- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്പിലെ പകുതിയോളം ആളുകളും ഏറെ വൈകാതെ കോവിഡ് ബാധിതരാകും; പോളണ്ടിലൊക്കെ ചരിത്രത്തിലെ ഏറ്റവും വലിയ കോവിഡ് ബാധ; ഗുരുതരാവസ്ഥയിൽ ആകുന്നവരിൽ മഹാഭൂരിപക്ഷവും വാക്സിൻ എടുക്കാത്തവർ
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് തരംഗം പത്തിതാഴ്ത്തുമ്പോൾ യൂറോപ്പിലെ മറ്റു രാജ്യങ്ങളിലൊക്കെ ആളിപ്പടരുകയാണ്. ഇന്നുള്ള നിരക്കിൽ വ്യാപനം തുടർന്നാൽ രണ്ടു മാസത്തിനകം യൂറോപ്പിലെ പകുതിയിലേറെ പേർക്ക് കോവിഡ് ബാധയുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. പുതിയ ഓമിക്രോൺ തരംഗം പശ്ചിമ യൂറോപ്പിലും പൂർവ്വയൂറോപ്പിലും ആഞ്ഞു വീശുകയാണെന്നാണ് റീജിയണൽ ഡയറക്ടർ ഹൻസ് ക്ലഗ് ഒരു പത്ര സമ്മേളനത്തിൽ പറഞ്ഞത്. ഈ നിരക്കിൽവ്യാപനം തുടരുകയാണെങ്കിൽ രണ്ടു മാസത്തിനുള്ളിൽ യൂറോപ്പിലെ പകുതിയിലേറെ പേർക്ക് കോവിഡ് പിടിപെടുമെന്ന് ഇൻസ്റ്റിറ്റിയുട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ റിപ്പോർട്ട് ചെയ്തതായി അദ്ദേഹം സൂചിപ്പിച്ചു.
ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ മേഖലയ്ക്ക് കീഴിൽ 53 രാജ്യങ്ങളും പ്രവിശ്യകളുമാണുള്ളത് അതിൽ ചിലതെല്ലാം മദ്ധ്യ ഏഷ്യയിലാണ് സ്ഥിതിചെയ്യുന്നത്. അതിൽ 50 എണ്ണത്തിലും കോവിഡിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞത്. ഇതിൽ 26 രാജ്യങ്ങളിൽ ഓരോ ആഴ്ച്ചയും മൊത്തം ജനസംഖ്യയുടെ 1 ശതമാനം പേർക്ക് കോവിഡ് ബാധിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022 ലെ ആദ്യ വാരത്തിൽ തന്നെ ഈ മേഖലയിലാകമാനമായി 7 ദശലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ചില ആഴ്ച്ചകളായി ശേഖരിച്ച കണക്കുളുടെ അടിസ്ഥാനത്തിൽ ക്ലഗ് പറയുന്നത് ഓമിക്രോൺ വകഭേദം കൂടുതൽ വ്യാപനശേഷിയുള്ളതാണ് എന്നാണ്. അതിന് സംഭവിച്ചിരിക്കുന്ന മ്യുട്ടേഷൻ വഴി അതിന് മനുഷ്യകോശത്തോട് കൂടുതൽ എളുപ്പത്തിൽ പറ്റിപ്പിടിച്ച് കിടക്കാൻ കഴിയും. നേരത്തേ കോവിഡ് വന്ന് ഭേദപ്പെട്ടവരേയും വാക്സിൻ എടുത്തവരേയും ഓമിക്രോൺ ബാധിച്ചേക്കാം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, നിലവിലുള്ള വാക്സിനുകൾ രോഗം ഗുരുതരമാകാതെ നോക്കാനും മരണത്തിലെത്താതെ സംരക്ഷിക്കുവാനും കഴിവുള്ളവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഫ്രാൻസിൽ കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. മുൻ വകഭേദങ്ങളേക്കാൾ സങ്കീർണ്ണമല്ലെങ്കിലും അതിവ്യാപനശേഷിയുള്ളതിനാൽ ഓമിക്രോൺ കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നുണ്ട്. ഇതുതന്നെയാണ് ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കാനുള്ള കാരണവും. സ്പെയിനിലും റെക്കോർഡുകൾ ഭേദിച്ചുകൊണ്ടാണ് രോഗവ്യാപനം തുടരുന്നത്. 2,92,394 പുതിയ കേസുകളാണ് തിങ്കളാഴ്ച്ച ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇറ്റലിയിലാണെങ്കിൽ ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്കായിരിക്കുന്നു കഴിഞ്ഞ ദിവസം കണ്ടത്. പോളണ്ടിലാണെങ്കിൽ മരണനിരക്ക് വർദ്ധിച്ചു വരികയാണ്. ജനസംഖ്യാടിസ്ഥാനത്തിൽ താരതമ്യം ചെയ്താൽ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്കുള്ള രാജ്യങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് പോളണ്ട്. ഇതുവരെ 1 ലക്ഷത്തിലധികം പേർ ഇവിടെ മരണമടഞ്ഞുകഴിഞ്ഞു. 1 ലക്ഷം ജനങ്ങളിൽ 14.31 മരണം എന്നതാണ് നിലവിൽ പോളണ്ടിലെ സ്ഥിതി. ലോകത്തെ ആറാമത്തെ ഏറ്റവും വലിയ കോവിഡ് മരണനിരക്കാണിത്. ട്രിൻഡാഡ് ആൻഡ് ടൊബാഗോ, മോൾഡോവ, ജോർജിയ, ഹംഗറി, സാൻ മറീനോ എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തിൽ പോളണ്ടിനു മുന്നിലുള്ളത്.
ജർമ്മനിയിൽ കോവിഡ് വ്യാപനം വർദ്ധിച്ചതോടെ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. വാക്സിൻ രണ്ടു ഡോസുകൾ എടുത്തവർക്കും കോവിഡ് വന്ന് ഭേദപ്പെട്ടവർക്കുമായി റെസ്റ്റോറന്റുകളിലും മറ്റും പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുകയാണ്.
അതേസമയം, തന്റെ ആശുപത്രിയിൽ ഗുരുതരമായ കോവിഡിന് ചികിത്സയിലുള്ള രോഗികൾ എല്ലാവരും തന്നെ വാക്സിൻ എടുക്കാത്തവരാണെന്ന വെളിപ്പെടുത്തലുമായി ഒരു ഇന്റൻസീവ് കെയർ ഡോക്ടർ രംഗത്തെത്തി. സൗത്ത് വെയിൽസിലെ ക്വാബ്രണിലുള്ള ഗ്രാംഗ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോ. ഡേവിഡ് ഹെപ്ബേണാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത്. 24 ഐ സി യു കിടക്കകളുള്ള 350 മില്യൺ പൗണ്ടിന്റെ സ്പെഷ്യലിസ്റ്റ് ക്രിറ്റിക്കൽ കെയർ സെന്റർ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുവാനായി 2020 നവംബറിലായിരുന്നു പ്രവർത്തനം ആരംഭിച്ചത്.
ഇംഗ്ലണ്ടിലെ മറ്റ് ആശുപത്രികളിലെ സ്ഥിതിയും വ്യത്യസ്തമല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിവിധ ആശുപത്രികളിലായി പ്രവേശിപ്പിക്കപ്പെട്ട ഗുരുതരമായ കോവിഡ് ബാധിച്ചവരിൽ കേവലം 9 ശതമാനത്തിൽ താഴെ മാത്രമാണ് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുത്തവർ എന്നാണ് കണക്കുകൾ പറയുന്നത്. 60 ശതമാനം പേർ ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്തവരുമാണ്. ഇത് വാക്സിൻ എടുക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുകയാണ്.
മറുനാടന് ഡെസ്ക്