ലഖ്നൗ: കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായും ബാധിച്ചേക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കി യുപി സർക്കാർ. കുട്ടികൾക്ക് വേണ്ടി സംസ്ഥാനത്ത് സൗജന്യ മെഡിക്കൽ കിറ്റ് വിതരണം ചെയ്യാനൊരുങ്ങുകയാണ് സർക്കാർ.

കുട്ടികൾക്കുള്ള സിറപ്പ്, ചവച്ചരച്ചു കഴിക്കാവുന്ന ഗുളിക എന്നിവയടങ്ങുന്നതാണ് മെഡിക്കൽ കിറ്റ്. ജൂൺ 15 മുതൽ കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഉത്തർപ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് വ്യക്തമാക്കി. കുട്ടികളുടെ പ്രായത്തിനും ഭാരത്തിനും അനുസരിച്ചാവും മെഡിക്കൽ കിറ്റ് നൽകുക. 97,000 ആരോഗ്യപ്രവർത്തകർ ചേർന്ന് സംസ്ഥാനത്ത് കുട്ടികളുള്ള വീടുകളിൽ മെഡിക്കൽ കിറ്റ് എത്തിക്കും. രോഗലക്ഷണങ്ങൾ ഉള്ള കുട്ടികൾക്ക് മരുന്ന് നൽകാൻ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രായത്തിനനുസരിച്ച് നൽകാനായി മൂന്ന് തരം കിറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഡോസേജ് കുറഞ്ഞ സിറപ്പും മരുന്നുമാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദും പ്രതികരിച്ചു.