ലണ്ടൻ: പുതിയതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ ആഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ കുറവ് ദൃശ്യമായപ്പോൾ മരണനിരക്കിൽ ഉണ്ടായത് 16 ശതമാനത്തിന്റെ കുറവാണ്. 2,491 പേർക്കാണ് ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. 45 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നത് രോഗവ്യാപനത്തിന് ആക്കം കൂട്ടുമെന്ന ഭയം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗവ്യാപനതോതിൽ കുറവു തന്നെയാണ് കാണപ്പെടുന്നത്.

അതേസമയം, സാമൂഹ്യ ജീവിതം തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി റൂൾ ഓഫ് സിക്സ് വീണ്ടും പ്രാബല്യത്തിൽ വരുത്തി. ഈസ്റ്റർ ഒഴിവുദിനങ്ങളിലെ ഒത്തുചേരലുകൾ രോഗവ്യാപനത്തിന് ആക്കം കൂട്ടി എന്നതിന് പ്രത്യക്ഷ്യത്തിൽ തെളിവുകൾ ഒന്നുംതന്നെയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. എന്നിരുന്നാലും യഥാർത്ഥ വസ്തുത അറിയുവാൻ ഇനിയും ഒരാഴ്‌ച്ച കൂടി കാക്കേണ്ടതുണ്ടെന്നും അവർ പറയുന്നു.

തിങ്കളാച്ച മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിലായിരുന്നു. ഇതനുസരിച്ച് പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും വാതില്പുറയിടങ്ങളിൽ അവരുടെ സേവനം ലഭ്യമാക്കാനാകും. മാത്രമല്ല, ജിമ്മുകൾ, ഹെയർ ഡ്രസ്സിങ് സലൂണുകൾ എന്നിവയ്ക്ക് തുറന്ന് പ്രവർത്തിക്കാനുമാകും. ഈ ഇളവുകൾ, രോഗവ്യാപനത്തിന് ആക്കം കൂട്ടുമെന്നാണ് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയിലെ ഉന്നത ശാസ്ത്രജ്ഞർ പറയുന്നത്.

അതേസമയം കെയർ ഹോമിലേ ജീവനക്കാർക്ക് വാക്സിൻ നിർബന്ധമാക്കുവാൻ സർക്കാർ ആലോചിക്കുന്നതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകൊക്ക് പറഞ്ഞു. കോവിഡ് ഏറ്റവും അപകടകരമായ വിധത്തിൽ ബാധിക്കാൻ ഇടയുള്ള വൃദ്ധരെ ശുശ്രൂഷിക്കുന്നവർ തീർച്ചയായും വാക്സിൻ എടുത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ എടുക്കാത്തവർക്ക് ജോലി നൽകില്ലെന്ന് ഈ രംഗത്തെ പ്രമുഖർ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വാക്സിൻ നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ഇത്തരത്തിലൊരു നീക്കം നടക്കുന്നു എന്ന വാർത്ത കഴിഞ്ഞയാഴ്‌ച്ച ചോർന്നപ്പോൾ തന്നെ പ്രതിഷേധങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇപ്പോൽ ആരോഗ്യവകുപ്പ് ഈ രംഗത്തെ പ്രമുഖരുമായി ഇക്കാര്യം ചർച്ചചെയ്യുകയാണ്. അതിനു ശേഷം മാത്രമായിരിക്കും അവസാന തീരുമാനം ഉണ്ടാവുക. വാക്സിൻ എടുക്കാൻ വിസമ്മതിക്കുന്ന കെയർ ഹോം ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതുൾപ്പടെയുള്ള നടപടികൾ ആലോചനയിലുണ്ടെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ കണക്കുകൾ പ്രകാരം ഇനിയും 78.9 ശതമാനം കെയർഹോം ജീവനക്കാർക്ക് വാക്സിൻ നല്കേണ്ടതുണ്ട്. ഏകദേശം 1 ലക്ഷത്തോളം വരും വാക്സിൻ എടുക്കാത്ത കെയർഹോം ജീവനക്കാരുടെ എണ്ണം. പകുതിയിലധികം കെയർഹോമുകൾ ജീവനക്കാരുടെ വാക്സിന് വലിയ പ്രാധാന്യം നൽകുന്നില്ലെന്ന് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വകുപ്പും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

കെയർഹോമുകളിൽ, കൊവിഡിനെതിരെ ഏറ്റവും കുറഞ്ഞ തോതിലുള്ള പ്രതിരോധം ഏർപ്പെടുത്തുന്നതിന് കുറഞ്ഞത് 80 ശതമാനം ജീവനക്കാരും 90 ശതമാനം അന്തേവാസികളും വാക്സിൻ എടുത്തിരിക്കണമെന്നാണ് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി പറയുന്നത്. കെയർഹോം ജീവനക്കാരിൽ ഭൂരിഭാഗവും കുറഞ്ഞ വിദ്യാഭ്യാസമുള്ളവരും ന്യുനപക്ഷ വംശങ്ങളിൽ നിന്നുള്ളവരുമാണ്. ഇതാണ് ഇവിടെ വാക്സിന്റെ തോത് കുറയാൻ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.