ലണ്ടൻ: ദൗത്യം നിറവേറ്റിക്കഴിഞ്ഞു എന്ന് ബോദ്ധ്യംവന്നതിനാലാണോ അതോ ആധുനിക ശാസ്ത്രത്തിനു മുന്നിൽ ഇനിയും പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ബോദ്ധ്യം വന്നതിനാലാണോ, ഏതായാലും കൊറോണ പതിയെ പിൻവാങ്ങുകയാണെന്ന സൂചനയാണ് ബ്രിട്ടനിൽ നിന്നും ലഭിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ചിട്ടും തുടർച്ചയായ ഏഴാം ദിവസവും കോവിഡ് വ്യാപന നിരക്ക് ബ്രിട്ടനിൽ കുത്തനെ ഇടിയുകയാണ്. കഴിഞ്ഞയാഴ്‌ച്ചയിലേതിന്റെ പകുതിമാത്രമാണ് രോഗവ്യാപന തോത് ഇപ്പോൾ.

കോവിഡിൽ നിന്നും മുക്തി നേടി എന്ന് തീരുമാനിക്കാൻ സമയമായിട്ടില്ലെന്ന് ബോറിസ് ജോൺസൺ പറയുമ്പോഴും അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ മിക്കവർക്കും മറിച്ചൊരു അഭിപ്രായമാണുള്ളത്. 80 ശതമാനത്തിലധികം പേർ വാക്സിനെടുത്തുകഴിഞ്ഞു. രോഗം ബാധിച്ച് സുഖപ്പെടുക വഴി പ്രതിരോധശേഷി ആർജ്ജിച്ചവർ വേറെ. ഇപ്പോൾ ഇരയെ കണ്ടെത്താനാകാതെ വൈറസ് വിഷമിക്കുകയാണെന്നാണ് ചില ഭരണകക്ഷി എം പിമാർ തന്നെ പറയുന്നത്.

ഏതു നിമിഷവും വന്നെത്തിയേക്കാവുന്ന, ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദങ്ങളെ കുറിച്ച് സദാസമയവും ജാഗരൂകരായിരിക്കണം. അതൊഴിച്ചാൽ കോവിഡ് പ്രതിസന്ധി ഏതാണ്ട് അവസാനിച്ചുകഴിഞ്ഞു എന്നാണ് ഒരു മന്ത്രി ഇന്നലെ പറഞ്ഞത്. തുടർന്നുള്ള ജീവിതശൈലിയിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കാം. ഒരുപക്ഷെ, ഇടയ്ക്കിടയ്ക്ക് രോഗ പരിശോധന നടത്തേണ്ടതായി വന്നേക്കാം. അതല്ലാതെ വൻഭീഷണി ഉയർത്താനുള്ള കൊറോണയുടെ കെല്പ് ഇല്ലാതെയായിക്കഴിഞ്ഞു എന്നും അദ്ദേഹം പറയുന്നു.

ഏകദേശം 90 ശതമാനത്തോളം പ്രായപൂർത്തിയായവർക്ക് പ്രതിരോധ കുത്തിവയ്പ് ലഭിച്ച സാഹചര്യത്തിൽ ബ്രിട്ടൻ സമൂഹ പ്രതിരോധം (ഹേർഡ് ഇമ്മ്യുണിറ്റി) നേടിക്കഴിഞ്ഞു എന്നും അദ്ദേഹം അവകാശപ്പെടുന്നു. ലോക്ക്ഡൗണിലേക്ക് ബ്രിട്ടനെ നയിച്ച റിപ്പോർട്ടിന്റെ ഉടമയായ പ്രൊഫസർ നീൽ ഫെർഗുസണും ഇപ്പോൾ പറയുന്നത് തനിക്ക് ശുഭാപ്തിവിശ്വാസം വർദ്ധിച്ചു എന്നാണ്. ഇതോടെ വാക്സിന്റെ രണ്ടു ഡോസുകളും ലഭിച്ച വ്യക്തികളെ ഓഗസ്റ്റ് 16 മുതൽ സെൽഫ് ഐസൊലേഷനിൽ നിന്നും ഒഴിവാക്കുവാനുള്ള നീക്കത്തിന് ഇനി തടസ്സമൊന്നുമില്ലെന്ന് മുൻ ടോറി നേതാവ് ഡൻകൻ സ്മിത്ത് പറഞ്ഞു.

വാക്സിൻ ഫലവത്താണെന്ന് തെളിഞ്ഞു കഴിഞ്ഞു. അത്തരം സാഹചര്യത്തിൽ സമ്പദ്ഘടനയുടെ വളർച്ചയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ എൻ എച്ച് എസ് ആപ്പ് സെൽഫ് ഐസൊലേഷനിൽ പോകണമെന്ന് നിർദ്ദേശിക്കുന്നത് ഇനി കാര്യമാക്കേണ്ടെന്ന അഭിപ്രായമാണ് മിക്കവർക്കും ഉള്ളത്. പിങ്ഡെമിക് എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഈ നിർദ്ദേശം ഉണ്ടാക്കുന്ന ആഘാതം ചാൻസലർ ഋഷി സുനാക് ഉൾപ്പടെയുള്ളവർ നന്നായി മനസ്സിലാക്കുന്നുമുണ്ട്.

പ്രധാനമന്ത്രി ബോറിസ് ജോൺസനും ഇതിനോട് യോജിക്കുന്നുവെങ്കിലും തത്ക്കാലം ആപ്പിന്റെ നിർദ്ദേശം അനുസരിക്കുവാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. രോഗവ്യാപനം കുറയുനതിൽ അമിതമായ ആത്മവിശ്വാസം അരുതെന്നും അമിതാവേശത്തോടെ എടുത്തുചാടരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. രോഗം ആദ്യമായി കണ്ടെത്തിയതിനു ശേഷം ഇതാദ്യമായാണ് തുടർച്ചയായി ഏഴു ദിവസങ്ങളിൽ രോഗവ്യാപനത്തിൽ കുറവ് കാണപ്പെടുന്നത്. ഇത് തീർച്ചയായും ശുഭകരമായ കാര്യവുമാണ്.

രോഗവ്യാപന തോത് വർദ്ധിക്കുമെന്നും, പ്രതിദിനം ഒരുലക്ഷം പേർ വീതം രോഗബാധിതരാകുന്ന സാഹചര്യം ഉണ്ടാകുമെന്നുമൊക്കെ പ്രവചിച്ച വിദഗ്ദരിൽ പലരും വരുന്ന ശരത്ക്കാലത്തോടെ കോവിഡ് ഒരു ഓർമ്മയായി മാറുമെന്ന വികാരമാണ് ഇപ്പോൾ പങ്കുവയ്ക്കുന്നത്. എത്രയും കൂടുതൽ ആളുകൾക്ക് വാക്സിൻ ലഭിക്കുന്നുവോ അത്രയും കോവിഡിന്റെ പ്രഹര ശക്തി കുറയും എന്നാണ് ഇവർ പറയുന്നത്. അതേസമയം കോവിഡ് ആപ്പിന്റെ സെൽഫ് ഐസൊലേഷൻ നിർദ്ദേശത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

നിത്യേനയുള്ള രോഗ പരിശോധന സെൽഫ് ഐസൊലേഷന് തുല്യമാണെന്ന അഭിപ്രായമാണ് ആരോഗ്യ രംഗത്തുള്ളവർക്കുള്ളത്. മാത്രമല്ല, ഇതുമൂലം അനാവശ്യമായി ആളുകൾ സെൽഫ് ഐസൊലേഷനിൽ പോകുന്നത് ഒഴിവാക്കാൻ കഴിയും. ബ്രിട്ടൻ കോവിഡിനെ തുരത്തി പഴയ ജീവിതത്തിലേക്ക് മടങ്ങാൻ ആരംഭിച്ചതോടെ അന്താരാഷ്ട്ര നാണയ നിധിയും ബ്രിട്ടന്റെ പുരോഗതി പ്രഖ്യാപിച്ച് രംഗത്തെത്തി. ഈ വർഷം തന്നെ ബ്രിട്ടൻ 7 ശതമാനം വളർച്ച രേഖപ്പെടുത്തി തകർച്ചയിൽ നിന്നും കരകയറും എന്നാണ് ഐ എം എഫ് പ്രവചിക്കുന്നത്.