തിരുവനന്തപുരം: കോവിഡിനുള്ള ആർടിപിസിആർ പരിശോധനയുടെ നിരക്ക് കുറയ്ക്കാനുള്ള സർക്കാർ തീരുമാനം നടപ്പാകാൻ വൈകിയതു പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. വ്യാപകമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് നിരക്ക് 1700ൽ നിന്ന് 500 രൂപയാക്കി കുറയ്ക്കാൻ സർക്കാർ തയാറായത്.

സർക്കാർ അറിയിപ്പു ലഭിച്ചില്ലെന്ന പേരിൽ സ്വകാര്യ ലബോറട്ടറികൾ പഴയ നിരക്ക് ഈടാക്കിയത് സംസ്ഥാനത്തു പലേടത്തും പ്രതിഷേധത്തിന് ഇടയാക്കി. ഉച്ചയ്ക്ക് സർക്കാർ ഉത്തരവ് ഇറങ്ങിയതോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. പല ലാബുകളും പരിശോധന ഒഴിവാക്കുന്നതായും സൂചനയുണ്ട്.

വ്യാഴാഴ്ച രാത്രി മന്ത്രി കെ.കെ. ശൈലജയുടെ പത്രക്കുറിപ്പ് ഇറങ്ങിയെങ്കിലും ഉത്തരവ് വൈകി. ഈ പഴുതുപയോഗിച്ചാണു പല ലാബുകളും ഇന്നലെയും അമിതനിരക്ക് ഈടാക്കിയത്. ചില സ്വകാര്യ ലാബുകൾ രാവിലെ മുതൽ തന്നെ നിരക്ക് 500 രൂപയാക്കി.

ഐ.സി.എം.ആർ. അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആർടിപിസിആർ പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാൽ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാർജ് തുടങ്ങിയവ ഉൾപ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആർ, സംസ്ഥാന അംഗീകൃത ലബോറട്ടറികൾക്കും ആശുപത്രികൾക്കും പരിശോധന നടത്തുവാൻ പാടുള്ളൂ. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത്.