തിരുവനന്തപുരം: നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനം വന്നെങ്കിലും കോവിഡിൽ മൂന്നാം തരംഗമെത്തിയാൽ വീണ്ടും പ്രതിസന്ധിയായി മാറും. നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതൽ തുടങ്ങും. നവംബർ 15 മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകൾ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാനുമാണ് തീരുമാനം.

പക്ഷേ എത്രത്തോളം മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ടെന്ന വിലയിരുത്തൽ വിദ്യാഭ്യാസ വകുപ്പിൽ ഉണ്ടായിട്ടില്ല. ചെറിയ ക്ലാസിലെ കുട്ടികൾ എത്തുന്നത് വലിയ വെല്ലുവിളിയാണ്. കോവിഡ് വ്യാപനത്തിന് സ്‌കൂൾ തുറക്കൽ വഴിവച്ചാൽ അത് ഗുരുതര ആരോഗ്യ പ്രശ്‌നമായി മാറുകയും ചെയ്യും. സാമൂഹിക അകലത്തിന്റെ ഈ കാലത്ത് സ്‌കൂൾ തുറക്കൽ രോഗ വ്യാപനത്തിന് വഴിവയ്ക്കുമോ എന്ന ആശങ്ക അദ്ധ്യാപകർക്കും ഉണ്ട്.

സംസ്ഥാനത്ത് സ്‌കൂൾ തുറക്കാനുള്ള തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ച് പ്രഖ്യാപനം നടത്തിയതും വിദ്യാഭ്യാസ വകുപ്പ് അറിയാതെ. നവംബർ 1 മുതൽ സ്‌കൂൾ തുറന്ന് പ്രവർത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ് വിദ്യാഭ്യാസ വകുപ്പും തീരുമാനം അറിഞ്ഞത്. കോവിഡ് ഉന്നതതല യോഗത്തിൽ വിദ്യാഭ്യാസ മന്ത്രിക്കോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കോ ക്ഷണമുണ്ടായില്ല. വിഷയത്തിൽ ആരോഗ്യ വകുപ്പുമായി മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത്. ഇത് വലിയ തരത്തിൽ ചർച്ചയായി മാറിയിട്ടുണ്ട്.

സ്‌കൂൾ തുറക്കൽ തീരുമാനം വന്ന ശേഷവും തീരുമാനമായിട്ടില്ലെന്നായിരുന്നു വകുപ്പ് മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസ വകുപ്പ് അറിയാതെയുള്ള നീക്കം വിവാദമായിരിക്കുകയാണ്. രാവിലെ പ്ലസ് വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം ചേർന്നപ്പോഴും സ്‌കൂൾ തുറക്കൽ ചർച്ചക്ക് വന്നിരുന്നില്ല.വിദ്യാഭ്യാസ വകുപ്പ് അറിയാതെയുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ചർച്ചയായിരിക്കുന്നത്. പ്രൈമറി ക്ലാസുകൾ ആദ്യം തുടങ്ങുന്നതിലും ആശങ്കയുണ്ട്. നവംബർ 15 മുതൽ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകൾ നടത്താനും പതിനഞ്ച് ദിവസം മുൻപ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ നിർദ്ദേശിച്ചിരുന്നു.

കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ ദിവസവും 20000ന് അടുത്ത് പ്രതിദിന രോഗികളുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ വ്യാപന തോത് വളരെ കുറവാണ്. മഹാരാഷ്ട്രയിൽ പോലും 3391 കോവിഡ് കേസാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്നതിലെ സാമൂഹിക പ്രശ്‌നങ്ങൾ ചർച്ചയിലുണ്ട്. എന്നാൽ നവംബറാകുമ്പോൾ കേസുകൾ കുറയുമെന്നാണ് പ്രതീക്ഷ. അതാണ് തീരുമാനത്തിന് അടിസ്ഥാനവും.

പത്ത്. പന്ത്രണ്ട് ക്ലാസുകൾ ആദ്യം തുറക്കാനായിരുന്നു ആലോചന. എന്നാൽ ഇത് മാറ്റി ചെറിയ ക്ലാസുകളും തുറക്കാൻ തീരുമാനിക്കുകയായിരുന്നു. പത്ത് മുതലുള്ള കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നതാണ് നല്ലതെന്ന വിലയിരുത്തൽ സജീവമാണ്. സി.എഫ്.എൽ.ടി.സി.കളായി പ്രവർത്തിക്കുന്ന സ്‌കൂളുകളുടെ കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ പ്രൈമറി ക്ലാസുകളിലെയടക്കം വിദ്യാർത്ഥികളെ സ്‌കൂളിലയക്കാൻ രക്ഷിതാക്കൾ തയ്യാറാകുമോയെന്നും ആശങ്കയുണ്ട്.

നവംബർ ഒന്നിന് സ്‌കൂൾ തുറന്നാലും വിദ്യാർത്ഥികൾ ഒന്നിച്ച് ക്ലാസിലിരിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും. കോവിഡ് പശ്ചാത്തലത്തിൽ പകുതിവീതം വിദ്യാർത്ഥികളെ മാത്രം ഒരേസമയം ക്ലാസുകളിലെത്തിക്കാനാണ് സാധ്യത. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസ് നടത്താനും ആലോചനയുണ്ട്. വിശദമാർഗരേഖ പുറത്തിറക്കിയശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ആരോഗ്യവകുപ്പുമായി ആലോചിച്ചാകും മാനദണ്ഡങ്ങൾ തീരുമാനിക്കുക.

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തെ തുടർന്നാണ് പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കുന്നത്. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേർന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തും. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികൾ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതമെന്നും സർക്കാർ വ്യക്തമാക്കി. വാഹനങ്ങളിൽ കുട്ടികളെ എത്തിക്കുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യും.

സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾക്കു പുറമെ വിദ്യാലയങ്ങൾ തുറക്കുമ്പോൾ രോഗം പടരാതിരിക്കാനുള്ള മുൻകരുതലും സ്വീകരിക്കും. കുട്ടികൾക്കുവേണ്ടി പ്രത്യേക മാസ്‌കുകൾ തയ്യാറാക്കുകയും ഇത് സ്‌കൂളുകളിൽ കരുതുകയും വേണമെന്നും സർക്കാർ നിർദ്ദേശിച്ചു. ഒക്ടോബർ 18 മുതൽ കോളേജ് തലത്തിൽ വാക്സിനേഷൻ സ്വീകരിച്ച വിദ്യാർത്ഥികളുടെ എല്ലാ ക്ലാസ്സുകളും ആരംഭിക്കുകയാണ്.