കൊച്ചി: അടച്ചിടൽ തുടർന്നാൽ ആത്മഹത്യയും കൂടും. രോഗ വ്യാപനത്തിനിടേയും സർക്കാരിനെ വെട്ടിലാക്കുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്. ഇത് സാധാരണക്കാരേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഇതുകൊണ്ടാണ് തുറന്നു കൊടുക്കൽ എന്ന റിസ്‌കിന് സംസ്ഥാന സർക്കാരിനെ നിർബന്ധിതമാക്കുന്നത്. മിക്ക മേഖലയും പ്രതിസന്ധിയിലാണ്. ആത്മഹത്യകൾ എല്ലാ മേഖലയിലേക്കും കടക്കുന്നു.

മാവേലിക്കരയിൽ കടബാധ്യത മൂലം ഗ്രാഫിക് ഡിസൈനർ ജീവനൊടുക്കിയതാണ് കോവിഡിലെ അവസാന ഇര. ശ്രീഗായത്രി ഗ്രാഫിക് ഡിസൈനിങ് സെന്റർ ഉടമ കണ്ടിയൂർ ഗൗരീശങ്കരത്തിൽ വിനയകുമാർ (43) ആണു മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വായ്പ തിരിച്ചടയ്ക്കാനാകാതെ വിനയൻ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും ബാങ്കിൽ നിന്നു നോട്ടിസ് ലഭിച്ചിരുന്നതായും സുഹൃത്തുക്കൾ പറയുന്നു.

അടച്ചിടൽ അനിശ്ചിതമായി നീളുമ്പോൾ ഒന്നര മാസത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് 18 പേരാണ്. ശരാശരി 3 ദിവസം കൂടുമ്പോൾ കേരളത്തിൽ കോവിഡ് ലോക്ഡൗൺ ആത്മഹത്യകളുണ്ടാകുന്നു. ഗൗരീശപട്ടത്തെയും പാലക്കാട്ടെയും ലൈറ്റ് ആൻഡ് സൗണ്ട് ബിസിനസ് ഉടമകൾ, തിരുവനന്തപുരം നന്തൻകോട്ടെ മൂന്നംഗ കുടുംബം എന്നിവരെല്ലാം കോവിഡിലെ ആത്മഹത്യാ ഇരകളാണ്.

ഇടുക്കി വെള്ളിയാംകുടിയിലെ കർഷകൻ, അടിമാലിയിലെ ബേക്കറി ഉടമ, വയനാട്ടിലെ ബസ് ഉടമ, തൃശൂരിലെ ടിപ്പർ ഡ്രൈവറായ ചെറുപ്പക്കാരൻ, ഇയാളുടെ പിതാവ്, പാലക്കാട്ടെ കർഷകൻ, തിരുവനന്തപുരത്തെ ക്ഷീരകർഷകൻ, വടകരയിലെ ഹോട്ടൽ ഉടമ... ആത്മഹത്യാ പട്ടിക ഇങ്ങനെ നീളുന്നതിന് കാരണം വരുമാനമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ഇതിന് പരിഹാരം ഉണ്ടാക്കാൻ കച്ചവടം സാധാരണ നിലയിലാക്കണം. അതുകൊണ്ടാണ് തുറന്നു കൊടുക്കൽ ചിന്തയിലേക്ക് സർക്കാർ നീങ്ങുന്നത്.

ബേക്കറി കട നടത്തിയിരുന്ന വിളവൂർക്കൽ പെരുകാവ് തേവിക്കോണത്ത് വിജയകുമാർ ആത്മഹത്യ ചെയ്തത് കോവിഡ് പ്രതിസന്ധിയെ തുടർന്നാണ്. പണം തിരികെ കൊടുക്കാനുള്ളവരുടെ പട്ടിക കടയ്ക്കുള്ളിലുണ്ട്,' എന്നെഴുതി വച്ച് വിജയകുമാർ യാത്രയായി. ബസിന്റെ ഓട്ടം നിലച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതോടെയാണ് വയനാട് പാമ്പാടി അമ്പലവയലിൽ പെരുമ്പാടിക്കുന്നിലെ ബസ് ഉടമ പി.സി.രാജാമണി വിഷം കഴിച്ചു മരിച്ചത്.

പാലക്കാട് വെണ്ണക്കരയിലെ ലൈറ്റ്‌സ് ആൻഡ് സൗണ്ട് സ്ഥാപന ഉടമ പൊന്നുമണി മരിച്ചത് സമാന അവസ്ഥയിലാണ്.