചിൽ പോത്തീസ് ഷോ റൂം ജീവനക്കാരെ എസ്എൽ തിയേറ്ററിനടുത്തുള്ള ഗോഡൗണിൽ തിങ്ങിപ്പാർപ്പിച്ചിരുന്നത് വിവാദമായിരുന്നു. ഒരു മുറിയിൽ പതിനഞ്ചു പേർ വരെയാണ് തിങ്ങിപ്പാർത്തിരുന്നത്. സംഭവം കോർപറേഷൻ അധികൃതരെ ഞെട്ടിക്കുകയും ചെയ്തു. ജൂലൈയിൽ പോത്തീസിന്റെ ലൈസൻസ് റദ്ദാക്കിയ കോർപറേഷൻ തന്നെ ഓഗസ്റ്റ് ആദ്യവാരം വിൽപ്പനയ്ക്ക് അനുമതി നൽകി.
ആടിമാസ സെയിലും ഓണം സെയിലും ചൂണ്ടിക്കാട്ടി സ്റ്റോക്കുകൾ വിറ്റഴിക്കാൻ അനുവദിക്കണമെന്ന് പോത്തീസ് അധികൃതർ കോർപറേഷൻ അധികൃതരെ സമീപിച്ചതോടെയാണ് കോവിഡ് ശക്തമാകുന്നത് കണ്ടില്ലെന്നു നടിച്ചും കോർപറേഷൻ പ്രവർത്തനാനുമതി നൽകിയത്. സ്റ്റോക്ക് വിറ്റഴിക്കുന്നത് വരെയാണ് മാളിന് അനുവാദം നൽകിയത് എന്ന് പോത്തീസ് പറഞ്ഞെങ്കിലും ഈ വർഷം മുഴുവൻ ആടി മാസ സെയിൽ എന്നാണ് പോത്തീസ് പരസ്യം ചെയ്തിരുന്നത്. സമ്മർദ്ദത്തിനു വഴങ്ങിയാണ് എല്ലാ ചട്ടങ്ങളും കാറ്റിൽപ്പറത്തി കോർപറേഷൻ തന്നെ മാൾ തുറന്നു നൽകിയതെന്ന് ആരോപണം ഉയർന്നിരുന്നു.
പലഘട്ടങ്ങളിലും കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പാലിക്കാതെ പ്രവർത്തിച്ചതിന് പോത്തീസിനു നഗരസഭ നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നു. തുടർന്ന് കോവിഡ് വ്യാപനത്തിനു കാരണക്കാരായി എന്ന് ചൂണ്ടിക്കാട്ടി അടച്ചുപൂട്ടുകയും ലൈസൻസ് റദ്ദ് ചെയ്യുകയുമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ