ലണ്ടൻ: ലണ്ടൻ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് തന്നെയുള്ള ക്രൗൺപ്ലാസ എന്ന ഫോർസ്റ്റാർ ഹോട്ടലിൽ ഇന്ന് ബ്രിട്ടന് പ്രിയപ്പെട്ട കുറച്ച് അതിഥികളുണ്ട്. നല്ല സുഖസൗകര്യങ്ങളോടെയാണവർ കഴിയുന്നത്. കോവിഡ് വാക്സിനും ലഭിച്ചു, ഹോട്ടലിൽ വെച്ചുതന്നെ. ഇതിൽ പലരും 20 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളുമില്ല. പ്രായമായവരും ആരോഗ്യ പ്രശ്നമുള്ളവരും അതുപോലെ, വാക്സിൻ നൽകുന്നതിനായി സർക്കാർ രൂപപെടുത്തിയ മുൻഗണനാ ലിസ്റ്റിലെ പലരും വാക്സിനായി കാത്തിരിപ്പ്തുടരുമ്പോഴാണ് ഇവർക്ക് വാക്സിൻ ലഭിച്ചത്.

രാഷ്ട്രീയ നേതാക്കളോ ഉന്നത ഉദ്യോഗസ്ഥരോ, രാജ്യത്തിന്റെ പ്രശസ്തി വാനോളമുയർത്തിയ കലാ-കായികതാരങ്ങളോ ഒന്നുമല്ല അവർ. മറിച്ച്, കള്ളവണ്ടി കയറി ബ്രിട്ടനിലെത്തിയ അനധികൃത കുടിയേറ്റക്കാരാണവർ. പല ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമൊക്കെയായി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലെത്തി ലോറികളിൽ ഒളിച്ചിരുന്നും അല്ലെങ്കിൽ ഫ്രാൻസിലെത്തിയ ശേഷം ബോട്ടിൽ കയറി ഇംഗ്ലീഷ് ചാനൽ മറികടന്നും ബ്രിട്ടനിലെത്തിയവർ. ഹീത്രൂ വിമാനത്താവളത്തിനടുത്തുള്ള ക്രൗൺ പ്ലാസാ ഹോട്ടൽ പോലെ പല ഹോട്ടലുകളിലായി നിരവധി അഭയാർത്ഥികളെയാണ് താമസിപ്പിച്ചിരിക്കുന്നത്.

പലരും ആഴ്‌ച്ചകളായി അവിടങ്ങളിൽ സർക്കാർ ചെലവിൽ താമസിക്കുകയാണ്. ചിലർ മാസങ്ങളായി തുടരുന്നവരുമുണ്ട്. അവരുടെ, അഭയാർത്ഥികളായി പരിഗണിക്കുവാനുള്ള അപേക്ഷകളിൽ തീരുമാനം വരുവാൻ കാത്തിരിക്കുകയാണവിടെ. എന്നാൽ, ഇപ്പോൾ അവർക്ക് വാക്സിൻ കൂടി നൽകിയതോടെ സർക്കാരിനുള്ളിൽ തന്നെ അത് വിവാദമയിരിക്കുകയാണ്. വൃദ്ധരും മറ്റ് അപകട സാധ്യത കൂടുതലുള്ളവരുമൊക്ക് ഇനിയും കാത്തിരിക്കുമ്പോൾ, ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത ചെറുപ്പക്കാരായ അനധികൃത കുടിയേറ്റക്കാർക്ക് വാക്സിൻ നൽകിയതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.

ബ്രിട്ടൻ സന്ദർശിക്കാൻ എത്തുന്ന ബിസിനസ്സുകാരുടെ പ്രിയപ്പെട്ട സങ്കേതമായിരുന്നു ക്രൗൺ പ്ലാസ. പിന്നീടാണ് സർക്കാർ അത് കുടിയേറ്റക്കാരെ താമസിപ്പിക്കാനായി ഏറ്റെടുത്തത്. മാസങ്ങളായി ഇവിടെ സുഭിക്ഷമായി ഉണ്ടുറങ്ങിക്കഴിയുന്ന കുടിയേറ്റക്കാരുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തുന്ന ബ്രിട്ടീഷ് പൗരന്മാരും ബ്രിട്ടനിൽ സ്ഥിരതാമസക്കാരായവരും സ്വന്തം കാശുമുടക്കി വീടിനു മുറിക്ക് വെളിയിൽ ഇറങ്ങാതെ ക്വാറന്റൈൻ ചെയ്യേണ്ട സാഹചര്യമുള്ളപ്പോഴാണ് ഇവർ തികച്ചും സൗജന്യമായി നക്ഷത്ര ഹോട്ടലിലെ ജീവിതം നയിക്കുന്നത്. അതും പുറത്തിറങ്ങാൻ ഒരുവിലക്കുമില്ലാതെ.

ഈ ക്രൗൺ പ്ലാസയിൽ നിന്നും അധികം അകലെയല്ലാതെ, ഇത്രയും സൗകര്യങ്ങളില്ലാത്ത ത്രീ സ്റ്റാർ ഹോട്ടലായ ഐബിൽ സ്‌റ്റൈൽസ് ഹീത്രൂ ഈസ്റ്റ് ഹോട്ടൽ സ്ഥിതിചെയ്യുന്നു. റെഡ്ലിസ്റ്റിലുള്ള 33 രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർ സ്വന്തം പണം മുടക്കി പത്തുദിവസം തടവ് ശിക്ഷ ഏറ്റുവാങ്ങേണ്ടത് ഇതുപോലുള്ള ഹോട്ടലുകളിലാണ്. ശരീരത്തിന് ഒരല്പംവ്യായാമം നൽകാനോ മറ്റൊ മുറിക്ക് പുറത്തിറങ്ങാനുള്ള അനുവാദം പോലുമുണ്ടായിരിക്കില്ല.

ഇവിടെ പണം കൊടുത്തുവാങ്ങുന്ന ഭക്ഷണത്തിലും മെച്ചപ്പെട്ട ഭക്ഷണമാണ് അപ്പുറത്ത് കള്ളവണ്ടി കയറി എത്തിയവർക്ക് ലഭിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ പോലെ തന്നെ, ഏത് ഹോട്ടലിൽ താമസിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം വിദേശ സഞ്ചാരം കഴിഞ്ഞെത്തുന്ന ബ്രിട്ടീഷുകാർക്കും ഇല്ല. വിമാനത്താവളങ്ങളിൽ നിന്നും അപ്പോഴത്തെ ലഭ്യതയും മറ്റും നോക്കി ഓരോ ഹോട്ടലുകളിലേക്ക് കൊണ്ടുപോവുകയാണ്. ചിലയിടങ്ങളിൽ മുറിക്കുള്ളിലെ ഹീറ്റർ പ്രവർത്തിക്കുന്നില്ല എന്നൊരു പരാതിയും ഉയർന്നിരുന്നു. അതുമാത്രമല്ല, പ്രായം കൂടിയവർ ഉണ്ടെങ്കിൽ പോലും, കള്ളവണ്ടിക്കാരുടെ മെനുവിൽ ഉള്ളതുപോലെ കോവിഡ് വാക്സിൻ ഇവർക്കില്ല.