ന്യൂഡൽഹി: ബിജെപി ആസ്ഥാനത്ത് അമ്പതോളം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബിജെപി കോർ കമ്മിറ്റി യോഗത്തിന് മുന്നോടിയായി തിങ്കാഴ്ച നടത്തിയ പരിശോധനയിലാണ് ഇത്രയധികം ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ കെട്ടിടം പൂർണമായും അണുവിമുക്തമാക്കി.

രോഗം സ്ഥിരീകരിച്ചവരിൽ ഏറെയും ശുചീകരണ ജീവനക്കാരാണ്. എല്ലാവരോടും ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വലിയ യോഗങ്ങൾക്ക് മുന്നോടിയായി പാർട്ടി ആസ്ഥാനത്തെ ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് നടത്തുന്ന രീതിക്ക് ബിജെപി തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപി കോർ കമ്മിറ്റിയുടെ ആദ്യ യോഗം കഴിഞ്ഞ ദിവസം ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തായിരുന്നു നടന്നത്. രണ്ടാംഘട്ട യോഗം ബുധനാഴ്ചയും ചേരും.