കോഴിക്കോട്: കോവിഡ് കാലത്ത് മരുന്ന് കമ്പനികൾ അറിയാതെ അവയുടെ പേരിൽ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ കോടികളുടെ പർച്ചേസ് രേഖകളുണ്ടാക്കിയതായി കണ്ടെത്തി. ഇടതു സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിവരങ്ങളാണ് ആരോഗ്യ വകുപ്പിൽ നിന്ന് പുറത്തു വരുന്നത്. കോവിഡിന്റെ മറവിൽ വമ്പൻ തട്ടിപ്പു നടന്നുവെന്നാണ് സൂചനകൾ.

മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും വാങ്ങിയതായി കാണിച്ചാണ് രേഖകളുണ്ടാക്കിയത്. ഈ തുക എവിടേക്ക് പോയെന്ന അന്വേഷണത്തിലാണ് ഫിനാൻസ് വകുപ്പിന്റെ പരിശോധനാ വിഭാഗം. മലയാള മനോരമയിൽ ജയൻ മേനോനാണ് ഈ സുപ്രധാന വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യ വകുപ്പിലെ ഫയൽ കാണൽ വാർത്തയ്ക്ക് പിന്നാലെയാണ് അഴിമതിയുടെ പുതയി കഥകളും പുറത്തു വരുന്നത്. ആരോഗ്യ വകുപ്പിൽ എല്ലാം ചീഞ്ഞു നാറുന്നുവെന്ന സൂചനയാണ് ഇതെല്ലാം നൽകുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് വരെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ 224 കമ്പനികളുമായിട്ടാണ് ഇടപാട് നടത്തിയിരിക്കുന്നത്. കോർപ്പറേഷനു പിപിഇ കിറ്റും എൻ95 മാസ്‌കും വിതരണം ചെയതിരിക്കുന്നതിൽ 80 ശതമാനവും തട്ടിക്കൂട്ട് കമ്പനികളാണെന്നും വിവരമുണ്ട്. കൂട്ടത്തിൽ വിശ്വസനീയ കമ്പനികളുടെ പേരും കൂടി ഉപയോഗിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ ബയോലിങ്ക്‌സ് ഇന്ത്യ ഇന്ന പ്രശസ്ത കമ്പനിയിൽ നിന്ന് 1.52 കോടി രൂപയുടെ പിപിഇ കിറ്റുകൾ വാങ്ങിയതായി രേഖയുണ്ട്. എന്നാൽ കോർപ്പറേഷന് പിപിഇ കിറ്റുകള് നൽകിയിട്ടില്ലെന്നും മറ്റ് ചില ഉപകരണങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളതെന്നും കമ്പനി വ്യക്തമാക്കിയെന്നും മനോരമ വാർത്ത പറയുന്നു. അനന്ത സർജിക്കൽസിൽ നിന്ന് 24,11,474 രൂപയ്ക്ക് ഫാക്ടർ 8 മരുന്നുകൾ വാങ്ങിയെന്നാണ് രേഖ. ഹീമോഫീലിയ രോഗത്തിനുള്ള ഫാക്ടർ 8 മരുന്ന് ഈ കമ്പനി വിതരണം ചെയ്യുന്നില്ല. ഹൃദയ ശസ്ത്രക്രിയക്ക് വേണ്ട സ്റ്റെന്റ്, അസ്ഥി ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങൾ എന്നിവയാണ് വിതരണം ചെയ്യുന്നത്. ഫാക്ടർ എട്ട് എന്ന മരുന്നിന് കോവിഡുമായി ബന്ധമില്ലെന്നതാണ് മറ്റൊരു വസ്തുത.

ബ്രിട്ടണിൽ നിന്ന് 12.15 കോടിയുടെ മലേഷ്യൻ നിർമ്മിത ഗ്ലൗസ് ഇറക്കുമതി ചെയ്ത തിരുവനന്തപുരം കമ്പനിയുടെ വിലാസത്തിൽ ഇപ്പോൾ ഓഫീസുമില്ല. രജിസ്‌ട്രേഷൻ രേഖ പ്രകാരം 2021ലാണ് കമ്പനി രൂപീകരിച്ചിരിക്കുന്നത്. മെഡിക്കൽ, സർജിക്കൽ ഉപകരണത്തിനൊപ്പം പഴം-പച്ചക്കറി വിതരണമുണ്ടെന്നും രജിസ്‌ട്രേഷൻ രേഖകളിലുണ്ട്. വെബ് സൈറ്റും പ്രവർത്തന രഹിതമാണ്. ഇടപാടുകളെ കുറിച്ച് പ്രതികരിക്കാൻ താൽപ്പര്യമില്ലെന്നാണ് കമ്പനി ഉടമയുടെ പ്രതികരണം.

എറണാകുളത്തെ സ്ഥാപനത്തിൽ നിന്ന് 10 ലക്ഷം രൂപയുടെ ഇൻഫ്രാറെഡ് തെർമോമീറ്റർ വാങ്ങിയതായി രേഖയുണ്ട്. എന്നാൽ ഈ സ്ഥാപനം മെഡിക്കൽ ഗ്ലൗസ് മാത്രമാണ് വിതറണം ചെയ്യുന്നത്. കോവിഡ് തുടങ്ങിയ ശേഷം രൂപം കൊണ്ട ആൻഡ്രിയ ട്രെഡേഴ്‌സ് എന്ന തൃശൂരിലെ സ്ഥാപനത്തിൽ നിന്ന് 5.03 കോടി രൂപയുടെ ഫെയ്‌സ് ഷീൽഡ് വാങ്ങിയിട്ടുണ്ട്. മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ മുൻ ജനറൽ മാനേജരുടെ സുഹൃത്തായ ദേശീയ ആരോഗ്യ മിഷൻ കരാർ ജീവനക്കാരന്റേതാണ് ഈ കമ്പനി.

മരുന്നുവാങ്ങൽ ഇടപാടുകളുടേത് അടക്കം ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായിരുന്നു. ഈ വിവരം ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്കുമാർ തന്നെയാണ് ഉന്നതാധികാരികളെ അറിയിച്ചത്. ദിവസങ്ങളോളം ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ജീവനക്കാർ കൂട്ടത്തിരച്ചിൽ നടത്തിയെങ്കിലും ഒരെണ്ണംപോലും കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്.

കോവിഡ് പശ്ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻവഴി വാങ്ങിയത് വിവാദമായതിനു പിന്നാലെയാണ് ഫയലുകൾ അപ്രത്യക്ഷമായത്. മെഡിക്കൽ സർവീസസ് കോർപ്പറേഷനിലും മരുന്നിടപാടുകളുടെ ഡിജിറ്റൽ ഫയലുകൾ പലതും നശിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു.

ആരോഗ്യവകുപ്പ് ഡയറക്ടർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതിനെത്തുടർന്ന് കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. നഷ്ടമായ ഫയലുകൾ എത്രയെന്ന് കൃത്യമായ കണക്കില്ലെങ്കിലും അഞ്ഞൂറിലധികം വരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പൊലീസിനെ അറിയിച്ചത്. ഡയറക്ടറേറ്റിലെ ജീവനക്കാർ അറിയാതെ ഫയലുകൾ കൂട്ടത്തോടെ എടുത്തുമാറ്റാനാവില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗവും പ്രത്യേക അന്വേഷണം ആരംഭിച്ചു.

സർക്കാർ ആശുപത്രികൾക്ക് ഒരുവർഷം ആവശ്യമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴിയാണ് വാങ്ങുന്നത്. ഇതുകൂടാതെയാണ് കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്റ്റോർ പർച്ചേസ് നിയമങ്ങൾ ഒഴിവാക്കി കോടികളുടെ മരുന്നും ഉപകരണങ്ങളും വാങ്ങിയത്.

മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽനടന്ന ക്രമക്കേടുകളുമായി ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയൽ കാണാതായ സംഭവത്തിന് ബന്ധമുണ്ടോ എന്നതും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ആരോഗ്യവകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ആസ്ഥാനത്തും മെഡിക്കൽ സർവീസസ് കോർപ്പറേഷനിലും വൻ റാക്കറ്റുതന്നെ പ്രവർത്തിക്കുന്നതായി കരുതേണ്ടിവരുമെന്നാണ് പൊലീസ് നൽകുന്ന സൂചന.