- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ആഘാതം അസംഘടിത മേഖലയിൽ; പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു; വിവരശേഖരണം നടത്തിയത് ഉൽപ്പാദന, വ്യാപാര, സേവന മേഖലകളിലെ സ്ഥാപനങ്ങളിൽ നിന്ന്
തിരുവനന്തപുരം: അസംഘടിത മേഖലയിലെ കാർഷികേതര സംരംഭങ്ങളിൽ കോവിഡ് അടച്ചുപൂട്ടൽ ഏൽപ്പിച്ച ആഘാതം സംബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അഡീഷണൽ ചീഫ് സെക്രട്ടറി ടീക്കറാം മീണയ്ക്ക് നൽകി പ്രകാശിപ്പിച്ചു. വകുപ്പ് ഡയറക്ടർ പി പി സജീവ് പങ്കെടുത്തു.
ഉൽപ്പാദന, വ്യാപാര, സേവന മേഖലകളിൽ ഉൾപ്പെട്ട 9261 സ്ഥാപനത്തിൽ നിന്നുമാണ് വിവരശേഖരണം നടത്തിയത്. അടച്ചിടൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമൂലം അസംഘടിത മേഖലയിലെ പ്രവൃത്തി ദിവസങ്ങളിൽ 2020 ഏപ്രിലിൽ ഉണ്ടായ നഷ്ടം 84 ശതമാനമാണ്. രണ്ടാംഘട്ട അടച്ചിടൽ സമയത്ത്, മെയ് 2021 -ൽ പ്രവൃത്തി ദിവസങ്ങളിൽ 72 ശതമാനം നഷ്ടമായി കുറഞ്ഞു. ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് മറ്റു സേവന മേഖലകളിലാണ്. 2020 ൽ 59 ശതമാനം നഷ്ടം സംഭവിച്ചപ്പോൾ 2021 ൽ അത് 57 ശതമാനമായി കുറഞ്ഞു.
അടച്ചിടൽ നിയന്ത്രണങ്ങളിലെ ഇളവുകൾ പ്രയോജനപ്പെടുത്തിയതുമൂലം അസംഘടിത മേഖലയിലെ തൊഴിൽ നഷ്ടം ഈ വർഷം കുറഞ്ഞു. തദ്ദേശീയ തൊഴിലാളികളാണ് മെച്ചപ്പെട്ട പ്രതിരോധം കാഴ്ചവച്ചത്. കഴിഞ്ഞവർഷം അടച്ചിടലിൽ 81 ശതമാനം അതിഥിത്തൊഴിലാളികൾക്കും, 73 ശതമാനം തദ്ദേശീയ തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെട്ടു. 2021ൽ അത് യഥാക്രമം 65, 45 ശതമാനമായി കുറഞ്ഞു.
വരുമാന നഷ്ടത്തിലും ഗണ്യമായ കുറവുണ്ടായി. 2020 കാലഘട്ടത്തിൽ 79 ശതമാനമാണ് വരുമാന നഷ്ടം. രണ്ടാംഘട്ടത്തിൽ 68 ശതമാനമായി. അടച്ചുപൂട്ടൽ ഇളവുകളിൽ വരുമാനം വർധിച്ചു. 2020 ജൂലൈയിലെ 41 ശതമാനം വരുമാന നഷ്ടം കഴിഞ്ഞ ജൂലൈയിൽ 35 ശതമാനമായി. കടബാധിതർ ആദ്യഘട്ടത്തിൽ 34 ശതമാനമായിരുന്നത് ഈവർഷം 31 ആയി. 2020ലെ കടബാധിതരിൽ 26 ശതമാനം കടം തിരിച്ചടച്ചു. ഒമ്പത് ശതമാനം പേർ പുതിയതായി കടക്കാരായി. 2020ൽ 90 ശതമാനം പേരും കടം തിരിച്ചടവ് മുടങ്ങിയപ്പോൾ 2021 ൽ അത് 80 ശതമാനമായി കുറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ അവസരോചിതമായ ഇടപെടലുകളും നയരൂപീകരണവും ഈ മേഖലകളിൽ കോവിഡ് സൃഷ്ടിച്ച ആഘാതം പരിധിവരെ ലഘൂകരിക്കുന്നതായും റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ