- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിരോധത്തിൽ വീഴ്ച വന്നാൽ കോവിഡ് 'മൂന്നാം തരംഗം'; വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആൾക്കൂട്ടം ആശങ്കയുണ്ടാക്കുന്നത്; ജാഗ്രതയിൽ അലംഭാവം കാണിക്കരുതെന്ന് പ്രധാനമന്ത്രി; കൊറോണ വൈറസിനുണ്ടായ ജനിതക മാറ്റം വെല്ലുവിളിയെന്നും നരേന്ദ്ര മോദി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് ആളുകൾ കൂട്ടമായി എത്തുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി. കോവിഡ് വ്യാപനത്തിന്റെ മൂന്നാംതരംഗം സംഭവിക്കാതിരിക്കാൻ എല്ലാവരും ഒന്നിച്ച് പ്രതിരോധം തീർക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള വെർച്വൽ യോഗത്തിൽ പങ്കെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'മൂന്നാംതരംഗം എപ്പോഴാണ് രൂക്ഷമാകുക അല്ലെങ്കിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് മുമ്പേ യാത്ര പോയി ആസ്വദിച്ച് മടങ്ങിവരാം എന്നാകരുത് ചിന്ത. നിലവിലെ സാഹചര്യത്തെ കുറിച്ച് ചിന്തിക്കുകയും മൂന്നാംതരംഗം പ്രതിരോധിക്കുകയും വേണം. ഹിൽ സ്റ്റേഷനുകളിൽ കാണുന്ന ആൾക്കൂട്ടം ആശങ്കയുണ്ടാക്കുന്നതാണ്. ജാഗ്രതയിൽ അലംഭാവം കാണിക്കരുത്.', പ്രധാനമന്ത്രി പറഞ്ഞു.
വിനോദസഞ്ചാരമേഖലയെയും വ്യാപാരത്തെയുമെല്ലാം കോവിഡ് പ്രതികൂലമായി ബാധിച്ചു എന്നുള്ളത് സത്യമാണ്. എന്നാൽ ഹിൽ സ്റ്റേഷനുകളിലും മാർക്കറ്റുകളിലുമെല്ലാം മാസ്ക് ധരിക്കാതെ ആളുകൾ കൂട്ടം കൂടുന്നത് ശരിയല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. പ്രതിരോധത്തിലെ വീഴ്ചകളാണ് വെല്ലുവിളികളായത്. കൊറോണ വൈറസിനുണ്ടായ ജനിതക മാറ്റം വെല്ലുവിളിയാണ്.വൈറസ് വകഭേദങ്ങളെ ജാഗ്രതയോടെ കാണണം.വൈറസിന്റെ ജനിതകമാറ്റത്തെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്. മാസ്ക് ധരിക്കാതെ ആളുകൾ ഹിൽ സ്റ്റേഷനുകളിലേക്ക് യാത്ര നടത്തുന്നതും മാർക്കറ്റിൽ കൂട്ടം കൂടുന്നതും അംഗീകരിക്കാനാകില്ല.
കോവിഡ് കേസുകൾ ഉയരുകയാണ്. വ്യാപനം നിയന്ത്രിക്കുന്നതിനായി മൈക്രോ ലെവലിൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കോവിഡ് വകഭേദങ്ങളെ സൂക്ഷ്മമായി കരുതിയിരിക്കേണ്ടതുണ്ട്. വിദഗ്ദ്ധർ അവയെ കുറിച്ച് പഠിക്കുകയാണ്. കോവിഡ് 19 സാഹചചര്യം മനസ്സിലാക്കി അതിന് അനുസരിച്ച് പെരുമാറാൻ ജനങ്ങളെ നാം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെസ്റ്റ്-ട്രാക്ക് -ട്രീറ്റ് എന്നീ 3-ടി ഫോർമുലയുടെ പ്രധാന്യവും മോദി ആവർത്തിച്ചു. അസം, നാഗലാൻഡ്, ത്രിപുര, സിക്കിം, മണിപുർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.
ന്യൂസ് ഡെസ്ക്