- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റിൽ തുടങ്ങിയേക്കും; സെപ്റ്റംബറിൽ ഉച്ഛസ്ഥായിയിലെത്തും; മഹാമാരിയിൽനിന്ന് രക്ഷനേടാൻ ഏകമാർഗം വാക്സിനേഷനെന്നും എസ്.ബി.ഐ റിസർച്ചിന്റെ പഠന റിപ്പോർട്ട്
ന്യൂഡൽഹി: കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്ത് ഓഗസ്റ്റ് മധ്യത്തോടെ തുടങ്ങിയേക്കുമെന്ന സൂചന നൽകി എസ്ബിഐ റിസർച്ചിന്റെ പഠന റിപ്പോർട്ട്. സെപ്റ്റംബറോടെ മൂന്നാം തരംഗം ഉച്ഛസ്ഥായിയിൽ എത്തുമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് പ്രവചിക്കുന്നു. വാക്സിനേഷനാണ് മഹാമാരിയിൽനിന്ന് രക്ഷനേടാനുള്ള ഏകമാർഗമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
രണ്ടാം തരംഗം അവസാനിക്കുന്നതിന് മുമ്പാണ് മൂന്നാം തരംഗം ഓഗസറ്റിൽ തുടങ്ങുമെന്ന പ്രവചനം. രാജ്യത്ത് രണ്ടാം തരംഗം മെയ് ഏഴിനാണ് ഉച്ഛസ്ഥായിയിൽ എത്തിയതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രൂപ്പ് ചീഫ് എക്കണോമിക് അഡൈ്വസർ സൗമ്യ കാന്തി ഘോഷ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ജൂലായ് രണ്ടാം വാരത്തോടെ കോവിഡ് കേസുകൾ ഗണ്യമായി കുറയും. എന്നാൽ ഓഗസ്റ്റ് മധ്യത്തോടെ വീണ്ടും ഉയർന്ന് തുടങ്ങും. ഒരു മാസത്തോളം കഴിഞ്ഞാവും ഉച്ഛസ്ഥായിയിൽ എത്തുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെ ജനസംഖ്യയുടെ 20.8 ശതമാനത്തിന് ആദ്യ ഡോസ് ലഭിച്ചു. 4.6 ശതമാനത്തിന് മാത്രമാണ് പൂർണമായും വാക്സിൻ കുത്തിവെപ്പ് ലഭിച്ചത്. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണിത്. യു.എസ്സിൽ ജനസംഖ്യയുടെ 47.1 ശതമാനത്തിനും യു.കെയിൽ 48.7 ശതമാനത്തിനും ഇസ്രയേലിൽ 59.8 ശതമാനത്തിനും സ്പെയിനിൽ 38.5 ശതമാനത്തിനും ഫ്രാൻസിൽ 31.2 ശതമാനത്തിനും രണ്ട് ഡോസ് ലഭിച്ചു.
അതിനിടെ രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി ഡെൽറ്റ വകഭേദം ബാധിച്ച 51 കേസുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മരണ നിരക്ക് മൂന്ന് മാസമായി സ്ഥായിയായി നിലനിൽക്കുന്നത് ആശ്വാസമാണ്.
രാജ്യത്ത് പ്രതിദിനം 40 ലക്ഷം വാക്സിൻ കുത്തിവെപ്പുകൾ ഒരു ദിവസം നൽകിത്തുടങ്ങിയിട്ടുണ്ട്. കേരളം, രാജസ്ഥാൻ, ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ 60 വയസിന് മുകളിൽ പ്രായമുള്ള നല്ലൊരു ശതമാനം ജനങ്ങൾക്കും വാക്സിന്റെ രണ്ട് ഡോസുകളും നൽകിക്കഴിഞ്ഞു. എന്നിരുന്നാലും ഗ്രാമീണ മേഖലകളിൽ വാകസിൻ കുത്തിവെപ്പ് കുറവാണ്. തമിഴ്നാട്, പഞ്ചാബ്, ഉത്തർപ്രദേശ്, അസം, ബിഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ 45 വയസിനു മുകളിൽ പ്രായമുള്ളവരിൽ വാക്സിൻ എടുത്തവർ കുറവാണ്. ഈ സംസ്ഥാനങ്ങൾ വാക്സിൻ കുത്തിവെപ്പ് വേഗത്തിൽ ആക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ് ഡെസ്ക്