ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം വൈകാൻ സാധ്യതയെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. ഐസിഎംആർ പഠനം പറയുന്നത് മൂന്നാം തരംഗം വൈകുമെന്നാണ്. ഇത് അവസരമായി കണ്ട് വാക്സിനേഷൻ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് വിദഗ്ധ സമിതി ചെയർമാൻ ഡോ. എൻ കെ അറോറ ആവശ്യപ്പെട്ടു.

കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയിലാണ് രാജ്യം. രണ്ടാം തരംഗത്തേക്കാൾ കൂടുതൽ രൂക്ഷമാകുമോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്. കോവിഡ് മൂന്നാം തരംഗം എന്നു വരുമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല. മൂന്നാം തരംഗം വൈകുമെന്നാണ് ഐസിഎംആർ പഠനം പറയുന്നതെന്ന് ഡോ എൻ കെ അറോറ പറയുന്നു. അങ്ങനെയങ്കിൽ ആറു മുതൽ എട്ടുമാസം വരെ സമയം ലഭിക്കും. ഇതിനകം എല്ലാവരിലേക്കും വാക്സിൻ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വരുംദിവസങ്ങളിൽ പ്രതിദിനം ഒരു കോടി ഡോസ് വാക്സിൻ നൽകുക എന്നതാണ് ലക്ഷ്യം. ഇതിന് വേണ്ടിയുള്ള നടപടികൾ ഊർജ്ജിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡില്ലയുടെ കോവിഡ് വാക്സിന്റെ പരീക്ഷണം ഏകദേശം പൂർത്തിയായി. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യമോ കുട്ടികൾക്ക് സൈഡഡ് കാഡില വാക്സിൻ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12 മുതൽ 18 വയസ് വരെയുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് വാക്സിനെന്നും അദ്ദേഹം പറഞ്ഞു.