ലണ്ടൻ: ബോറിസ് ജോൺസന്റെ കണക്കുകൂട്ടൽ പിഴച്ചില്ലെന്ന് കണക്കുകൾ തെളിയിക്കുന്നു. തുടർച്ചയായ അഞ്ചാം ദിവസവും കോവിഡ് വ്യാപന തോത് താഴോട്ട് പോകുമ്പോൾ ഈ രംഗത്തെ വിദഗ്ദർ പറയുന്നത് ബ്രിട്ടൻ മൂന്നാം തരംഗത്തിന്റെ മൂർദ്ധന്യഘട്ടം അതിജീവിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ്. കഴിഞ്ഞ ഞായറാഴ്‌ച്ച 49,000 ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഇന്നലെ ബ്രിട്ടനിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത് 29,173 പേർക്ക് മാത്രമാണ്. ജൂലായ് 6 ന് ശേഷം ഇതാദ്യമായി പ്രതിദിനം രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 30,000 ൽ താഴെ എത്തിയപ്പോൾ മരണസംഖ്യ 28 ആണ്ൽ കഴിഞ്ഞ ഞായറാഴ്‌ച്ച ഇത് 26 ആയിരുന്നു.

നിരവധി വിദഗ്ദർ, സമീപഭാവിയിൽ കടുത്ത രോഗവ്യാപനമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, നിലവിലെ കണക്കുകൾ കാണിക്കുന്നത് തീർത്തും വിപരീതമായ ഒന്നാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ഏഞ്ചലിയയിലെ പ്രൊഫസർപോൾ ഹണ്ടർ പറയുന്നു. തുടർച്ചയായ അഞ്ച് ദിവസം രോഗവ്യാപനം കുറയുക എന്നത് തികച്ചും ശുഭകരമായ ഒരു കാര്യം തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. രോഗവ്യാപന തോതിൽ ഇനി ഒരു ഉയർച്ചയ്ക്ക് സാധ്യതയില്ലെന്നു പറഞ്ഞ അദ്ദേഹം, അഥവാ ഇനി ഉണ്ടാവുകയാണെങ്കിൽ തന്നെ അത് തീർത്തും അവഗണിക്കാവുന്നത്ര ചെറിയ വർദ്ധനവ് ആയിരിക്കുമെന്നും പറയുന്നു.

ശൈത്യകാലത്ത് ആഞ്ഞടിച്ച കൊറോണ തരംഗത്തിലും ഇപ്പോഴത്തേതിനു തുല്യമായ രോഗവ്യാപന തോത് ആയിരുന്നു. എന്നാൽ, മരണനിരക്ക് ഇന്നത്തേതിനേക്കാൾ 27 മടങ്ങും ചികിത്സതേടി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ഒമ്പത് ഇരട്ടിയും ആയിരുന്നു.മറ്റൊരു വിധത്തിൽ പറഞ്ഞാൽ കഴിഞ്ഞ തരംഗകാലത്ത് ഓരോ പുതിയ 10,000 കേസുകളിലും 2,312 പേർ വീതം വെന്റിലേറ്ററിൽ ചികിത്സതേടിയപ്പോൾ നിലവിൽ അത് 10,000 പേർക്ക് 125 രോഗികൾ എന്ന നിലയിലാണ്.

കഴിഞ്ഞ കൊറോണ തരംഗകാലത്ത് 28.9 ശതമാനം പേർക്ക് മാത്രമായിരുന്നു വാക്സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചിരുന്നതെങ്കിൽ നിലവിൽ 87.6 ശതമാനം പേർക്ക് അത് ലഭിച്ചിട്ടുണ്ട്. ഈ വ്യത്യാസം കൃത്യമായി സ്ഥിതിവിവരക്കണക്കുകളിൽ പ്രതിഫലിക്കുന്നതാണ് മരണനിരക്കും ആശുപത്രികളിൽ എത്തപ്പെടുന്നവരുടെ നിരക്കും കാര്യമായി തന്നെ കുറയുവാൻ കാരണമായിട്ടുള്ളത്. ഈ മാസം ആദ്യമുണ്ടായ രോഗവ്യാപനത്തിലെ വർദ്ധനയ്ക്ക് ഭാഗികമായിട്ടാണെങ്കിൽ പോലും യൂറോകപ്പ് ഒരു കാരണമായിരുന്നു. വീടുകളിലും മറ്റും കളി കാണുവാൻ ക്രമതീതമായി ആളുകൾ കൂട്ടം കൂടിയിരുന്നു.

എന്നിട്ടും, കഴിഞ്ഞ തരംഗത്തിന്റെയത്ര ഭീകരാവസ്ഥ ഉണ്ടാകാഞ്ഞത് വാക്സിന്റെ ഫലസിദ്ദിഖ് നല്ലൊരു ഉദാഹരണമാണ്. ഡെൽറ്റ വകഭേദം ഏതാണ്ട് അടങ്ങിയ മട്ടാണ് എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. രോഗവ്യാപനത്തിന്റെ സ്വഭാവം അറിയുവാൻ വിശകലനം ചെയ്യുന്ന കഴിഞ്ഞ ഏഴുദിവസത്തെ കോവിഡ് വ്യാപന തോത് കാണിക്കുന്നത് അതാണ്. എന്നാൽ, വേനലവധിക്കാലമായതിനാൽ, വളരെ കുറച്ച് സ്‌കൂൾ വിദ്യാർത്ഥികൾ മാത്രമേ രോഗ പരിശോധനക്ക് വിധേയരാകുന്നുള്ളു എന്നതും രോഗവ്യാപനതോത് കുറയുവാൻ ഒരു കാരണമായിട്ടുണ്ടാകാം എന്നാണ് മറ്റുചിലർ പറയുന്നത്.