ന്യൂഡൽഹി: രാജ്യത്ത് അതിതീവ്ര കോവിഡ് വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതാ നടപടികളുമായി ആരോഗ്യവകുപ്പ്. ബ്രിട്ടിഷ് അതിവേഗം പകടരുന്ന വകഭേദം ബാധിച്ച ഇരുപതു കേസുകൾ കൂടി ഇന്ത്യയിൽ കണ്ടെത്തി. ഇതോടെ രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 58 ആയി. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് കുടുതൽ അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടെ 25 സാംപിളുകൾ പുതിയ വകഭേദമാണെന്നു കണ്ടെത്തി. ഡൽഹി ഐജിഐബിയിൽ 11 സാംപിളുകളിലും ബംഗളൂരു നിംഹാൻസിൽ പത്തു സാംപിളുകളിലും പുതിയ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്.

അതി തീവ്ര വൈറസ് കേരളത്തിലും കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. തീവ്ര വ്യാപന ശേഷിയുള്ളതാണ് പുതിയ വൈറസ്. രോഗം തദ്ദേശീയമായി പടരാനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തിൽ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കർശനമാക്കി.

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരിൽ പിസിആർ പരിശോധന നടത്തും. നിയന്ത്രണങ്ങളിൽ ഇളവ് വന്നെങ്കിലും മാസ്‌ക്, സാമൂഹിക അകലം പാലിക്കൽ, കൈകൾ ശുചിയാക്കൽ എന്നിങ്ങനെയുള്ള പ്രതിരോധം തുടർന്നില്ലെങ്കിൽ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലേറെയാകുമെന്നാണ് മുന്നറിയിപ്പ്.

വൈറസ് സ്ഥിരീകരിച്ച ജില്ലകൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ യുകെയിൽനിന്ന് തിരിച്ചെത്തിയവർ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.കഴിഞ്ഞ മാസം ഒമ്പതാം തീയതി മുതൽ കേരളത്തിലെത്തിയ 1600പേരെ പിസിആർ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്.

വിദേശത്തുനിന്നെത്തിയവരിൽ മാത്രമല്ല തദ്ദേശീയമായി രോഗം പിടിപെട്ടവരുടെ സ്രവവും പുനൈ വൈറോളജി ലാബിൽ പരിശോധിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം. ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് കണ്ടെത്തിയത് നാല് മാസം മുമ്പാണ്. നിലവിലെ കൊറോണ വൈറസിനെക്കാൾ പുതിയ വൈറസിന് 70 ശതമാനം വ്യാപനശേഷി കൂടുതലാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് വെളിപ്പെടുത്തിയിരുന്നു.