ന്യൂഡൽഹി: രാജ്യത്ത് ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്ന പക്ഷം കോവിഡിന്റെ മൂന്നാംതരംഗത്തെ തടയാനാകുമെന്ന് കേന്ദ്രസർക്കാരിന്റെ പ്രിൻസിപ്പൽ അഡൈ്വസർ കെ. വിജയരാഘവൻ. ഡൽഹിയിൽ ആരോഗ്യമന്ത്രാലയത്തിന്റെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം തീർച്ചയായും സംഭവിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

ശക്തമായ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ രാജ്യത്ത് ഒരിടത്തും കോവിഡ് മൂന്നാംതരംഗം സംഭവിക്കാതിരിക്കുമെന്ന് കെ. വിജയരാഘവൻ വ്യക്തമാക്കി. പ്രാദേശികതലം, ജില്ലകൾ, സംസ്ഥാനങ്ങൾ തുടങ്ങി എല്ലായിടത്തും എത്രത്തോളം ഫലപ്രദമായി പ്രതിരോധം നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

If we take strong measures, the third wave may not happen in all the places or indeed anywhere at all. It depends much on how effectively the guidance is implemented at the local level, in the states, in districts & in the cities everywhere: Principal Scientific Advisor to Centre pic.twitter.com/9SFcHOaFEW

- ANI (@ANI) May 7, 2021

അതേസമയം മഹാരാഷ്ട്ര, കർണാടക, കേരളം, ഉത്തർ പ്രദേശ്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, ഛത്തീസ്‌ഗഢ്, പശ്ചിമ ബെംഗാൾ, ഹരിയാണ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ കേസ് ലോഡ് വളരെ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ആരതി അഹൂജ പറഞ്ഞു.

18-നും 44-നും ഇടയിൽ പ്രായമുള്ള 11.81 ലക്ഷം പേർക്ക് ഇതിനോടകം കോവിഡ് വാക്സിന്റെ ഒന്നാം ഡോസ് നൽകി. 16.50 കോടി ഡോസ് വാക്സിനാണ് ഇതുവരെ എല്ലാ വിഭാഗത്തിലും പെട്ടവർക്കായി നൽകിയതെന്നും ആരതി കൂട്ടിച്ചേർത്തു.