കോട്ടയം: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരുടെ ചികിത്സയ്ക്ക് നെസ്ലെ ഇന്ത്യ ഗ്രൂപ്പിന്റെ സഹകരണത്തോടെ നാലുകോടി, കോട്ടയം റോയൽസ് ജെ.സിഐകൾ ജില്ലാ ദുരന്തനിവാരണ അഥോറിറ്റിക്ക് ചികിത്സാ സാമഗ്രികൾ കൈമാറി. 80 ലക്ഷം രൂപ ചെലവിട്ട് ലഭ്യമാക്കിയ 20 ഹൈ ഫ്ളോ നേസൽ കാനുലയും അനുബന്ധ സാമഗ്രികളും ജില്ലാ കളക്ടർ എം. അഞ്ജന നെസ് ലെ ഇന്ത്യ റീജിയണൽ മാനേജർ ജോയി സഖറിയാസിൽനിന്ന് ഏറ്റുവാങ്ങി.

കോട്ടയം, ചങ്ങനാശേരി ജനറൽ ആശുപത്രികൾ, പാമ്പാടി താലൂക്ക് ആശുപത്രി, മുണ്ടക്കയം സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഇവ ഉപയോഗിക്കുക. പ്രത്യേക ചികിത്സാ സഹായ പദ്ധതിയുടെ ലോഗോ ജെ.സിഐ ഇന്ത്യ പ്രസിഡന്റ് അനീഷ് സി. മാത്യു പ്രകാശനം ചെയ്തു.

എ.ഡി.എം അനിൽ ഉമ്മൻ, കോട്ടയം ജനറൽ ആശുപത്രിയിലെ ആർ. എം.ഒ. ഡോ. ഭാഗ്യശ്രീ, ജെ.സിഐ മേഖലാ അധ്യക്ഷൻ ജെയിംസ് കെ. ജെയിംസ്, ജെസിഐ നാലുകോടി പ്രസിഡന്റ് വിജയ് മംഗലം, ശ്രീജിത്ത് എം എസ്, ഷൈൻ പി. ജോസഫ്, രഞ്ജു ക്രിസ്റ്റ്സ് തുടങ്ങിയവർ പങ്കെടുത്തു.