- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണം അടുത്തവർഷവും ഉണ്ടാകുമല്ലോ, കൊറോണയെ ഈ വർഷം തന്നെ നമുക്ക് ഓടിക്കണ്ടേ; പിപിഇ കിറ്റിനുള്ളിൽ ഉരുകിയൊലിച്ച് ഓണദിനത്തിലും ഓടിനടക്കുന്നവരുടെ കോവിഡോണം ഇങ്ങനെ
തിരുവനന്തപുരം: കോവിഡിന്റെ നിഴലിൽ കേരളം ഓണം ആഘോഷിക്കുമ്പോഴും പിപിഇ കിറ്റിന്റെ ചൂടിനുള്ളിൽ ഒരിറ്റ് വിശ്രമമില്ലാതെ പണിയെടുക്കുകയാണ് കേരളത്തിലെ ആരോഗ്യ പ്രവർത്തകർ. ഉറ്റവർക്കൊപ്പം പൊന്നോണ ദിനത്തിൽ ഒരിറ്റ് നേരം ഇരിക്കാനാകില്ലെങ്കിലും അവർ സ്വപ്നം കാണുന്നത് മഹാമാരിയുടെ ഭീഷണിയില്ലാത്ത അടുത്ത വർഷത്തെ ഓണമാണ്. കോവിഡ് സർവൈലൻസ് ടീമിന്റെ ഭാഗമായി കളക്റ്റ്രേറ്റുകളിൽ പ്രവർത്തിക്കുന്നവർക്ക് സാരിയും പൂവും ചൂടാനായി എന്ന ആശ്വാസം മാത്രം. അപ്പോഴും ആശുപത്രികളിലെ നഴ്സുമാരും ഡോക്ടർമാരും ഉൾപ്പെടെയുള്ളവർ പിപിഇ കിറ്റിനുള്ളിലെ ചൂടിൽ ഉരുകിയൊലിക്കുകയാണ്.
കോവിഡിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ കുറേപ്പേർക്ക് ഓണം ‘കോവിഡോണ'മാകുന്നതിന്റെ നേർക്കാഴ്ചയാണ് ആരോഗ്യ മേഖലയിൽ കാണാനാകുക. കോവിഡ് സർവൈലൻസ് ടീമിന് ഇത്തവണത്തെ ഓണം സങ്കല്പം മാത്രമാണ്. കളക്ടറേറ്റിൽ പ്രവർത്തിക്കുന്നവർക്കും വിവിധ ആശുപത്രികളിൽ കോവിഡ് രോഗികളെ പരിചരിക്കുന്നവർക്കും ഓണാഘോഷം പോയിട്ട് ഇത്തിരിനേരം വിശ്രമിക്കാൻപോലും നേരംകിട്ടുന്നില്ല.
കോവിഡിനെതിരേ പൊരുതുമ്പോൾ ഓണത്തെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയുന്നില്ലെന്ന് സർവൈലൻസ് ടീമിലെ ഡോക്ടർമാരായ ഷെറിൻ ജോസഫും ബിലിൻ പി. മാത്യുവും പറഞ്ഞു. ഡോക്ടർമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരും ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരും വൊളന്റിയർമാരുമായി എഴുപതിലേറെ പേരാണ് കോവിഡ് സർവൈലൻസ് ടീമിൽ വിശ്രമമില്ലാതെ ജോലിചെയ്യുന്നത്. ആശുപത്രികളിൽ കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്സുമാരുടെ സംഘം വേറെയുമുണ്ട്.
ചിലർക്ക് ഓണവസ്ത്രം ധരിക്കാനെങ്കിലും സാധിച്ചു. പി.പി.ഇ. വസ്ത്രം ഊരാൻപോലും കഴിയാതെ വിഷമിച്ചുനിൽക്കുന്നവരാണ് കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്സുമാർ. ഇത്തവണ ഓണത്തിന് സദ്യ പോയിട്ട് സാധാരണ ഭക്ഷണമെങ്കിലും കഴിക്കാൻ സമയം കിട്ടുമോയെന്നറിയില്ല. ഓണം അടുത്തവർഷവും ഉണ്ടാകുമല്ലോ. പക്ഷേ, കൊറോണയെ ഈ വർഷം തന്നെ നമുക്ക് ഓടിക്കണ്ടേ- ഇവർ പറയുന്നു.
മറുനാടന് ഡെസ്ക്