ലണ്ടൻ: ലോകമാകെ പടർന്ന കോവിഡിന്റെ ബാക്കിപത്രത്തിൽ ഒരു ദുരന്തഭൂമിയായി അടയാളപ്പെടുത്താൻ പോകുന്നത് ബ്രിട്ടനെയയിരിക്കുമോ? അങ്ങനെ സംഭവിക്കാൻ സാധ്യതകൾ ധാരാളമാണെന്നാണ് സ്ഥിതിഗതികൾ സൂചിപ്പിക്കുന്നത്. അതിവ്യാപന ശേഷിയുള്ള ലണ്ടൻ-കെന്റ് ഇനം കൊറോണ ബ്രിട്ടനിലാകെ താണ്ഡവമാടുമ്പോൾ കൂടുതൽ വിനാശകാരികളായ ദക്ഷിണാഫ്രിക്കൻ ഇനത്തിന്റെയും ബ്രസീലിയൻ ഇനത്തിന്റെയും സാന്നിദ്ധ്യവും ബ്രിട്ടനിൽ കണ്ടെത്തിയിരിക്കുന്നു. ഇതുവരെ 77 പേരിലാണ് ദക്ഷിണാഫ്രിക്കനിനത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഒമ്പത് പേരിൽ ബ്രസീലിയൻ ഇനവുംകണ്ടെത്തിയിട്ടുണ്ട്.

കൊറോണ വൈറസുകൾക്ക് അതിവേഗം മ്യുട്ടേഷൻ അഥവാ പ്രകീർണാന്തരണം സംഭവിക്കുന്നതിനാൽ ഓരോ വർഷവും പുതിയ വാക്സിനുകൾ വേണ്ടിവന്നേക്കുമെന്ന ഭയവും ആരോഗ്യമേഖലയിൽസജീവമായിക്കഴിഞ്ഞു.അതേസമയം, ദക്ഷിണാഫ്രിക്കൻ-ബ്രസീൽ ഇനങ്ങൾ ബാധിച്ചവർ സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. ഇവർക്കൊക്കെയും തന്നെ യാത്രകളിലാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഈ ഇനങ്ങളുടെ സമൂഹവ്യാപനം ഇനിയും ബ്രിട്ടനിൽ രേഖപ്പെടുത്തിയിട്ടില്ല എന്നത് അല്പം ആശ്വാസം പകരുന്ന ഒരു കാര്യമാണ്.

ഈ രണ്ട് വിദേശ ഇനം വൈറസുകൾ ബാധിച്ചവരുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്നവരും നിരീക്ഷണത്തിലാണ്. ഈ ഇനങ്ങളുടെ സാമൂഹ്യ വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെയാണ് ഓരോ നീക്കവും സർക്കാർ നടത്തുന്നത്. അതേസമയം, ഇനിയുള്ള കാലം കൊറോണ ഒരു യാഥാർത്ഥ്യമെന്ന് തിരിച്ചറിഞ്ഞ്, അത് നമ്മോടൊപ്പമുണ്ടെന്ന് മനസ്സിലാക്കി ജീവിക്കണം എന്ന് വാക്സിനേഷൻ ജോയിന്റ് കമ്മിറ്റി ഡെപ്യുട്ടി ചെയർമാൻ പ്രൊഫസർ ആന്റണി ഹാർഡൻ പറയുന്നു. പല രാജ്യങ്ങളിലായി ഇനിയും കൊറോണയുടെ ജനിതകമാറ്റം സംഭവിച്ച പുതിയ ഇനങ്ങൾ പിറവികൊണ്ടേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ഫ്ളൂവിനെ പോലെ ഒരു സർവ്വസാധാരണമായ ഒരു രോഗമായി ഇത് മാറിയേക്കാം. എല്ലാവർഷവും പുതിയ വാക്സിനേഷൻ സ്വീകരിക്കേണ്ടതായി വന്നേക്കാം. അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. അതേസമയം, കൂടുതൽ അപകടകാരികളായ പുതിയ ഇനം വൈറസുകൾ രാജ്യത്തേക്ക് പ്രവേശിക്കാതിരിക്കാൻ കർശന നടപടികളുമായി എത്തുകയാണ് ബ്രിട്ടീഷ് സർക്കാർ. ആസ്ട്രേലിയൻ മാതൃകയിലുള്ള ഹോട്ടൽ ക്വാറന്റൈൻ ഉടൻ നിലവിൽ വരുമെന്നാണ് സൂചന. പൗരത്വമോ, ഏത് രാജ്യത്തെ പൗരനാണെന്നതൊ കണക്കാക്കാതെ, ഏതുരാജ്യത്തുനിന്നും തിരിച്ചെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കുന്ന നടപടിയാണിത്.

അതിനിടയിൽ, ലോക്ക്ഡൗൺ നീക്കം ചെയ്താലും പബ്ബുകളും റെസ്റ്റോറന്റുകളും ജൂലായ് മാസംവരെ അടഞ്ഞുകിടക്കാനാണ് സാധ്യത എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കോവിഡ് വ്യാപനം തടയുവാൻ സ്ഥലങ്ങളും സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ പ്രാദേശിക കൗൺസിലുകൾക്ക് നൽകിയിരുന്ന പ്രത്യേകാധികാരം അടുത്ത ആഴ്‌ച്ച അവസാനിക്കാനിരിക്കെ അത് നീട്ടിക്കൊടുക്കുവാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഒരുപക്ഷെ, നിയന്ത്രണങ്ങളും ജൂലായ് വരെ നീണ്ടേക്കാം എന്നും റിപ്പോർട്ടുകളുണ്ട്.

ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ, ഫെബ്രുവരി പകുതിയോടെ ലോക്ക്ഡൗൺ നീക്കം ചെയ്യുമെന്നാണ് ബോറിസ് ജോൺസൺ പറഞ്ഞിരുന്നത്. എന്നാൽ, ഇത് എന്ന് പിൻവലിക്കാൻ സാധിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതികരണം. നിലവിലുള്ള ലോക്ക്ഡൗൺ വേനൽ കഴിഞ്ഞും നീളാനുള്ള സാധ്യത ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ തള്ളിക്കളയുന്നുമില്ല.