സാന്റിയാഗോ: കോവിഡ് മഹാമാരി ഒടുവിൽ അന്റാർട്ടിക്കയിലുമെത്തി. ചിലെ റിസർച്ച് ബേസിലെ 36 പേരാണു കോവിഡ് പോസിറ്റീവായത്. ഇതോടെ ഭൂമിയിൽ ഇതുവരെയും കൊറോണ വൈറസിനു സാന്നിധ്യമറിയിക്കാൻ കഴിയാത്ത പ്രദേശമെന്ന വിശേഷണം അന്റാർട്ടിക്കയ്ക്കു നഷ്ടമായി. വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ചുള്ള പരിഭ്രാന്തിക്കിടയിലാണ് അന്റാർട്ടിക്ക ഭൂഖണ്ഡത്തിൽ കോവിഡ് ബാധിതരെ കണ്ടെത്തിയതെന്നു 'ദ് ഗാർഡിയൻ' റിപ്പോർട്ട് ചെയ്തു.

ചിലെ സൈന്യത്തിലെ 26 പേർക്കും അറ്റകുറ്റപ്പണി നടത്തുന്ന 10 പേർക്കുമാണു രോഗം. ജനറൽ ബർണാഡോ ഓ ഹിഗ്ഗിൻസ് റിക്വൽമി ഗവേഷണ കേന്ദ്രത്തിൽ തിങ്കളാഴ്ചയാണു കോവിഡ് കണ്ടെത്തിയത്. രോഗബാധിതരെ ചിലെയിലെ പുന്ത അരീനയിലേക്കു മാറ്റിപ്പാർപ്പിച്ചു. ബേസിനു പിന്തുണ നൽകിയിരുന്ന കപ്പലിലെ മൂന്നു ജീവനക്കാരും കോവിഡ് പോസിറ്റീവായി. കോവിഡ് വ്യാപനം തടയുന്നതിനായി അന്റാർട്ടിക്കയിലെ പ്രധാന ഗവേഷണ പദ്ധതികളെല്ലാം നിർത്തിവച്ചിരിക്കുകയാണ്.